പൂച്ച മാത്രമല്ല; രാഷ്ട്രപതി ഭവനിൽ പാമ്പും മറ്റു പല ജന്തുക്കളും സസ്യങ്ങളും കൂടിയുണ്ട്: അറിയാം
Mail This Article
രാഷ്ട്രപതി ഭവനിൽ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കിടെ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസത്തെ രസകരമായ വാർത്തകളിൽ ഒന്നായിരുന്നു. ഈ അജ്ഞാത ജീവി ഒരു പുലിയാണെന്നൊക്കെ കുറേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഒടുവിൽ ഇതൊരു പൂച്ചയാണെന്നു തെളിഞ്ഞു. എന്നാൽ പൂച്ച മാത്രമല്ല രാഷ്ട്രപതി ഭവനിലുള്ളത്. 330 ഏക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഭൂമി വലിയ ജൈവവൈവിധ്യം ഉള്ള സ്ഥലമാണ്. ചെറിയ കാടുകളും പൂന്തോട്ടങ്ങളും പാർക്കുകളും അനേകം ഫലവൃക്ഷങ്ങളുമൊക്കെ ഇവിടെയുണ്ട്.
പ്രകൃതിയോടിണങ്ങിയ കുളങ്ങൾ, ചിത്രശലഭങ്ങളുടെ സങ്കേതം, മാന്തോപ്പ്, മയിലുകളുടെ സങ്കേതം, ഓറഞ്ച് തോട്ടം, കാട്ടുപ്രദേശം എല്ലാം ഇവിടെയുണ്ട്. 136 തരം മരങ്ങളും സസ്യങ്ങളും പിന്നെ 84 മൃഗ സ്പീഷീസുകളും ഇവിടെയുണ്ട്. ആകെ മരങ്ങളുടെ എണ്ണം 5000ൽ കൂടുതലാണെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു.നട്ടെല്ലില്ലാത്ത ഇൻവെർട്ടിബ്രേറ്റ് വിഭാഗത്തിലുള്ള 42 തരം ജീവികളും നട്ടെല്ലുള്ള 42 തരം ജന്തുക്കളും 84 മൃഗസ്പീഷീസുകളിൽ ഉൾപ്പെടുന്നു. തവളകൾ, വിവിധയിനം പാമ്പുകൾ, പല്ലികൾ എന്നിവയെല്ലാം രാഷ്ട്രപതി ഭവനിലെ ചുറ്റുവട്ടങ്ങളിലെ അന്തേവാസികളാണ്.
നൂറിലേറെ തരം പക്ഷികളും ഇവിടെയുണ്ടത്രേ. ഇതിൽ മൈന, ബുൽബുൽ, വേഴാമ്പൽ തുടങ്ങിയ തദ്ദേശീയ പക്ഷികൾ മുതൽ ഈജിപ്ഷ്യൻ കഴുകൻ, ഐബിസ്, സ്പാനിഷ് കുരുവി തുടങ്ങിയ വന്നെത്തിയവയും ഉൾപ്പെടും.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലത്ത് രണ്ടായിരത്തോളം മരങ്ങൾ രാഷ്ട്രപതി ഭവനിൽ നട്ടു. ഇവയിൽ ആയിരത്തോളം ഫലവൃക്ഷങ്ങളുണ്ട്. ജൈവവൈവിധ്യത്തിന്റെയും മനുഷ്യനും പ്രകൃതിയുമായുള്ള സഹകരണത്തിൽ അധിഷ്ഠിതമായ നിലനിൽപ്പിന്‌റെയും വലിയ സന്ദേശമാണ് ഇന്ത്യൻ ജനതയുള്ള ഏറ്റവും ഉന്നത പ്രതിനിധിയുടെ ഓഫിസ്. രാഷ്ട്രപതി ഭവനിലെ ജൈവവൈവിധ്യത്തെപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്.