ലോകത്തിലെ ഏറ്റവും ചെറിയ പഴം! വലുപ്പം ഒരു ഉപ്പുതരിയോളം
Mail This Article
മനുഷ്യരുടെ ഭക്ഷണഡയറ്റിലെ സജീവ സാന്നിധ്യമാണ് പഴവർഗങ്ങൾ. ലോകം മുഴുവൻ വ്യാപിച്ചിട്ടുള്ള പഴങ്ങളും തദ്ദേശീയമായ പഴങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചക്കയും ചിലയിനം മത്തങ്ങകളുമൊക്കെയാണ് ലോകത്തെ ഏറ്റവും വലിയ പഴവർഗമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ പഴവർഗം ഏതാണ്. മുന്തിരിയൊക്കെയാകും നമ്മളിൽ പലരും സാധാരണമായി കണ്ടിട്ടുള്ള ഏറ്റവും ചെറിയ പഴം. എന്നാൽ ഇതൊന്നുമല്ല ലോകത്തിലെ ഏറ്റവും ചെറിയ പഴം.
ആ പഴത്തിന്റെ പേരാണ് വൊൾഫിയ ഗ്ലോബോസ. ഡക്ക്‌വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഇവയുണ്ടാകുന്നത്. വാട്ടർമീൽ എന്നും വോൾഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ചുരുക്കിപ്പറഞ്ഞാൽ ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്.
ഡക്ക്‌വീഡ് പ്ലാന്റുകൾക്ക് കേവലം ഒരു മില്ലിമീറ്ററൊക്കെയാണ് വലുപ്പം വയ്ക്കുക. പച്ചനിറത്തിലുള്ള തരികൾ പോലെയാണ് ഇവ വെള്ളത്തിൽ കിടക്കുക. തടാകങ്ങളിലും കുളങ്ങളിലുമൊക്കെ നോക്കിയാൽ ഇവയെ കാണാം. ഏഷ്യയിലാണ് ഇവ പ്രധാനമായും ഉള്ളത്. എന്നാൽ അമേരിക്കൻ വൻകരകളുൾപ്പെടെയുള്ളിടങ്ങളിൽ ഇന്ന് ഇവയുടെ സാന്നിധ്യമുണ്ട്. തായ്‌ലൻഡിൽ ഇവ ഫാം എന്നറിയപ്പെടുന്നു. തായ് പാചകരംഗത്ത് സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു പഴം കൂടിയാണ് ഇത്.
ഏഷ്യയിൽ ചില മേഖലകളിൽ വോൾഫിയ ഗ്ലോബോസ പഴങ്ങൾ ഭക്ഷിക്കപ്പെടാറുണ്ട്. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സാണ് ഈ മൈക്രോപ്പഴം. പഴത്തിന്റെ 40 ശതമാനവും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. സോയാബീനിലുള്ളതിനേക്കാൾ കൂടുതലാണ് ഈ പ്രോട്ടീൻ അനുപാതം. വൈറ്റമിൻ ബി ട്വൽവിന്റെ ഒരു കലവറകൂടിയാണ് ഇവ. മൃഗങ്ങൾക്കുള്ള തീറ്റിയായും ഇവ നൽകാറുണ്ട്.