സ്രാവുകളുടെ താമസം അഗ്നിപർവതത്തിൽ; കവാച്ചിയെന്ന കടലിലെ അദ്ഭുതം
Mail This Article
പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 900 ദ്വീപുകളടങ്ങിയ ദ്വീപസമൂഹമാണ് സോളമൻ ദ്വീപുകൾ. ഈ ദ്വീപുകളിലൊന്നായ വാൻഗുനു ദ്വീപിന് 24 കിലോമീറ്റർ തെക്കായി ഒരു അഗ്നിപർവതമുണ്ട്. ഇതിന്റെ പേരാണ് കവാച്ചി. ജലോപരിതലത്തിനു താഴെ സ്ഥിതി ചെയ്യുന്ന നിലയിലാണ് ഈ അഗ്നിപർവതം. സമുദ്ര ജലനിരപ്പിൽ നിന്ന് 65 അടി താഴെയായാണ് കവാചി അഗ്നിപർവതത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗം. ഒന്നരക്കിലോമീറ്ററോളം വ്യാപ്തിയിൽ പരന്നുകിടക്കുകയാണ് ഇതിന്റെ അടിത്തട്ട്. ഈ അഗ്നിപർവതത്തിന് ഒരു പ്രത്യേകതയുണ്ട്. സമുദ്രത്തിൽ സ്രാവുകൾ കൂട്ടമായി തമ്പടിക്കുന്ന മേഖലകളിലൊന്നാണ് കവാചി. അതിനാൽ തന്നെ സ്രാവുകളുടെ അഗ്നിപർവതം എന്നും ഇതിനു പേരുണ്ട്.
അഗ്നിപർവതമാണെങ്കിലും ഇതിനു സമീപമുള്ള മേഖല സൂക്ഷ്മ ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്. ചൂടുള്ളതും അമ്ലാംശവും സൾഫർ അംശവുമുള്ള വെള്ളമുള്ളതും ഇങ്ങോട്ടേക്ക് സൂക്ഷ്മജീവികളെ ക്ഷണിച്ചുവരുത്തുന്നു. 2015ൽ കവാച്ചിയിൽ ഒരു എക്സ്പഡിഷൻ ശാസ്ത്രജ്ഞർ നടത്തിയിരുന്നു. അഗ്നിപർവത മുഖത്തിൽ തന്നെ രണ്ടു വിഭാഗം സ്രാവുകൾ ജീവിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് അന്നാണ്. ലോകത്തെ പരിസ്ഥിതി ശാസ്ത്രജ്ഞർക്കിടയിൽ വലിയ അദ്ഭുതത്തിന് ഈ കണ്ടെത്തൽ വഴിവച്ചു. അഗ്നിപർവത മുഖം പോലെ തികച്ചും പ്രതികൂലമായ ഒരു പരിതസ്ഥിതിയിലും സ്രാവുകൾ ഉൾപ്പെടെ ജീവികൾ ജീവിക്കുന്നു എന്നതായിരുന്നു ഈ അദ്ഭുതപ്പെടുത്തുന്ന കാരണം.
1939ലാണ് കവാചിയുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ വിസ്ഫോടനവും ലാവാപ്രവാഹവുമുണ്ടായത്. അന്നൊഴുകിയ ലാവയിൽ നിന്ന് പുതിയ ദ്വീപുകൾ മേഖലയിൽ രൂപപ്പെട്ടു. 2007ലും 2014ലും ഈ അഗ്നിപർവതത്തിൽ നിന്നു വിസ്ഫോടനവും ലാവാപ്രവാഹവും സംഭവിച്ചിരുന്നു. അഗ്നിപർവത നാസയുടെ ലാൻഡ്സാറ്റ്–9 എന്ന ഉപഗ്രഹത്തിൽ ഘടിപ്പിച്ച ഓപ്പറേഷനൽ ലാൻഡ് ഇമേജർ എന്ന ഉപകരണം അഗ്നിപർവതത്തെ നിരീക്ഷിച്ചു വിവരങ്ങൾ നൽകിയിട്ടുണ്ട്.