ADVERTISEMENT

ശത്രുക്കളിൽ നിന്നും വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനും, ചിലപ്പോഴെങ്കിലും ഇര പിടിക്കാനും ചത്ത പോലെയും, ശരീരം അനക്കാതെയും ഒക്കെ കിടക്കുന്ന ജീവികളുണ്ട്. അതാത് ജീവികൾ ജീവിക്കുന്ന സാഹചര്യങ്ങൾക്കും, ജൈവവ്യവസ്ഥയ്ക്കും അനുസൃതമായി ഉരുത്തിരിഞ്ഞതാണ് ഈ അതിജീവന മാർഗങ്ങൾ. പാമ്പുകളെ കാണുമ്പോഴും, അവയുടെ സാമീപ്യം അനുഭവപ്പെടുമ്പോഴും മറ്റ് ജീവികൾ പൊതുവെ ഭയപ്പെടാറുണ്ട്. മറഞ്ഞിരിക്കാനുള്ള കഴിവും, കൊടിയ വിഷത്തിന്റെ അളവുമാണ് ഇവയെ ഭയപ്പെടാനുള്ള കാരണം. 

എന്നാൽ പാമ്പുകളും മറ്റേത് ജീവികളെയും പോലെ, ഭയത്തോടെ തന്നെയാണ് ജീവിക്കുന്നുവെന്നാണ് വസ്തുത. ഈ ഭയപ്പാട് കൊണ്ട് തന്നെയാണ് പത്തി വിടർത്തിയും, ചീറ്റിയും ജീവികളെ അകറ്റി നിർത്താൻ ശ്രമിക്കുന്നത്. ഇതുകൂടാതെ മിക്ക പാമ്പുകൾക്കും അവ ജീവിക്കുന്ന പരിസരത്തോട് ചേർന്ന് നിന്നുകൊണ്ട് മറഞ്ഞിരിക്കാനുള്ള കഴിവും ഉണ്ട്.  ഇത്തരം മാർഗ്ഗങ്ങൾ ഒന്നും ഏൽക്കാതെ വരുമ്പോൾ ചില പാമ്പുകളെങ്കിലും പത്തൊൻപതാമത്തെ അടവ് എടുക്കാറുണ്ട്. ഈ പത്തൊൻപതാമത്തെ അടവാണ് പാമ്പുകളിലെ അഭിനയ സിംഹങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ചത്ത പോലെ കിടക്കുകയാണ് ഈ പാമ്പുകൾ ചെയ്യുക. പല ഇനങ്ങളിൽ പെട്ട പാമ്പുകൾക്കും ഇങ്ങനെ ചത്ത പോലെ അഭിനയിച്ച് ശത്രുക്കളെ കബളിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിൽ ഓരോ പാമ്പുകളുടെ രീതിയും വ്യത്യസ്തമാണ്. പരുക്കേറ്റതുപോലെ മലർന്ന് കിടന്ന് ചുരുണ്ട ശേഷം ചത്ത പോലെ അഭിനയിക്കുന്നത് മുതൽ, ചോര ഛർദ്ദിച്ച് കൂടുതൽ സ്വാഭാവികത കൊണ്ടുവരുന്ന പാമ്പിനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.

(Photo:X/@miriamtzipporah)
ഹോഗ് നോസ്ഡ് (Photo:X/@miriamtzipporah)

യൂറേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഡൈസ് സ്നേക്ക് എന്ന വിഭാഗത്തിൽ പെട്ട പാമ്പുകളാണ് അഭിനയിക്കുന്നതിൽ വിരുതന്മാർ. വെറുതെ ചത്ത പോലെ കിടക്കുന്നതിനൊപ്പം, വിസർജിക്കും. കൂടാതെ ഒരു തരം ദുർഗന്ധവും ഇവ വമിപ്പിക്കും. എന്നിട്ടും ശത്രു സംശയിച്ച് നിൽക്കുന്നത് കണ്ടാൽ വായിൽ നിന്ന് ചോര ഒഴുക്കി മരണം അഭിനയിക്കുന്നതിന് ഒന്നു കൂടി പൂർണ്ണത വരുത്തും. ചോര കൂടി കാണുന്നതോടെ ഏതൊരു ശത്രുവും വേട്ടക്കാരായ ജീവിയും സ്ഥലം കാലിയാക്കും.

