ADVERTISEMENT

കേരളത്തിലെത്തുന്ന വാര്‍ഷിക മഴയുടെ 70 ശതമാനവും ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലവര്‍ഷത്തിലാണ് ലഭിക്കുന്നത്. അവയില്‍ നല്ലൊരു ഭാഗവും ജൂണിലാണ് കിട്ടിയിരുന്നത്. കാലാവസ്ഥ മാറ്റത്തിന്‍റെ പുതിയ കാലത്ത് മഴയുടെ രീതിയാകെ കീഴ്മേല്‍ മറിയുകയാണ്. ഇത്തവണ ജൂണിൽ ലഭിച്ച കാലവർഷ മഴയിൽ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വയനാട്, ഇടുക്കി ജില്ലകളിലെ മഴകുറവ് ഗൗരവമായി കാണേണ്ടതുണ്ട്. വയനാട് ജില്ലയിലെ സൂക്ഷ്മകാലാവസ്ഥയില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ഏറ്റകുറച്ചിലാണുണ്ടാകുന്നത്. ഇടുക്കി ജില്ലയിലെ മഴയിലെ കുറവ് വൈദ്യുത ഉൽപാദനത്തേയും കാര്യമായി സ്വാധീനിക്കുന്നുണ്ട്.

മഴ ശേഷിപ്പിച്ചത് : മഴ മാറിയിട്ടും ഭീതിപ്പെടുത്തും വിധം മീനച്ചിലാറ്റിൽ ജല നിരപ്പ് കൂടൂകയാണ്. വീട്ടിനകത്തും ചുറ്റു വട്ടത്തുമൊക്കെ വെള്ളം നിറയികയാണ്. കരയുമായുളള ഏക യാത്രാ മാർഗം വള്ളമാണ്. വീട്ടു വളപ്പിലും വളളത്തിലുമുളള പെയ്ത്തുവെള്ളം കോരിക്കളയുകയാണീ കുടുംബം, മഴ കനത്താൽ ഇവർക്ക്  പുറത്തേക്ക് കടക്കണം. കോട്ടയം തിരുവാർപ്പിൽ നിന്നൊരു കാഴ്ച. മുൻപ്  ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
മഴ ശേഷിപ്പിച്ചത് : മഴ മാറിയിട്ടും ഭീതിപ്പെടുത്തും വിധം മീനച്ചിലാറ്റിൽ ജല നിരപ്പ് കൂടൂകയാണ്. വീട്ടിനകത്തും ചുറ്റു വട്ടത്തുമൊക്കെ വെള്ളം നിറയികയാണ്. കരയുമായുളള ഏക യാത്രാ മാർഗം വള്ളമാണ്. വീട്ടു വളപ്പിലും വളളത്തിലുമുളള പെയ്ത്തുവെള്ളം കോരിക്കളയുകയാണീ കുടുംബം, മഴ കനത്താൽ ഇവർക്ക് പുറത്തേക്ക് കടക്കണം. കോട്ടയം തിരുവാർപ്പിൽ നിന്നൊരു കാഴ്ച. മുൻപ് ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

മഴയിലെ മാറ്റം

കഴിഞ്ഞ ഒരു ദശകത്തിലേറെയായി മഴ ദിനങ്ങളിലും മഴ മണിക്കൂറിലും വലിയ മാറ്റമാണുണ്ടാകുന്നത്. കുറഞ്ഞ സമയം കൊണ്ട് ചെറിയ പ്രദേശത്ത് വലിയ മഴയെന്നതാണ് പുതിയ രീതി. പർവതജന്യമായ മഴയാണ് കേരളത്തില്‍ കൂടുതലായി ലഭിച്ചിരുന്നത്. എന്നാല്‍ സംവഹനമഴയുടെ രീതി ഏറി വരികയാണ് തീരദേശ മഴയിലും മാറ്റമുണ്ടാകുന്നുണ്ട് പെയ്തുവീഴുന്ന മഴയെ സംഭരിക്കുവാനുള്ള മണ്ണിന്‍റെ സ്വാഭാവിക ശേഷിയിലും കുറവുണ്ടാകുകയാണ്.

