‘അമ്മമര’ത്തിനെ തിന്നു ജീവിക്കും; ട്രീ ഓഫ് ദ് ഇയർ പുരസ്കാരം നേടി ‘നടക്കും മരം’
Mail This Article
ഈ വർഷത്തെ ന്യൂസീലൻഡിന്റെ വൃക്ഷ പുരസ്കാരം ‘നടക്കും മര’ത്തിന് (Walking Tree). ന്യൂസീലൻഡ് അർബോറികൾച്ചറൽ സംഘടനയാണ് 2024ലെ ട്രീ ഓഫ് ദ് ഇയർ പുരസ്കാരം പ്രഖ്യാപിച്ചത്. ഏകദേശം 105 അടി നീളമുള്ള നോർത്തേൺ റാറ്റ (Northern Rata) എന്നറിയപ്പെടുന്ന മരമാണിത്. 5 മരങ്ങൾ കൂടി മത്സരത്തിനുണ്ടായിരുന്നെങ്കിലും 42 ശതമാനം വോട്ടോടെ ‘നടക്കും മരം’ പുരസ്കാരത്തിന് അർഹമാവുകയായിരുന്നു. വ്യത്യസ്തമായ രൂപവും ആകർഷകമായ ജീവിതകഥയും കൊണ്ട് ന്യൂസീലൻഡുകാരുടെ ഹൃദയം കീഴടക്കാൻ റാറ്റയ്ക്ക് സാധിച്ചെന്ന് സംഘടന പറഞ്ഞു.
ന്യൂസീലൻഡിലെ ഏറ്റവും ഉയരം കൂടിയ പുഷ്പവൃക്ഷമാണ് നോർത്തേൺ റാറ്റ. മെട്രോസിഡെറോസ് റോബസ്റ്റ (Metrosideros robusta)എന്നതാണ് ശാസ്ത്രീയ നാമം. ഒരു കാൽ മുന്നിലും മറ്റൊരു കാൽപിന്നിലുമായി നടക്കുന്നത് പോലെയാണ് റാറ്റയുടെ നിൽപ്പ്. അതിനാലാണ് ഇതിന് ‘നടക്കും മരം’ എന്ന പേര് ലഭിച്ചത്. സൗത്ത് ഐലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് കരാമിയയ്ക്ക് സമീപമാണ് നിൽക്കുന്നത്. ഏക്കർ കണക്കിന് വനം വെട്ടിതെളിച്ചപ്പോൾ അതിനെ അതിജീവിച്ച ഏക മരമാണിത്. ന്യൂസിൻഡ് ട്രീ റജിസ്റ്ററിൽ വടക്കൻ റാറ്റയ്ക്ക് ഏഴ് നിലകളുള്ള കെട്ടിടത്തിന്റെയത്ര ഉയരമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 150 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ആയിരം വർഷം വരെ ഇവയ്ക്ക് ജീവിക്കാനാകും.
ന്യൂസീലൻഡിൽ മാത്രം കാണപ്പെടുന്ന മരങ്ങളാണ് നോർത്തേൺ റാറ്റ. അവിടെ കാണപ്പെടുന്നവയിൽ ഏറ്റവും ഉയരം കൂടിയ, പുഷ്പിക്കുന്ന മരങ്ങളിൽ മുൻനിരയിലാണ് ഇതിന്റെ സ്ഥാനവും. എപ്പിഫൈറ്റ് അഥവാ പരാദ സസ്യങ്ങളുടെ കൂട്ടത്തിലാണ് ഇവ ഇൾപ്പെടുന്നത്. പക്ഷേ ഇവ മറ്റു സസ്യങ്ങളിൽനിന്ന് പോഷകവസ്തുക്കൾ വലിച്ചെടുക്കുന്നത് രസകരമായ രീതിയിലാണ്.
ആദ്യം മരത്തിന്റെ തടിയിൽ വേരിറക്കി അവിടെ താമസം ഉറപ്പിക്കും. പതിയെ ആ വേര് താഴേക്ക് ഇറങ്ങും. താഴേക്കെത്തുന്ന വേര് അതിന് അത്രയും കാലം വേണ്ടതെല്ലാം നൽകിയ ‘അമ്മ മര’ത്തിന്റെ വേരുകളിലേക്കിറങ്ങി അതിന്റെയും പോഷകവസ്തുക്കൾ വലിച്ചെടുക്കും. പതിയെ അമ്മ മരത്തെ മൊത്തമായി മൂടി ഇല്ലാതാക്കും. അതോടെ ഒരൊറ്റ മരത്തിന് രണ്ട് വേരുകളെന്ന നിലയിലായിരിക്കും നമുക്കു കാണാനാകുക. ഇങ്ങനെ രണ്ടു കാലുകളുടെ രൂപത്തിൽ വേരുകൾ രൂപപ്പെടുന്നതിനാലാണ് ഇവയെ ‘നടക്കും മരം’ എന്നും വിളിക്കുന്നത്. ചന്ദന മരങ്ങളും സമാനമായ രീതിയില്‍ മറ്റു മരങ്ങളുടെ വേരുകളിൽനിന്നാണ് പോഷകം വലിച്ചെടുക്കാറുള്ളത്. പക്ഷേ നടക്കും മരത്തിന്റെ അത്ര ‘ക്രൂരത’ അമ്മ മരത്തോടു കാണിക്കാറില്ലെന്നു മാത്രം.