ജീവനു ഭീഷണിയായ മുതലയെ കൊന്ന് കറിവച്ചു; സദ്യയൊരുക്കി നാട്ടുകാരും പൊലീസും
Mail This Article
പ്രളയകാലത്ത് പാമ്പും മുതലയുമെല്ലാം ജനവാസമേഖലകളിലേക്ക് എത്തുന്ന കാഴ്ചകൾ നാം കണ്ടുകാണും. ഓസ്ട്രേലിയയിലും അങ്ങനൊരു സംഭവം ഉണ്ടായിരുന്നു. ബെയ്ൻസ് നദിയിൽ നിന്നും 3.63 മീറ്റർ നീളമുള്ള ഉപ്പുവെള്ള മുതലയാണ് (Saltwater Crocodile) ജനവാസമേഖലയിലേക്ക് കടന്നത്. പ്രളയശേഷം ആളുകളുടെ പേടിസ്വപ്നമായി ഇത് മാറുകയായിരുന്നു. വളർത്തുമൃഗങ്ങളും കുട്ടികളുമെല്ലാം മുതലയുടെ ആക്രമണത്തിന് ഇരയായി. പരാതികൾ ഉയർന്നതോടെ ശല്യം ഒഴിവാക്കാനായി നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും മുതലയെ കൊല്ലാൻ തീരുമാനിച്ചു.
ബുല്ല മേഖലയിലെ ആദിവാസി സമൂഹത്തിലെ ആളുകളുമായി പൊലീസ് കൂടിക്കാഴ്ച നടത്തി. വന്യജീവി സംരക്ഷകർ ഉൾപ്പെടെയുള്ളവരോടും ചർച്ച ചെയ്ത് അന്തിമതീരുമാനത്തിലെത്തി. സമൂഹത്തിന് അപകടകാരിയാണെന്ന് ഉറപ്പായ മുതലയെ എല്ലാവരും ചേർന്ന് വെടിവച്ചു കൊന്നു. മുതലയെ അവർ കുഴിച്ചുമൂടാനോ കത്തിച്ചുകളയാനോ തയാറായില്ല. പകരം ഓസ്ട്രേലിയയിലെ പരമ്പരാഗത രീതിയിൽ മുതലയെ പാകം ചെയ്യുകയായിരുന്നു.
മുതലയുടെ വാൽഭാഗം കൊണ്ട് സൂപ്പുണ്ടാക്കി. മാംസത്തിൽ വലിയൊരു ഭാഗം ഉപയോഗിച്ച് ബാർബിക്യൂ ഉണ്ടാക്കി. കുറച്ചു മാംസകഷ്ണങ്ങൾ വാഴയിലയിൽ പൊതിഞ്ഞ് മണ്ണിനടിയില്‍വച്ച് തീയിട്ട് പാകംചെയ്തു. മുതല സദ്യയ്ക്ക് പ്രദേശവാസികൾ എല്ലാവരും എത്തിയതായി രാജ്യാന്തര മാധ്യമമായ എബിസി റിപ്പോർട്ട് ചെയ്യുന്നു.
ബെയ്ൻസ് നദിയുടെ പടിഞ്ഞാറൻ ഭാഗത്ത് ഉപ്പുവെള്ള മുതലകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ പ്രളയത്തിനുപിന്നാലെ പ്രദേശത്തെ എല്ലാ ജലാശയങ്ങളിലും മുതലകളുടെ സാന്നിധ്യം കണ്ടുവരുന്നു. ഇത് മനുഷ്യനും മറ്റ് ജീവികൾക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്.