പ്രകൃതി നിർമിച്ച ‘ലവ് ടണൽ’: കമിതാക്കൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്ന് വിശ്വാസം
Mail This Article
യുക്രെയ്ൻ... ഇന്നു വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ രാജ്യം. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഈ രാജ്യത്തിൽ വലിയ യുദ്ധം നടക്കുന്നു. റഷ്യയാണ് യുക്രെയ്‌നുമായി യുദ്ധം ചെയ്യുന്നത്. രണ്ടുവർഷം പിന്നിട്ടുകഴിഞ്ഞു ഈ യുദ്ധം.
ചെർണോബിൽ ആണവ അപകടം ഉൾപ്പെടെ വർത്തമാനകാലത്തെ പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുള്ള യുക്രെയ്‌ന് മനോഹരമായ പ്രകൃതിയാണ്. മലനിരകളും തടാകങ്ങളും ദേശീയോദ്യാനങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന രാജ്യം. ഇവിടത്തെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രശസ്തമാണ് ലവ് ടണൽ അഥവാ പ്രണയതുരങ്കം.
കാട്ടിനുള്ളിൽ ഒരു റെയിൽവേ ലൈൻ. നാലുകിലോമീറ്ററോളം നീളമുണ്ട് ഇതിന്. ഇതിനെച്ചുറ്റി ഒരു തുരങ്കം. ഇതിനെന്താണിത്ര പ്രത്യേകത എന്നല്ലേ. ഈ തുരങ്കം നിർമിച്ചിരിക്കുന്നത് കല്ലോ സിമന്റോ ഒന്നും ഉപയോഗിച്ചല്ല, മറിച്ച് മരങ്ങൾകൊണ്ടാണ്. എൻജിനീയർമാർ ഡിസൈൻ തയാറാക്കി തൊഴിലാളികൾ പണിയെടുത്തുണ്ടാക്കിയതല്ല ഈ തുരങ്കം. പ്രണയതുരങ്കം നിർമിച്ചത് പ്രകൃതി തന്നെയാണ്. പച്ചപ്പ് പൊതിഞ്ഞുനിൽക്കുന്ന ഈ ഇടനാഴി ചേതോഹരമാണ്.
യുക്രെയ്‌നിലെ റിവ്‌നെ മേഖലയിലുള്ള ക്ലെവാൻ ഗ്രാമത്തിലാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. നാൽപതുകളിൽ ശീതയുദ്ധകാലത്ത് ഇവിടത്തെ നിബിഡവനത്തിനുള്ളിൽ ഒരു രഹസ്യ സൈനികതാവളം സോവിയറ്റ് യൂണിയൻ സ്ഥാപിച്ചു. ഇതിനെ അടുത്തുള്ളൊരു ഫാക്ടറിയുമായി ബന്ധിപ്പിക്കാനാണ് റെയിൽവേ ലൈൻ തയാറാക്കിയത്. ശത്രുക്കൾ ഇതു കണ്ടുപിടിക്കാതിരിക്കാനായി റെയിൽവേ ട്രാക്കിനിരുവശത്തും മരങ്ങൾ സ്ഥാപിച്ചു. കാലക്രമേണ ഈ മരങ്ങൾ റെയിൽവേ ട്രാക്കിനെ പൊതിഞ്ഞു വളർന്നു. ഒരു തുരങ്കത്തിന്‌റെ ആകൃതിയിൽ. ദിവസേന ഇതുവഴി ഒരു ഗുഡ്‌സ് ട്രെയിൻ പോകുന്നതിനാൽ തുരങ്കത്തിനുള്ളിലേക്ക് മരങ്ങളുടെ ശാഖകൾ വളർന്ന് ആകൃതി നഷ്ടപ്പെടാതെ ഇതു തുരങ്കത്തിന്‌റെ ആകൃതിയിൽ തന്നെ നിന്നു.
പിൽക്കാലത്ത് ശീതയുദ്ധം തീർന്നു. സോവിയറ്റ് യൂണിയൻ വിഘടിച്ചു, യുക്രെയ്ൻ ഒരു സ്വതന്ത്രരാജ്യമായി.ലവ് ടണൽ വിനോദസഞ്ചാരികളുടെ ഒരു പ്രിയകേന്ദ്രവുമായി.
പല സീസണുകളിൽ ഈ ടണലിലെ മരങ്ങൾക്ക് പല നിറത്തിലുള്ള ഇലകൾ വരുന്നത് ലവ്ടണലിന്‌റെ ചാരുത കൂട്ടും. ഇതിനുള്ളിൽ വച്ച് കമിതാക്കൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നുള്ള വിശ്വാസവും ഇതിനിടെ ശക്തമായി. ഇതു കാരണം കൊണ്ടുതന്നെ പ്രണയിക്കുന്നവരാണ് ഇവിടെ വരുന്നവരിലധികവും. ഇന്നും ഇതിലൂടെ രണ്ട് തവണ ഒരു ട്രെയിൻ ഓടുന്നുണ്ട്.
യുക്രെയ്ൻ തലസ്ഥാനനഗരമായ കീവിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് റിവ്‌നെ. ലോകപ്രശസ്തമായ ഒരു മൃഗശാലയും ഈ മേഖലയിലുണ്ട്. പരിസ്ഥിതിയും മനുഷ്യപ്രവർത്തനങ്ങൾക്കും ഒത്തുപോകാമെന്നുള്ളതിന്‌റെ വലിയൊരു ഉദാഹരണമായിട്ടാണ് ഈ ടണൽ ചൂണ്ടിക്കാട്ടപ്പെടുന്നത്. പരിസ്ഥിതിദിനത്തിൽ ഈ ടണൽ നൽകുന്ന സന്ദേശം നമുക്കോർക്കാം.