വേനൽമഴ ആർത്തുപെയ്തത് അമ്പലപ്പുഴയിൽ, തൊട്ടുപിന്നാലെ മാവേലിക്കര; ഇനി കാലവർഷത്തിന്റെ ഊഴം
Mail This Article
സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചത് ആലപ്പുഴയിലെ അമ്പലപ്പുഴയിൽ. 1124 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള കണക്കാണിത്. തൊട്ടുപിന്നാലെ മാവേലിക്കരയാണ്. 1107 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പൂഞ്ഞാർ 941, കളമശേരി 933, തിരുവനന്തപുരം എപി 851.2, തിരുവനന്തപുരം സിറ്റി 803.4, പൊന്മുടി 848.5, കോട്ടയം 781.6 മില്ലിമീറ്റർ മഴയും പെയ്തു. ഇത് പ്രദേശിക പ്രദേശങ്ങളുടെ കണക്കാണ്. ജില്ലയടിസ്ഥാനത്തിൽ പരിഗണിക്കുകയാണെങ്കിൽ കോട്ടയം ജില്ലയാണ് മുന്നിൽ.
ബംഗാൾ ഉൾക്കലിൽ ശ്രീലങ്കയ്ക്ക് മുകളിലായി ഉയർന്ന തലത്തിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നിലവിൽ താഴ്ന്ന ഉയർത്തിൽ ദുർബലമായ പടിഞ്ഞാറൻ കാറ്റും ഉയർന്ന തലത്തിൽ കിഴക്കൻ കാറ്റും ശക്തമായി തുടരുന്നതിനാൽ അടുത്ത 1-2 ദിവസങ്ങളിൽ കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസത്തെപോലെ പോലെ അപ്രതീക്ഷിതമായി ചില മേഖലയിൽ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള കൂമ്പാര മേഘങ്ങളുടെ ( Cumulonimbus clouds ) രൂപീകരണം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോടു കൂടിയ മഴയ്ക്കും പ്രാദേശികമായ വെള്ളക്കെട്ടിനും കാരണമായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. മേയ് അവസാനവാരം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നെങ്കിലും ഇതു കരയിലെത്താതെ ദുർബലമാവുകയായിരുന്നു.
കനത്തമഴയിൽ പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.