ADVERTISEMENT

ലോകത്ത് വന്യജീവി കള്ളക്കടത്തുകാരുടെ ഇഷ്ട വസ്തുക്കളിൽ ഒന്നാണ് കാണ്ടാമൃഗ കൊമ്പുകൾ. ആഫ്രിക്കയിലും, ഇന്ത്യയിലെ അസമിലും കാണ്ടാമൃഗവേട്ട സജീവമാണ്. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനായി പല വിധത്തിലുള്ള നടപടികളാണ് അധികൃതർ ഇതുവരെ സ്വീകരിച്ചത്. ഓരോ കാണ്ടാമൃഗത്തിന്റെയും സംരക്ഷണത്തിനായി പ്രത്യേക സേനയെ രൂപീകരിക്കുന്നത് മുതൽ റേഡിയോ കോളർ വരെയുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. ഇത്തരം നടപടികളെല്ലാം വേട്ട നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി പുതിയൊരു സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ദക്ഷിണാഫ്രിക്കയിലെ വന്യജീവി വിഭാഗം തീരുമാനിച്ചത്. കാണ്ടാമൃഗങ്ങളുടെ കൊമ്പിലേക്ക് റെഡിയോ ആക്ടീവ് ഘടകങ്ങൾ കുത്തിവയ്ക്കുക എന്നതാണ് ഈ വിദ്യ. 

വഴികാട്ടിയായേക്കാവുന്ന പദ്ധതി

കൊമ്പുകൾ എന്ന് വിശേഷിപ്പിക്കുമെങ്കിലും കാണ്ടാമൃഗത്തിന്റേത് തൊലികൊണ്ട് രൂപപ്പെട്ട കൂർത്ത ഒരു അവയവമാണ്. അതുകൊണ്ട് തന്നെയാണ് കൊമ്പിലേക്ക് റേഡിയോ ആക്ടീവ് ഘടകങ്ങൾ കുത്തിവയ്ക്കാൻ സാധിക്കുന്നത്. റേഡിയോ ആക്ടീവ് മൂലകങ്ങളുള്ള രണ്ട് ചെറിയ ചിപ്പുകളാണ് കാണ്ടാമൃഗത്തിന്റെ കൊമ്പിലേക്ക് കുത്തിവക്കുന്നത്. ഈ ചിപ്പുകൾ കൊമ്പുകളുടെ കള്ളക്കടത്ത് കണ്ടുപിടിക്കാൻ സഹായിക്കുന്നു.

റേഡിയോ ആക്ടീവ് മൂലകങ്ങൾ മറ്റൊരു പങ്ക് കൂടി വഹിക്കുന്നുണ്ട്. തെക്കനേഷ്യൻ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ചും ചൈനയിലേക്കാണ് ഈ കൊമ്പുകൾ വ്യാപകമായി കടത്തപ്പെടുന്നത്. ചൈനയിലെ നാട്ടുമരുന്നുകളിൽ ഉപയോഗിക്കാനാണ് ഈ കൊമ്പുകൾക്ക് ആവശ്യക്കാരുള്ളത്. കൊമ്പിനുള്ളിൽ റേഡിയോ ഐസോടോപ്പ് കുത്തിവക്കുന്നതോടെ ഇവ ഭക്ഷ്യയോഗ്യമല്ലാതാകും. ഇതോടെ ഇവ ഉപയോഗിക്കാനാകാതെ വരികയും കാലക്രമേണ ഇല്ലാതാവുകയും കള്ളക്കടത്ത് അവസാനിക്കുകയും ചെയ്യുന്നു.

മികച്ച പ്രതിരോധമാർഗം

ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിലുള്ള വിറ്റ്സ് സർവകലാശാലയിലെ റേഡിയേഷൻ ആൻഡ് ഹെൽത്ത് ഫിസിക്സ് വിഭാഗത്തിലെ ഡയറക്ടറായ ജെയിംസ് ലർകിനിന്റെ നേതൃത്വത്തിലാണ് ഈ പ്രതിരോധ പ്രവർത്തനം നടന്നത്. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും മികച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. കാണ്ടാമൃഗത്തെ മയക്കി കിടത്തിയാണ് കുത്തിവയ്പ് നടത്തുന്നത്. ചെറിയ അളവിൽ കുത്തിവയ്ക്കുന്നതിനാൽ കാണ്ടാമൃത്തിന്റെ ആരോഗ്യത്തിനോ പ്രകൃതിക്കോ യാതൊരു ദോഷവുമുണ്ടാകുന്നില്ല.

തുടക്കത്തിൽ 21 കാണ്ടാമൃഗങ്ങളിലാണ് കുത്തിവയ്പ്പ് നടത്തുന്നത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാണ്ടാമൃഗങ്ങളെ ഈ പദ്ധതിയുടെ ഭാഗമാക്കും. 

നിയന്ത്രിക്കാൻ കഴിയാത്ത കാണ്ടാമൃഗ വേട്ട

കനത്ത സുരക്ഷയ്ക്കും നിയന്ത്രണങ്ങൾക്കും ഇടയിലും 499 കാണ്ടാമൃഗങ്ങളാണ് 2023 ൽ മാത്രം വേട്ടക്കാരാൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സർക്കാരിന്റേതു തന്നെ നിയന്ത്രണത്തിലുള്ള പാർക്കുകളിൽ നിന്നാണ്. 2022 നേക്കാൾ 11 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം കാണ്ടാമൃഗ വേട്ടയിൽ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി പുതിയ മാർഗങ്ങൾ അധികൃതർ സ്വീകരിക്കാൻ തയാറായത്.

English Summary:

Revolutionary Anti-Poaching Tactic: How Radioactive Elements Are Saving Africa's Rhinos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com