ഗൾഫിലായിരുന്നു, ഇപ്പോൾ കെനിയയ്ക്കും ശല്യം; പത്തുലക്ഷം ഇന്ത്യൻ കാക്കകളെ കൊല്ലും
Mail This Article
അംഗസംഖ്യ വർധിക്കുന്നത് ഭീഷണിയാകുന്നത് മൂലം പല രാജ്യങ്ങളും വ്യത്യസ്തയിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കാറുണ്ട്. സാധാരണയായി കരടികളുടെയും കുരങ്ങുകളുടെയുമൊക്കെ എണ്ണം കുറയ്ക്കാനാണ് ഇത്തരം തീരുമാനങ്ങൾ ഭരണകൂടങ്ങൾ കൈക്കൊള്ളുന്നത്. ഇപ്പോൾ കെനിയയും അത്തരമൊരു തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ കണ്ടാൽ പേടിക്കുന്ന ഭീകരജീവികളെയല്ല മറിച്ച് കാക്കകളെ കൊന്നൊടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് 2024 ന്റെ അവസാനമെത്തുന്നതോടെ രാജ്യത്തുനിന്നും 10 ലക്ഷം ഇന്ത്യൻ കാക്കകളെ കെനിയയിൽ നിന്നും നീക്കം ചെയ്യും. നേരത്തെ ഗൾഫ് രാജ്യങ്ങളും ഇന്ത്യൻ കാക്കകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.
ഇന്ത്യൻ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകൾ ഇവിടത്തുകാർക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. പതിറ്റാണ്ടുകളായി കെനിയയുടെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർ കാക്കകളുടെ ശല്യം സഹിച്ച് ജീവിക്കുകയാണ്. ഇതുമാത്രമല്ല കെനിയയിലെ പ്രാദേശിക പക്ഷി ഇനങ്ങളുടെ നിലനിൽപ്പിനെയും കാക്കകളുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അവയുടെ എണ്ണം പരിമിതപ്പെടുത്താൻ കെനിയ വൈൽഡ് ലൈഫ് സർവീസ് (കെഡബ്ല്യുഎസ്) തീരുമാനിച്ചിരിക്കുന്നത്. കെനിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കാക്കകളുടെ സാന്നിധ്യം അത്യന്താപേക്ഷിതമല്ല എന്ന കാരണവും തീരുമാനത്തിന് പിന്നിലുണ്ട്.
കെനിയയിലെ തീരമേഖലയിലുള്ള ജനങ്ങൾ കാക്കകളുടെ ശല്യത്തെ പറ്റി നിരന്തരം ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നു. കർഷകരും ഹോട്ടലുടമകളുമാണ് പരാതിക്കാരിൽ ഭൂരിഭാഗവും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വർധിച്ചുവരുന്ന അവസ്ഥ മനസ്സിലാക്കി ഇതിന് അടിയന്തര നടപടിയെടുക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കെ ഡബ്ല്യു എസിന്റെ വൈൽഡ് ലൈഫ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ അറിയിച്ചു. ഹോട്ടൽ വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധികളും ഹൗസ് ക്രോ കൺട്രോൾ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധരും വൈൽഡ് ലൈഫ് റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയാണ് ഇത് സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.
വംശനാശഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ വേട്ടയാടുന്ന കെനിയയിലെ കാക്കകൾ പൊതുവേ ആക്രമകാരികളാണ്. ഇവയുടെ സാന്നിധ്യം മൂലം കെനിയയുടെ തീരദേശ മേഖലയിലെ പല പക്ഷി വർഗ്ഗങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കാക്കകൾ പ്രാദേശിക പക്ഷികളുടെ കൂടുകൾ തകർക്കുന്നതും മുട്ടകൾ ഭക്ഷണമാക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണെന്ന് നിരീക്ഷകർ അറിയിക്കുന്നു. സ്കേലി ബാബ്ലേഴ്സ്, പൈഡ് ക്രോസ്, മൗസ് കളേർഡ് സൺ ബേർഡ്സ്, വീവർ പക്ഷികൾ, കോമൺ വാക്സ്ബിൽ തുടങ്ങിയ പക്ഷി ഇനങ്ങൾക്കാണ് പ്രധാനമായും ഇന്ത്യൻ കാക്കകൾ ഭീഷണി ഉയർത്തുന്നത്.
നാടൻ പക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ആ പ്രദേശത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. കീടങ്ങളുടെയും പ്രാണികളുടെയും എണ്ണം പെരുകും എന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യൻ കാക്കകൾ കൃഷിയിടങ്ങളിൽ കൂട്ടമായി പറന്നിറങ്ങി വിത്തുകൾ ഭക്ഷണമാക്കുന്നത് മൂലം കർഷകരും പ്രതിസന്ധിയിലാകുന്നുണ്ട്. ഇതിനെല്ലാം പുറമേ കെനിയയുടെ ടൂറിസം മേഖലയ്ക്കും ഇന്ത്യൻ കാക്കകൾ ഭീഷണിയാകുന്നു. പൊതു ഇടങ്ങളിൽ ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കാൻ കാക്കകൾ കൂട്ടമായി എത്തുന്നത് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
1940കളിലാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ കാക്കകൾ എത്തിയത്. എണ്ണം പെരുകിയതോടെ അവ പല പ്രദേശങ്ങളും കൈയ്യടക്കുന്ന സ്ഥിതിയുണ്ടായി. ഇതേ നില തുടർന്നാൽ പ്രത്യേക സംരക്ഷണം നൽകിവരുന്ന വന്യജീവി സങ്കേതങ്ങളിൽ പോലും അവ ആധിപത്യം സ്ഥാപിക്കും എന്ന ആശങ്കയാണ് നിരീക്ഷകർ പങ്കുവയ്ക്കുന്നത്.
യന്ത്രങ്ങളും ടാർഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഇതിനുപുറമേ കെനിയ പെസ്റ്റ് കൺട്രോൾ ആൻഡ് പ്രൊഡക്‌ട്‌സ് ബോർഡ് (പിസിപിബി) ഹോട്ടലുടമകൾക്ക് ലൈസൻസുള്ള വിഷം ഇറക്കുമതി ചെയ്യാൻ അനുമതിയും നൽകിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായല്ല കാക്കകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കെനിയ നടപടികൾ സ്വീകരിക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപ് ആവിഷ്കരിച്ച പദ്ധതികൾ ഫലപ്രദമായിരുന്നെങ്കിലും ഏതാനും വർഷങ്ങൾക്കിപ്പുറം കാക്കകളുടെ എണ്ണം വീണ്ടും വർധിക്കുകയായിരുന്നു.