ജീവനെടുക്കുന്നതിൽ രണ്ടാംസ്ഥാനം വായു മലിനീകരണത്തിന്; 2021ൽ ഇന്ത്യയിൽ മരിച്ചത് 21 ലക്ഷം പേർ
Mail This Article
യുഎസ് ആസ്ഥാനമായ ഹെൽത്ത് ഇഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരുടെ മരണത്തിന് കാരണമാകുന്നതിൽ രണ്ടാംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം. ഇതുമൂലം 2021ൽ ലോകത്ത് മരിച്ചത് 81 ലക്ഷം പേരാണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളെ തുടർന്ന് 21 ലക്ഷം പേരാണ് ഇന്ത്യയിൽ മരിച്ചത്. ചൈനയിലാകട്ടെ 23 ലക്ഷം പേരും. മരണത്തിന്റെ 54 ശതമാനവും ഇരുരാജ്യങ്ങളിൽ നിന്നുമാണ്.
അഞ്ച് വയസിൽ താഴെയുള്ള ഏഴുലക്ഷത്തിലധികം കുട്ടികളാണ് ലോകത്താകമാനം മരണപ്പെട്ടിട്ടുള്ളത്. ഇതിൽ ഇന്ത്യയിൽ മാത്രം 169, 400 കുട്ടികൾക്ക് ജീവൻ നഷ്ടമായെന്ന് സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ടിൽ പറയുന്നു. നൈജീരിയയിൽ 114,100 കുട്ടികളും പാക്കിസ്ഥാനിൽ 68,100, ഇതോപ്യയിൽ 31,100, ബംഗ്ലദേശിൽ 19,100 കുട്ടികളുമാണ് വായു മലിനീകരണം മൂലം മരിച്ചത്. ഗർഭാവസ്ഥയിൽ തന്നെ കുട്ടികൾ വായുമലിനീകരണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഡൽഹിയിലെ കണക്കെടുത്താൽ മൂന്നിൽ ഒരു കുട്ടിക്ക് ആസ്തമ രോഗം ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
2019ൽ അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് മരിച്ചവരുടെ എണ്ണം 50 ലക്ഷമായിരുന്നു. 2020ൽ ഇത് 67 ലക്ഷമായി മാറി. മലിനവായുവിലൂടെ എത്തുന്ന 2.5 മൈക്രോമീറ്ററിൽ താഴെയുള്ള ചെറുകണങ്ങൾ ശ്വാസകോശത്തിൽ തങ്ങിനിന്ന് രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നു. ഇത് ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ അർബുദം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾക്ക് കാരണമാകുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് അമിത രക്തസമ്മർദം മൂലമാണ്. പുകയിലെ ഉപയോഗം മൂലമുള്ള മരണസംഖ്യാ വർധനവിനെ പിന്തള്ളിയാണ് അന്തരീക്ഷ മലിനീകരണം രണ്ടാംസ്ഥാനം പിടിച്ചത്.