ഭാര്യ നോക്കിനിൽക്കെ സ്രാവ് കടിച്ചുകീറി; 69കാരന്റെ മരണം സ്പിൽബർഗ് സിനിമയിലെ രംഗം പോലെ
Mail This Article
വീടിനു സമീപത്തെ കടലിൽ കുളിക്കാനിറങ്ങിയ 69കാരനെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി. ഫ്ലോറിഡയിലെ ബോക സിഗ ബേയ്ക്ക് സമീപം താമസിക്കുന്ന തഡേവൂസ് കുബിൻസ്കിയാണ് കൊല്ലപ്പെട്ടത്. ഭാര്യ അന്നയ്‌ക്കൊപ്പമാണ് തഡേവൂസ് തീരത്ത് കുളിക്കാനിറങ്ങിയത്. കുറച്ചുകഴിഞ്ഞപ്പോൾ ഭാര്യ കരയ്ക്കുകയറി. ഈ സമയത്താണ് ഒൻപത് അടി നീളമുള്ള സ്രാവ് തഡേവൂസിനെ ആക്രമിക്കാനെത്തിയത്. ഭർത്താവ് പിടഞ്ഞുമരിക്കുന്നത് അന്നയ്ക്ക് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. 1984 മുതൽ ദമ്പതികൾ ബോക സിഗ ബേയ്ക്ക് സമീപമാണ് താമസിക്കുന്നത്.
തഡേവൂസിനെ സ്രാവ് ആക്രമിക്കുന്നത് 1975ൽ പുറത്തിറങ്ങിയ സ്പിൽബർഗിന്റെ ജോ എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നുവെന്ന് അന്ന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്രാവിന്റെ ചിറക് വെള്ളത്തിലൂടെ നീങ്ങി തഡേവൂസിന്റെ അടുത്തേക്ക് എത്തുന്നത് കണ്ടു. വൈകാതെ തന്നെ ഭർത്താവിനെ വലതുവശത്തുനിന്നും ആക്രമിക്കുകയായിരുന്നു. അതിവേഗത്തിൽ വെള്ളം ചുവന്ന നിറമായി– അന്ന പറഞ്ഞു.
തഡേവൂസിന്റെ ശരീരത്തിൽ 15 ഇഞ്ച് ആഴത്തിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ മുറിവുണ്ടായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. അമിത രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.