ADVERTISEMENT

യുഎസിലും കാനഡയിലുമൊക്കെ ഇടയ്ക്കിടെ പല സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും സർക്കാർ പരസ്യങ്ങൾ വരാറുണ്ട്. ഒരു പ്രത്യേക കടന്നലിനെ കണ്ടെത്തിയാൽ വിവരം അറിയിക്കണമെന്നാണ് പരസ്യം. രണ്ടാഴ്ചമുൻപും കാനഡയിലെ ഒന്റാരിയോ സംസ്ഥാനത്ത് ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ കടന്നലുകളാണ് കൊലയാളിക്കടന്നലുകൾ അഥവാ മർഡർ ഹോണറ്റ്.

2019ൽ യുഎസിലെ വടക്കുപടിഞ്ഞാറൻ പസിഫിക് തീരത്തോടടുത്ത ചില സ്ഥലങ്ങളിലാണ് ഇവയെ കണ്ടെത്തിയത്. കുപ്രസിദ്ധനാണ് കൊലയാളിക്കടന്നൽ,  മനുഷ്യനെ വരെ തന്റെ കുത്തുകളാൽ കൊലപ്പെടുത്താൻ കഴിയുന്ന കടന്നലുകളിലെ കൊടുംഭീകരൻ. കർഷകർക്ക് ഇവയെപ്പറ്റി വലിയ ആധി ഉണ്ടായതിനെത്തുടർന്ന് വാഷിങ്ടൻ കൃഷി വകുപ്പ് ഇവയ്ക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിൽ ധാരാളം കടന്നലുകളെ നശിപ്പിക്കുകയും ചെയ്തു.

(Credit:kororokerokero/Istock)
(Credit:kororokerokero/Istock)

മനുഷ്യരെ വരെ കൊല്ലുന്നവയെന്നു പേരു കേട്ട ഈ കടന്നലുകളെ പിടികൂടാനും എന്നന്നേക്കുമായി നശിപ്പിക്കാനുമുള്ള വാഷിങ്ടൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ ശ്രമങ്ങൾ കോർത്തിണക്കി ‘അറ്റാക്ക് ഓഫ് ദ് മർഡർ ഹോണറ്റ്’ എന്ന  ഒരു വിഡിയോ ഡോക്യുമെന്ററി ഇതിനിടെ പുറത്തിറങ്ങിയത് വലിയ ശ്രദ്ധ നേടി. 

മർഡർ ഹോണറ്റ് Credit:Bruno Uehara/Istock)
മർഡർ ഹോണറ്റ് Credit:Bruno Uehara/Istock)

ഏഷ്യൻ ജയന്റ് ഹോണറ്റ് എന്നാണ് കൊലയാളിക്കടന്നലുകളുടെ യഥാർഥ നാമം. കടന്നലുകളിൽ വച്ചു തന്നെ ഏറ്റവും വലുപ്പമേറിയ ഇനമായ ഇവ (4 സെന്റിമീറ്ററാണ് ഇവയുടെ നീളം) പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഏഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ചൈന, ജപ്പാൻ മേഖലകളിൽ നിന്നുള്ളവയാണ്. ഈ മേഖലകളിൽ നിന്നുള്ള ചരക്കുവിമാനങ്ങളിൽ കയറിപ്പറ്റി ഇവ കാനഡയിലെത്തിയെന്നും തുടർന്ന് യുഎസിന്റെ കിഴക്കൻ തീരത്ത് വാസമുറപ്പിച്ചെന്നുമാണ് കരുതപ്പെടുന്നത്.

മനുഷ്യനെ കുത്തി കൊലപ്പെടുത്താൻ ഇവയ്ക്കു കഴിയും. ജപ്പാനിൽ പ്രതിവർഷം 30 പേർ ഈ കടന്നലുകളുടെ കുത്തേറ്റ് കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. എന്നാൽ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ പൊതുവെ വളരെക്കുറവാണ്. തേനീച്ചകൾ മാംസാഹാരികളല്ല, എന്നാൽ കടന്നലുകൾ മറ്റുള്ള ഈച്ചകളെയും കീടങ്ങളെയും ആക്രമിക്കുന്നവയാണ്. അവയിൽ നിന്നുള്ള പ്രോട്ടീനുകളാണ് ഇവയുടെയും ഇവയുടെ കുഞ്ഞുങ്ങളുടെയും പ്രധാനപോഷണം. 

കൊലയാളിക്കടന്നലുകളുടെ കൂട് (Credit:Manoj pal/Istock)
കൊലയാളിക്കടന്നലുകളുടെ കൂട് (Credit:Manoj pal/Istock)

വെട്ടുക്കിളികൾ ആക്രമിക്കുന്ന പാടശേഖരം പോലെയാണ് കൊലയാളിക്കടന്നലുകൾ ആക്രമിക്കുന്ന തേനീച്ചക്കൂടുകൾ. മിനിറ്റുകൾക്കുള്ളിൽ പതിനായിരക്കണക്കിന് തേനീച്ചകളെ ഇവ വലിച്ചുകീറി കൊന്നുകളയും. 2000 കോടി ഡോളറിന്റെ വ്യവസായമാണ് യുഎസിൽ തേനീച്ച വളർത്തലും തേനുത്പാദനവും. മാത്രമല്ല, പല ചെടികളുടെയും വിളകളുടെയും പരാഗണത്തിൽ തേനീച്ചകൾ വലിയ പ്രകൃതിപരമായ പങ്ക് വഹിക്കുന്നുണ്ട്. കൊലയാളിക്കടന്നലുകൾ പെരുകിയാൽ ഈ സന്തുലിതാവസ്ഥയ്ക്ക് കനത്തനാശമാകും സംഭവിക്കുക.യുഎസിലെ കൃഷിയെത്തന്നെ ഇത് അവതാളത്തിലാക്കിയാക്കാം.

ഏഷ്യയിൽ, കൊലയാളിക്കടന്നലുകളുടെ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന തേനീച്ചകൾക്ക് ഇവയെ മൂന്നിഞ്ചോളം ചിറകിനു വിസ്തീർണവും കറുപ്പും മഞ്ഞയും വരകളുള്ള വയറും മഞ്ഞനിറത്തിലുള്ള തലയുമുള്ള കൊലയാളിക്കടന്നലുകളെ കണ്ടാൽ പല്ലപ്പോഴും വലിയ ഈച്ചകളാണെന്നു തോന്നും. അമേരിക്കയിലെ ഓറിഗണിലൊക്കെ അധികൃതർ തേനീച്ച കർഷകർക്ക് ഇവയുടെ വിശദമായ ഫോട്ടോകൾ നൽകിയിട്ടുണ്ട്.എവിടെയെങ്കിലും കണ്ടാൽ അധികൃതരെ ഉടനടി അറിയിക്കണമെന്ന നിർദേശവും ഇവിടങ്ങളിൽ പുറത്തിറക്കി.തേനീച്ചകളുടെ പോലെ തന്നെയുള്ള സാമൂഹിക ജീവിത ക്രമമാണ് കൊലയാളിക്കടന്നലുകളുടേതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com