ADVERTISEMENT

ചലച്ചിത്ര ലോകത്തെ സെലിബ്രിറ്റികളുടെ മൃഗസ്നേഹം വാർത്തകളിൽ പുതുമയല്ല. ഷാരൂഖ് ഖാനും സൽമാൻ ഖാനും അമിതാഭ് ബച്ചനും  പ്രിയങ്ക ചോപ്രയും ശിൽപ ഷെട്ടിയും അടക്കം ബോളിവുഡിലെ സൂപ്പർ താരങ്ങളെല്ലാം നായകളെ കുടുംബാംഗങ്ങളെ പോലെ പരിപാലിക്കുന്നവരാണ്. എന്നാൽ അക്കൂട്ടത്തിൽ നിന്നൊക്കെ വ്യത്യസ്തനാണ് നടനും രാഷ്ട്രീയ നേതാവുമായ മിഥുൻ ചക്രവർത്തി. ഒന്നും രണ്ടുമല്ല 116 നായകളെയാണ് അദ്ദേഹം ഓമനിച്ച് വളർത്തുന്നത്.

മുംബൈ അടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിലായി താരം വസ്തുവകകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവയിൽ പലയിടത്തും നായകളെയും വളർത്തുന്നു. മുംബൈയ്ക്ക് സമീപം മഡ് ഐലൻഡിൽ സ്ഥിതിചെയ്യുന്ന ഒന്നര ഏക്കർ സ്ഥലത്ത് 76 നായകളെയാണ് മിഥുൻ പാർപ്പിച്ചിരിക്കുന്നത്. വെറുതെയങ്ങ് വളർത്തുകയല്ല ഒരു ശരാശരി മനുഷ്യന് വേണ്ടതിലധികം സൗകര്യങ്ങളും ഇവിടെ നായകൾക്കായി അദ്ദേഹം ഒരുക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് സൈറ്റുകളിൽ നിന്നുള്ള വിവരപ്രകാരം 45 കോടിയുടെ സ്ഥലമാണ് നായകൾക്ക് രാജകീയ സൗകര്യം ഒരുക്കാനായി അദ്ദേഹം നീക്കിവച്ചത്. മിഥുന്റെ വസതിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

മിഥുൻ ചക്രവർത്തി
മിഥുൻ ചക്രവർത്തി

റിപ്പോർട്ടുകൾ പ്രകാരം നായകൾക്ക് വേണ്ടി എയർ കണ്ടീഷനിങ് അടക്കം അത്യാധുനിക ആഡംബര സൗകര്യങ്ങളാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ വലിയൊരു ഭാഗം നായകളുടെ അധീനതയിലാണ്. ഓരോന്നിന്റെയും സുഖജീവിതം ഉറപ്പാക്കാൻ പ്രത്യേകം വിശാലമായ കൂടുകളും തയ്യാറാക്കിയിരിക്കുന്നു. നായകൾക്ക് ഓടി കളിക്കാനായി വലിയ പ്ലേഗ്രൗണ്ടും ഇവിടെയുണ്ട്. ഇത്രയധികം നായകൾ ഒരുമിച്ചു പാർക്കുമ്പോൾ അവയ്ക്ക് ഷെൽട്ടറിൽ കഴിയുന്നതുപോലെയുള്ള അനുഭവം ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്.

ഇതിനെല്ലാം പുറമേ നായകളെ പരിപാലിക്കാനായി മാത്രം പ്രത്യേകം ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. കൃത്യസമയത്ത് നായകളെ ഗ്രൂം ചെയ്യുക, കുളിപ്പിക്കുക, ഭക്ഷണം നൽകുക, നടക്കാൻ കൊണ്ടുപോവുക തുടങ്ങി വലിയ ഉത്തരവാദിത്തമാണ് ഈ കെയർടേക്കർമാർക്കുള്ളത്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെ തന്റെ നായകളെ പരിപാലിക്കണമെന്നത് മിഥുന് നിർബന്ധമാണ്. ഊട്ടിയിലെ ബംഗ്ലാവിൽ 38 നായകളെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവയ്ക്കായി പ്രത്യേക ഹൗസും തയ്യാറാക്കിയിട്ടുണ്ട്. 

നായകൾക്കൊപ്പം മിഥുൻ ചക്രവർത്തി (പഴയചിത്രം)
നായകൾക്കൊപ്പം മിഥുൻ ചക്രവർത്തി (പഴയചിത്രം)

താരത്തിന്റെ ജീവിതത്തിലുടനീളം നായകൾ മാറ്റിനിർത്താനാവാത്ത ഘടകം തന്നെയാണ്. മിഥുനും ഭാര്യയും ഒരേപോലെ നായ പ്രേമികളായതിനാൽ അവർ ജീവിച്ചിരുന്ന വീടുകളിലെല്ലാം നായകളും ഒപ്പം ഉണ്ടായിരുന്നുവെന്ന് മരുമകളായ മദൽസ ശർമ പറഞ്ഞു. കുടുംബത്തിലെ എല്ലാവരും നായ പ്രേമികളായതു മൂലമാണ് അവയ്ക്ക് ഒരു കുറവും കൂടാതെ പരിപാലിക്കാൻ സാധിക്കുന്നത്. വിവിധയിനം പക്ഷികളെയും മിഥുൻ വളർത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

English Summary:

Mithun Chakraborty's 116 Dogs: Inside the Unmatched Luxury of His Canine Kingdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com