ADVERTISEMENT

ഭൂമിയുടെ ശ്വാസകോശമെന്നാണു തെക്കൻ അമേരിക്കയിലെ ഇടതൂർന്ന ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. ഇടക്കാലത്ത് ആമസോണിലെ വനബാഹുല്യം കുറഞ്ഞുവരുന്നത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ആമസോൺ സംബന്ധിച്ച ഓരോ വാർത്തയും ലോകത്തിനു മുഴുവൻ താൽപര്യമുള്ളതാണ്. 

ഇപ്പോഴിതാ ആമസോണിന്റെ ആരോഗ്യം സംബന്ധിച്ച് ഒരു സന്തോഷവാർത്ത. 5 വർഷങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ തോതിലേക്ക് ബ്രസീലിലെ ആമസോൺ ഭാഗങ്ങളിലെ നശീകരണം എത്തിയതായാണ് പുതിയ വാർത്ത. ബ്രസീലിൽ ഭൂരിഭാഗവും തൊട്ടടുത്തുള്ള ചില രാജ്യങ്ങളിൽ ബാക്കി ഭാഗവും സ്ഥിതി ചെയ്യുന്ന ഈ മഴക്കാടുകൾ ഗംഭീരമായ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. എന്നാൽ വനംകൊള്ളയും കാട് വെട്ടിത്തെളിച്ച് നടത്തുന്ന അനധികൃത കൃഷിയും ആമസോണിനെ പരുങ്ങലിലാക്കിയിരുന്നു.

ബ്രസീൽ നാഷനൽ സ്പേസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റ വിലയിരുത്തിയാണ് വിദഗ്ധർ ഈ അനുമാനത്തിലെത്തിയത്. 2002 ഓഗസ്റ്റ് മുതൽ കഴിഞ്ഞ വർഷം ഏപ്രിൽ വരെ വനനശീകരണത്തോത് പകുതിയായി കുറഞ്ഞെന്നും കണ്ടെത്തിയിരുന്നു. മനുഷ്യപ്രവർത്തനങ്ങൾക്ക് പുറമേ കഴിഞ്ഞവർഷം ഉടലെടുത്ത വരൾച്ചയും ആമസോണിന്റെ സ്ഥിതി ആശങ്കാകുലമാക്കിയിരുന്നു.

ബ്രസീലിലാണു കൂടുതലെങ്കിലും ഇക്വഡോറിലും നല്ലരീതിയിൽ ആമസോൺ പ്രദേശങ്ങളുണ്ട്. ഇവിടം എണ്ണ നിക്ഷേപത്താൽ സമ്പന്നവുമാണ്. 1996ൽ ഇതു ഖനനം ചെയ്യാനായി സർക്കാർ പെട്രോഇക്വഡോർ, സിജിസി തുടങ്ങിയ വമ്പൻ കമ്പനികളെ കരാറേൽപിച്ചു. അനധികൃതഖനനം ബ്രസീലിലെ ആമസോണിന്റെ സന്തുലിതാവസ്ഥയെയും തകിടം മറിച്ചിരുന്നു. 

Representational Image
Representational Image

ഗാരിംപെറോസ് എന്നാണ് ആമസോണിലെ അനധികൃത ഖനനക്കാർ അറിയപ്പെടുന്നത്. കാസിറ്ററൈറ്റ് എന്ന അയിരാണ് ഇവർ ആമസോണിൽ നിന്നു ഖനനം ചെയ്തെടുക്കുന്നത്. കറുത്ത സ്വർണമെന്നും വിളിപ്പേരുള്ള ഇത് ഖനന മാഫിയ കച്ചവടക്കാർക്കു വിൽക്കും. ഖനന മാഫിയ ആമസോണിലെ തദ്ദേശീയ ഗോത്രങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ധാരാളമാണ്. ഖനനത്തിന്റെ ബാക്കിപത്രമായി വനത്തിലെ ജലാശയങ്ങളും മലിനമാകുന്നു.

ബ്രസീലിന്റെ മുൻ പ്രസിഡന്റായിരുന്ന ജൈർ ബൊൽസനാരോ ഇത്തരം പ്രവൃത്തികൾക്കു മൗനാനുവാദം കൊടുത്തെന്നെ പേരിൽ ധാരാളം പഴികേട്ടിരുന്നു. ആമസോണിൽ ‌അനധികൃത വേട്ട അന്നു നിർബാധം നടന്നു. ശക്തമായ മാഫിയകളും പിന്നിലുണ്ടായിരുന്നു. എന്നാൽ ബൊൽസനാരോ മാറി ലുല ഡി സിൽവ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആമസോൺ പച്ചപിടിക്കാൻ തുടങ്ങി. ലൂല സർക്കാരിന്റെ നിർദേശപ്രകാരം ഹെലിക്കോപ്റ്ററിലും മറ്റുമായി ബ്രസീലിയൻ സൈന്യം മേഖലയിൽ പട്രോൾ ചെയ്തത് മാഫിയയ്ക്ക് സമ്മർദ്ദമേറ്റി.

കാടുവെട്ടിത്തെളിച്ചുള്ള സോയാബീൻ കൃഷി, ‌പാംഓയിൽ ഉൽപാദനം, കന്നുകാലി വളർത്തൽ എന്നിവയും ആമസോണിൽ വ്യാപകമായുണ്ട്. യൂറോപ്പിലും യുഎസിലുമുള്ള ചില വൻകിട ബാങ്കുകളും ഇത്തരം കൃഷികൾക്കായി ശതകോടിക്കണക്കിനു ഡോളർ ചെലവാക്കുന്നുണ്ടെന്ന് അടുത്തിടെ ആരോപണമുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കാലാവസ്ഥാവ്യതിയാനവും പ്രകൃതിചൂഷണവും തുടർന്നാൽ 2050 ആകുമ്പോഴേക്കും ആമസോൺ വൻരീതിയിൽ നശിക്കുമെന്ന ഭീതി നിലനിൽക്കുന്നു.

ധാരാളം ചെറുപ്പക്കാരുൾപ്പെടെ പരിസ്ഥിതി പ്രവർത്തകർ ആമസോണിന്റെ ആരോഗ്യത്തിനായി വൻ തോതിൽ ക്യാംപെയ്നുകൾ നടത്തുന്നുണ്ട്. ഹെലേന ഗ്വാലിംഗ, അലക്സാൻഡ്ര കൊരാപ്, വാൻഡ വിറ്റോറ്റോ, ഇലെയ്സ് ഫരിയാസ്, മരിനെറ്റ് അൽമെയ്ഡാ തുടങ്ങി ഒട്ടേറെ പ്രശസ്തരും ഇക്കൂട്ടത്തിൽപെടും.

English Summary:

Brazil’s Amazon Rainforest: Deforestation Reaches Historic Lows Sparking Global Optimism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com