രണ്ട് മാസം മുൻപ് വീട്ടിൽ കൊണ്ടുവന്ന മുട്ടകൾ വിരിഞ്ഞു; 35 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ
Mail This Article
രണ്ട് മാസം മുൻപ് പെരുമ്പാമ്പിനൊപ്പം കിട്ടിയ മുട്ടകൾ വിരിഞ്ഞു. കണ്ണൂർ കോടിയേരി സ്വദേശിയും ഫോറസ്റ്റ് റസ്ക്യൂ വാച്ചറുമായ ബിജിലേഷിന്റെ വീട്ടിൽ സൂക്ഷിച്ച 35 മുട്ടകളാണ് വിരിഞ്ഞത്. മുഴുവൻ മുട്ടകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിരിയുകയായിരുന്നുവെന്ന് ബിജിലേഷ് പറഞ്ഞു.
ഏപ്രിൽ 16നായിരുന്നു പാനൂരിലെ മനേക്കരയിൽ തള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ഇതിനെ അന്നുതന്നെ കണ്ണവം വനത്തിൽ തുറന്നുവിട്ടു. ഒപ്പമുണ്ടായിരുന്ന മുട്ടകൾ വനംവകുപ്പിന്റെയും കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെയും നിർദേശപ്രകാരം ബിജിലേഷ് വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് മാസം മുട്ടകളെ സുരക്ഷിതമായ ഇടത്ത് വച്ചു. ഇപ്പോൾ എല്ലാം വിരിഞ്ഞപ്പോൾ 35 കുഞ്ഞുങ്ങളായി. ഇവയെ കണ്ണവം വനത്തിൽ തുറന്നുവിട്ടു.
1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടതാണ് പെരുമ്പാമ്പ്. ഈ പാമ്പിനെ ആരെങ്കിലും പിടിക്കുകയോ കൊല്ലുകയോ ഉപദ്രവിക്കുകയോ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.