ഒരുകോടി കൊതുകുകളെ ഹെലികോപ്റ്ററിലെത്തിച്ചു; അപൂർവ പക്ഷികളെ രക്ഷിക്കാനായി വിചിത്രപദ്ധതി
Mail This Article
യുഎസിന്റെ ഹവായ് ദ്വീപിൽ കാണപ്പെടുന്ന സുന്ദരൻ പക്ഷികളാണ് ഹണിക്രീപ്പർ. ഹവായിയിൽ മാത്രം കാണപ്പെടുന്ന ഈ പക്ഷികൾ മനോഹരമായ നിറമുള്ള തൂവലുകളുള്ളവയാണ്. എന്നാൽ ഇവ വലിയൊരു പ്രതിസന്ധി നേരിടുന്നുണ്ട്- മലേറിയ. പത്തൊൻപതാം നൂറ്റാണ്ടിലാണ് കൊതുകുകൾ വൻതോതിൽ ഹവായിയിലേക്ക് കുടിയേറിയത്. യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും വന്ന കപ്പലുകളിലാണ് ഇവയെത്തിയത്. എന്നാൽ ഈ കുടിയേറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹണിക്രീപ്പർ പക്ഷികളെയാണ്.
മലേറിയ ചെറുക്കാനുള്ള പ്രതിരോധശക്തി ഈ പക്ഷികൾക്കില്ല. അതിനാൽ തന്നെ മലേറിയ വഹിക്കുന്ന പെൺകൊതുകുകളുടെ ഒരു കടിയേറ്റാൽ തന്നെ ഇവ ചാകുമെന്ന സ്ഥിതിയാണ്. 33 സ്പീഷീസുകളിലുള്ള പക്ഷികൾക്ക് ഇപ്പോൾ തന്നെ വംശനാശം വന്നുകഴിഞ്ഞു. ശേഷിക്കുന്ന 17 സ്പീഷിസുകളിലുള്ള പക്ഷികളിൽ പലതും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയാണ്. ഇക്കൂട്ടത്തിലൊരു സ്പീഷീസിന്റെ എണ്ണം 2018ൽ 450 ആയിരുന്നു. കഴിഞ്ഞവർഷത്തെ കണക്കെടുപ്പിൽ ഈ എണ്ണം 5 ആയി മാറി. പൊതുവെ അധികം ഉയരത്തിൽ താമസിക്കാത്ത ഹണിക്രീപ്പറുകളാണ് പണ്ട് ഭീഷണി നേരിട്ടിരുന്നത്. തണുപ്പ് കൂടുതലായതിനാൽ ഒരു പ്രത്യേക ഉയരത്തിനു മുകളിൽ കൊതുകുകൾ എത്താത്തതായിരുന്നു കാരണം. എന്നാൽ ആഗോളതാപനത്തിന്റെ ഭാഗമായി ചൂടുകൂടിയതോടെ കൊതുകുകൾ കൂടുതൽ ഉയരത്തിലേക്ക് എത്തുകയും പക്ഷികളെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷികളെ സംരക്ഷിക്കാനുള്ള ഒരു അവസാനവട്ട ശ്രമമെന്ന നിലയിൽ ഹവായ് അധികൃതർ പുതിയ പദ്ധതിയൊരുക്കിയിട്ടുണ്ട്. ഹെലികോപ്റ്ററുകളിൽ ആൺകൊതുകുകളെ എത്തിക്കുന്നതാണ് പദ്ധതി. എല്ലാ ആഴ്ചയും രണ്ടരലക്ഷം കൊതുകുകളെ ഈ രീതിയിൽ ഹെലികോപ്റ്ററിൽ കൊണ്ടുവന്നു ദ്വീപിൽ പറത്തിവിടും.
വോൾബാക്കിയ എന്ന ബാക്ടീരിയയെ വഹിക്കുന്നവയാണ് ഈ ആൺകൊതുകുകൾ. ഇതേ ബാക്ടീരിയ വഹിക്കുന്ന പെൺകൊതുകുകളുമായി ഇണചേർന്നാൽ മാത്രമേ ഇവയ്ക്ക് പ്രജനനം നടത്താനാകൂ. ദ്വീപിലുള്ള കൊതുകുകളിൽ ഭൂരിഭാഗവും ഈ ബാക്ടീരിയ വഹിക്കാത്തവയാണ്. പെൺകൊതുകുകൾക്ക് മറ്റൊരു സവിശേഷതയുമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഇവ ഇണചേരുകയുള്ളൂ. ദ്വീപിലുള്ള ആൺകൊതുകുകൾക്ക് പകരം ഇറക്കുമതി ചെയ്ത ആൺകൊതുകുകളുമായി ഇവ ഇണചേർന്നാൽ പ്രജനനം നടക്കില്ല. ഇതുവഴി വലിയ തോതിലുള്ള കൊതുകുനശീകരണം നടക്കും.
ഈ പദ്ധതി നേരത്തെ ചൈനയിലും മെക്‌സിക്കോയിലും വിജയകരമായി നടപ്പാക്കിയതാണ്. കാലിഫോർണിയയിലും ഫ്‌ളോറിഡയിലും സമാനപദ്ധതികൾ നടക്കുന്നുമുണ്ട്. പുതിയ പദ്ധതിയിലൂടെ ഹണിക്രീപ്പർ പക്ഷികൾക്ക് സുരക്ഷ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഹവായിലെ അധികൃതർ.