മഴയത്ത് ടെറസിൽ റീൽസ് ചിത്രീകരിക്കാൻ ശ്രമം; അതിശക്തമായ മിന്നല്‍, ജീവനുംകൊണ്ടോടി പെൺകുട്ടി
Mail This Article
കേരളത്തിലേതുപോലെ അതിശക്തമായ മഴയും കാറ്റും ബിഹാറിലും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഭഗൽപുർ, മുൻഗർ, ജാമുയി, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, അരാരിയ ജില്ലകളിൽ ഇടിമിന്നലേറ്റ് എട്ട് പേരാണ് മരിച്ചത്. അതിശക്തമായ ഇടിയും മിന്നലും തുടർച്ചയായി അനുഭവപ്പെടുന്നത് ജനങ്ങളിൽ ഭീതിയുളവാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിഡിയോ ചിത്രീകരിക്കാൻ നിന്ന പെൺകുട്ടിയുടെ തൊട്ടരികിൽ മിന്നൽ അനുഭവപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
പരിഹാറിലെ സിർസിയ ബസാറിലെ അയൽവാസിയുടെ വീടിന്റെ ടെറസിൽ റീൽസ് ചിത്രീകരിക്കാനായി എത്തിയതായിരുന്നു സാനിയ കുമാരി എന്ന പെൺകുട്ടി. മഴ ആസ്വദിക്കുന്ന തരത്തിൽ സാനിയ വട്ടത്തിൽ കറങ്ങുന്നതിനിടെ പെട്ടെന്ന് തൊട്ടരികിൽ മിന്നൽ എത്തി. ഭയന്ന് പോയ പെൺകുട്ടി തിരിഞ്ഞോടുന്നതിനിടെ അതേ സ്ഥലത്ത് മൂന്നുതവണ മിന്നൽ പതിക്കുകയായിരുന്നു.
തലനാരിഴയ്ക്കാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്ന് വിഡിയോ കണ്ട മിക്കവരും പറഞ്ഞു. പ്രകൃതി നൽകിയ ഫിൽറ്ററും ലൈറ്റുമുള്ള റീൽ വിഡിയോ എന്നാണ് ചിലർ കുറിച്ചത്. എന്നാൽ യഥാർഥത്തിൽ സംഭവിച്ചതാണോ അതോ വൈറലാകാൻ വേണ്ടി എഡിറ്റിങ് നടത്തിയതാണോ എന്ന സംശയവും ചില ആളുകൾക്കുണ്ട്.