അഭിനയത്തിന് പിന്നിലെ രസതന്ത്രം

കണ്ടുനിൽക്കുന്നവർക്ക് അൽപം കടന്ന കയ്യായി ഈ അഭിനയം തോന്നാമെങ്കിലും പാമ്പുകളുടെ ഈ അഭിനയത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ ഈ അഭിനയത്തിന്റെ ആവശ്യകത കൂടി വിശദീകരിക്കുന്നുണ്ട്. ഒരു വേട്ടക്കാരനോ, ശത്രുവോ ആയ ജീവി മുന്നിലെത്തുമ്പോൾ പല ഘട്ടങ്ങളിലായാണ് ഓരോ ഭയപ്പെടുത്തൽ വിദ്യകളും ഇത്തരം പാമ്പുകൾ പുറത്തെടുക്കുക എന്ന് ഗവേഷകർ പറയുന്നു. അത് ശത്രുവിന്റെ വലിപ്പവും, ആക്രമണ സ്വഭാവവും എല്ലാം അനുസരിച്ചിരിക്കും. ചില വേട്ടക്കാരായ ജീവികൾ ചത്ത് മലച്ച് കിടക്കുന്നത് കാണുമ്പോൾ തന്നെ പാമ്പുകളെ ഉപേക്ഷിച്ച് പോകും. എന്നാൽ ചിലവ ചത്ത പോലെ കിടന്നാലും വീണ്ടും അടുത്ത് വരാനും, തട്ടാനും, മണത്ത് നോക്കാനുമൊക്കെ ശ്രമിക്കും. ഈ സമയത്താണ് പാമ്പുകൾക്ക് അമിതാഭിനയം ആവശ്യമായി വരുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നു.

ഡൈസ് പാമ്പുകളുടേതിന് സമാനമായ മാർഗം തന്നെയാണ് ഈസ്റ്റേൺ ഹോഗ് നോസ്ഡ് എന്ന ഓസ്ട്രേലിയൻ പാമ്പും സ്വീകരിക്കുന്നത്. മലർന്ന് കിടന്ന് മരിച്ച പോലെ അഭിനയിക്കുന്ന അവ പക്ഷെ വിസർജ്ജിക്കുന്നതിന് പകരെ ഛർദ്ദിക്കുകയാണ് ചെയ്യുക. തുടർന്ന് അതിയായ ദുർഗന്ധം കൂടി വമിപ്പിക്കുന്നതോടെ അടവുകൾ പൂർത്തിയാകും. ഈസ്റ്റൺ ഹോഗ് നോസ്ഡ് പാമ്പുകളുടെ കാര്യത്തിൽ അവസാന ഘട്ടം വരെ മിക്കപ്പോഴും ശത്രുക്കൾ പിടിച്ച് നിൽക്കാറില്ല. ഛർദ്ദിലിന്റെ മണത്തിൽ കൂടി തന്നെ ഇവ ശത്രുക്കളെ ഓടിക്കാറാണ് പതിവ്.

ഡൈസ് പാമ്പുകളിലെ പഠനം

ഡൈസ് ഇനത്തിൽ പെട്ട പാമ്പുകൾ, യൂറോപ്പ്, വടക്കൻ ആഫ്രിക്ക, ചൈന തുടങ്ങിയ മേഖലകളിൽ കാണപ്പെടുന്ന നീർക്കോലിക്ക് സമാനമായ ഒരു പാമ്പാണ്. വാട്ടർ സ്നേക്ക് എന്ന ഇനത്തിൽ പെടുന്നവയാണ് ഈ പാമ്പുകൾ. ഗ്രീസിലെ മാസിഡോണിയാ മേഖലയിൽ ഈ ഇനത്തിൽ പെടുന്ന 264 പാമ്പുകളിൽ ശത്രുക്കളെ പ്രതിരോധിക്കാനുള്ള ഇവയുടെ അടവുകളെ പറ്റി പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ പകുതിയോളം പാമ്പുകളും ഇങ്ങനെ പ്രതിരോധ ശ്രമത്തിനിടയിൽ വിസർജനം നടത്തിയതായി കണ്ടെത്തി. അതേസമയം 24  പാമ്പുകളാണ് വായിൽ കൂടി ചോര തുപ്പി, അഭിനയത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയത്.

മൂന്ന്  ഘട്ടമായാണ് പാമ്പുകളുടെ ഈ മരണാഭിനയത്തെ ഗവേഷകർ തിരിച്ചിരിക്കുന്നത്. മസ്കിങ് എന്ന ആദ്യഘട്ടത്തിൽ ചുരുണ്ട് കിടന്ന് ശത്രുവിൽ നിന്ന് സ്വയരക്ഷക്ക് തയ്യാറെടുക്കുകയാണ് പാമ്പുകൾ ചെയ്യുക. ഡെത്ത് ഫീനിംഗ് അഥവാ മരിച്ച പോലെ അഭിനയിക്കുക എന്നതാണ് രണ്ടാം ഘട്ടം. ഓട്ടോ ഹെമറേജിംഗ് അഥവാ രക്തം ഛർദ്ദിക്കുക എന്നതാണ് മൂന്നാമത്തെ ഘട്ടം. വിസർജിക്കുന്നതും, ദുർഗന്ധം പുറപ്പെടുവിക്കുന്നതും എല്ലാം രണ്ടാം ഘട്ടത്തിൽ തന്നെ ഈ പാമ്പുകൾ ചെയ്യും. പക്ഷെ എത്രയൊക്കെ അഭിനയിച്ചാലും എല്ലാ സമയവും വേട്ടക്കാരായ ജീവികളിൽ നിന്ന് രക്ഷപെടാൻ ഈ പാമ്പുകൾക്കും കഴിയാറില്ല.

English Summary:

Survival Strategies: How Motionless Creatures and Snakes Evade Predators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com