3 മണിക്കൂർ മലകയറാൻ പോയ യുവാവ് തിരിച്ചെത്തിയില്ല; കണ്ടെത്തിയത് 10 ദിവസം കഴിഞ്ഞ്, ആളാകെ മാറി!
Mail This Article
മൂന്ന് മണിക്കൂർ നേരത്തേക്കു മലകയറാൻ പോയ ലൂക്കാസ് മക്‌ലിഷ് (34) വീട്ടിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തിയതു 10 ദിവസത്തിനു ശേഷം. കാട്ടുപഴങ്ങൾ കഴിച്ചും വെള്ളംകുടിച്ചും മക്‌ലിഷ് ജീവൻ നിലനിർത്തുമ്പോൾ കുടുംബം തീ തിന്നുകയായിരുന്നു. കാട്ടുറവകളിൽനിന്നും വെള്ളച്ചാട്ടങ്ങളിൽനിന്നും ബൂട്ടിലാണ് വെള്ളം ശേഖരിച്ചത്.
വടക്കൻ കലിഫോർണിയയിലെ സാന്താക്രൂസ് പർവതനിര മക്‌ലിഷിന് പരിചിതമാണ്. ബൗൾഡർ ക്രീക്കിൽനിന്ന് ജൂൺ 11നാണ് അദ്ദേഹം പുറപ്പെട്ടത്. ആകെയുണ്ടായിരുന്നത് തൊപ്പിയും ബൂട്ടും പാന്റും മാത്രം. ഷർട്ടുപോലും ധരിച്ചിരുന്നില്ല. ആഹാരമോ വെള്ളമോ കരുതിയിരുന്നില്ല. മൂന്നു മണിക്കൂർ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയെങ്കിലും നടന്നില്ല. പരിചിതമായ അടയാളങ്ങളെല്ലാം കാട്ടുതീയിൽ നശിച്ചതാണ് വഴിതെറ്റിച്ചത്.
ജൂൺ 16ന് ഫാദേഴ്സ് ഡേയിൽ ഇയാളുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ തിരച്ചിൽ ആരംഭിച്ചു. സാന്താക്രൂസ് ഷെരീഫിന്റെ ഓഫിസിൽ നിന്നുള്ള ഡ്രോൺ ആണ് ലൂക്കാസിനെ കണ്ടെത്തിയത്. സാന്താക്രൂസ് കൗണ്ടിയിലെ എംപയർ ഗ്രേഡ് റോഡിനും ബിഗ് ബേസിൻ ഹൈവേയ്ക്കും ഇടയില്‍ റെഡ്‌വുഡ് മരങ്ങൾക്കിടയിലാണ് ലൂക്കാസിനെ കണ്ടത്.
ലൂക്കാസ് സഹായത്തിനായി നിലവിളിക്കുന്നത് പലരും കേട്ടിരുന്നു. എന്നാൽ അവർക്ക് ഏതു ദിശയിൽ നിന്നാണ് ശബ്ദം വരുന്നതെന്ന് മനസ്സിലാകാത്തതുകൊണ്ട് സഹായിക്കാൻ സാധിച്ചില്ലെന്ന് രക്ഷാപ്രവർത്തനത്തിൽപ്പെട്ട കാൽഫയർ സാൻ മാറ്റിയോ പറഞ്ഞു. ധാരാളം വെള്ളംകുടിക്കാൻ ശ്രദ്ധിച്ചിരുന്നു. വെള്ളച്ചാട്ടത്തിൽ നിന്നും ബൂട്ടിലാണ് വെള്ളം ശേഖരിച്ചതെന്ന് ലൂക്കാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇനി അടുത്തൊന്നും കാട്ടിലേക്ക് പോകില്ലെന്നും അദ്ദേഹം അറിയിച്ചു.