കടന്നാക്രമിക്കാൻ കടൽ ! ഒരു ദ്വീപിലെ മുഴുവൻ ആളുകളെയും മാറ്റിപാർപ്പിക്കുന്നു; ചരിത്രത്തിലാദ്യം
Mail This Article
ഇന്ന് സമുദ്രദിനം കൊണ്ടാടുമ്പോൾ ലോകശ്രദ്ധ നേടുകയാണ് പാനമയിലെ ഗുണ ഗോത്രത്തിന്റെ ദുർവിധി. സമുദ്രാക്രമണ ഭീഷണി മൂലം തങ്ങളുടെ ജന്മസ്ഥലമായ പ്രിയ ദ്വീപ് കൈവിട്ട് മാറിത്താമസിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് ഗുണ ഗോത്രം. സമുദ്രഭീഷണി മൂലം ഒരു സമൂഹത്തെ ഒന്നാകെ മാറ്റിത്താമസിപ്പിക്കേണ്ടി വരുന്നത് ഇതാദ്യമായാണ്.
കരീബിയൻ കടലിൽ പാനമയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഗാർഡി സഗ്ഡബാണ് ഗുണ ഗോത്രത്തിന്റെ ദ്വീപ്. ഗോത്രത്തിൽപെട്ട മുന്നൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഇവരാണ് ഇപ്പോൾ മാറിത്താമസിക്കേണ്ട ഗതിയിലെത്തിയിരിക്കുന്നത്. പാനമയിൽ തദ്ദേശീയ സമൂഹങ്ങളുടെ മേഖലയായ ഗുണ യാലയിൽ ഉൾപ്പെട്ട ദ്വീപുകളിൽ അൻപതോളം എണ്ണത്തിൽ താമസക്കാരുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് ഗാർഡി സബ്ഡബ്.400 മീറ്റർ നീളവും 136 മീറ്റർ വീതിയുമുള്ള ഒരു ചെറുദ്വീപാണ് ഇത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കടൽജലം ഉയരുന്നതാണ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. കാലങ്ങളായി ഈ പ്രശ്നം ഇവിടെയുണ്ട്. ഇതുകാരണം ദ്വീപിൽ ഇടയ്ക്കിടെ സമുദ്ര പ്രളയങ്ങളുണ്ടാകുന്നുണ്ട്. സമുദ്രജലം കടന്നുകയറി ദ്വീപിലെ ശുദ്ധജല സ്രോതസ്സുകളെയും മലിനപ്പെടുത്തുന്നു.
ഗുണ യാല കോമാർക എന്ന തദ്ദേശീയ മേഖലയിലെ കാർട്ടി സുഗ്റ്റുപു എന്ന സ്ഥലത്തേക്കാണ് ഗോത്രസമൂഹത്തെ മാറ്റി താമസിപ്പിക്കുന്നത്. ഇവർക്കായി ഇവിടെ പുതിയ വീടുകളും മറ്റും പാനമ സർക്കാർ നിർമിച്ചു. ഏകദേശം 120 കോടി ഡോളർ എന്ന വലിയ തുക ചെലവഴിച്ചാണ് ഈ പുനരധിവാസം. എന്നാൽ ഗാർഡി സബ്ഡബ് ഒരു തുടക്കമാണെന്നും കരീബിയൻ– പനാമൻ മേഖലയിൽ ഏകദേശം 63 സമൂഹങ്ങൾ ഇതേ ഭീഷണി നേരിടുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. ഭാവിയിൽ ലോകവ്യാപകമായി ചെറുദ്വീപുകളിലെ സമൂഹങ്ങളെ ബാധിക്കുന്ന ഒരു പ്രതിസന്ധിയുമാകാം ഇത്.
തലമുറകളോളം ജീവിച്ച് പരിചിതമായ ജന്മസ്ഥലം പൊടുന്നനെ ഉപേക്ഷിക്കേണ്ടി വരുന്നത് തദ്ദേശീയ ജനസമൂഹങ്ങളെ സംബന്ധിച്ച് ഹൃദയഭേദകമാണെന്ന് വിദഗ്ധർ പറയുന്നു. സാംസ്കാരികമായും സാമൂഹികപരമായും ആവാസവ്യവസ്ഥയുമായി ഏറെ ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് ഇവർ. തങ്ങൾ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നവരാണ് ഇവരെന്ന വിരോധാഭാസവുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് ലോകത്തെ വ്യവസായവത്കൃത രാഷ്ട്രങ്ങൾ എല്ലാവരും ഉത്തരവാദികളാണ്. എന്നാൽ തിക്തഫലങ്ങൾ പലപ്പോഴും ഇതുമായൊന്നും ബന്ധമില്ലാത്തവർക്കായിരിക്കും കിട്ടുകയെന്ന കാര്യവും ഗുണ ഗോത്രങ്ങളുടെ വിധി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഗാർഡി സഗ്ഡബിൽ മാത്രമല്ല ഗുണ ഗോത്രക്കാർ ഉള്ളത്. പാനമയിലും കൊളംബിയയിലും വിവിധമേഖലകളിൽ ഇവർ താമസിക്കുന്നുണ്ട്. ഏകദേശം 50000 ആണ് ഇവരുടെ ആകെ ജനസംഖ്യ.