ഭൂവിനിയോഗവും മഴ ലഭ്യതയും

മിശ്രിത വിളകളില്‍ നിന്നും ഏക വിളകളിലേക്കും തോട്ട വിളകളിലേക്കും മാറിയതോടെ മണ്ണിലെ ജൈവാംശത്തിന്‍റെയും പച്ചപ്പിന്‍റെയും അളവില്‍ വലിയ കുറവാണുണ്ടായത്.  എത്ര ശക്തമായ മഴയെയും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന മണ്ണിന്‍റെ ജൈവാംശ രീതി മാറി കഴിഞ്ഞു. വനസമ്പത്തിന്‍റെയും വയലുകള്‍, കാവുകള്‍, തണ്ണീര്‍ തടങ്ങള്‍ എന്നിവയിലെയും കുറവ് മഴയുടെ ലഭ്യതയെയും സ്വാഭാവികമായുള്ള സംഭരണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഭൂവിനിയോഗത്തിലുണ്ടാകുന്ന കുറവും മാറ്റവും ഓരോ പ്രദേശത്തിന്‍റെയും സൂക്ഷ്മ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുവെന്ന് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ തത്വചിന്തകനായ പ്ലേറ്റോ നിരീക്ഷിച്ചിട്ടുണ്ട്. മേല്‍ മണ്ണിലുണ്ടാകുന്ന കുറവും വ്യത്യാസവും മഴ വെള്ളത്തെ കരുതുന്നതില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട് സമഗ്രവും ശാസ്ത്രീയവും പ്രാദേശികവുമായ മണ്ണ്, ജല- ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ ഭൂവിനിയോഗക്രമങ്ങള്‍ കൂടുതലായി വികസിപ്പിക്കേണ്ടതുണ്ട്.

മഴയിലെ വ്യതിയാനങ്ങള്‍

ഓരോ പ്രദേശത്തും ലഭിക്കുന്ന മഴയുടെ അളവ് കണക്കാക്കിയാണ് മഴ തീവ്രത പറയുന്നത്. ശരാശരി ലഭിക്കേണ്ട മഴയുടെ 60 ശതമാനം വർധനവുണ്ടായാല്‍ അതിതീവ്രമഴയും 20 മുതല്‍ 59 ശതമാനം വരെയായാല്‍ തീവ്രമഴയും 19 ശതമാനം വരെ കൂടുകയോ കുറയുകയോ ചെയ്താല്‍ സാധാരണ മഴയുമായാണ് ഐ.എം.ഡി. കണക്കാക്കുന്നത്. 20 മുതല്‍ 59 ശതമാനം വരെ മഴ കുറഞ്ഞാല്‍ മഴകുറവും 60 മുതല്‍ 99 ശതമാനം വരെ തീവ്രതോതിലുള്ള കുറവുമായാണ് കണക്കാക്കിയിട്ടുള്ളത്. ഓരോ പ്രദേശത്തും ഓരോ കാലയളവില്‍ എത്ര മഴ ലഭിക്കുന്നു എന്നതിനുപരിയായി എത്ര മഴ സ്വാഭാവികമായും കൃത്രിമ മാർഗങ്ങളിലൂടെയും സംഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ജലസുരക്ഷയിലെ പ്രധാനഘടകം. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന വടക്കേ ഇന്ത്യയിലെ ചിറാപൂഞ്ചി, മൗന്‍സിറാം എന്നിവിടങ്ങളില്‍ വര്‍ഷത്തില്‍ നല്ലൊരു കാലവും മഴയാണ്. പക്ഷെ മഴയില്ലാത്ത സീസണുകളില്‍ വലിയ ജല പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.

മഴയിലെ കുറവ് പരിഹരിക്കുമോ, അതോ പ്രളയവുമാകുമോ?

ഭൂമധ്യരേഖ പ്രദേശത്ത് കിടക്കുന്ന കേരളത്തില്‍ (80 അക്ഷാംശം) ശക്തമായ സൂര്യതാപമാണ് കഴിഞ്ഞ സീസണില്‍ ലഭിച്ചത്.  സൗരചക്രത്തിലുണ്ടായ താപ വ്യത്യാസവും കൂടിയാണ് ചൂട് കൂടാന്‍ കാരണം. ഓരോ 11 വര്‍ഷം കൂടുമ്പോഴും സൗരമണ്ഡലത്തില്‍ കാര്യമായ താപവ്യതിയാനവുമുണ്ടാകും.  ശക്തമായ ചൂട് ലഭിച്ചിരുന്നതുകൊണ്ട് തന്നെ നീരാവിയായ ജലത്തിന്‍റെ തോതും വർധിച്ച രീതിയിലായിരുന്നു. കടല്‍ കാറ്റുകളില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലും അന്തരീക്ഷത്തിലെ നീരാവിയുടെ അളവും മഴയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ജൂണ്‍ മാസത്തില്‍ ലഭിക്കാതെ പോയ മഴയുടെ ഒന്നിച്ചുള്ള വരവിനുള്ള സാധ്യതയും ഏറെയാണ്. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ഐ.എം.ഡി. തന്നെ നിരീക്ഷിച്ചിട്ടുണ്ട്. മഴയുടെ അളവും മറ്റും മുന്നോട്ടുള്ള 5 ദിവസത്തേക്ക് മാത്രമെ കൂടുതല്‍ കൃത്യതയോടെ പറയാനാവുകയുള്ളൂ. അവയില്‍ തന്നെ പ്രാദേശിക ഘടകങ്ങളുടെ സ്വാധീനം കൊണ്ട് മാറ്റമുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ദീര്‍ഘകാലയളവിലെ പ്രവചനത്തില്‍ വലിയ പരിമിതിയുണ്ട്.

പിന്നെ മറ്റൊരു സാധ്യതകൂടി മുന്നിലുണ്ട്. 2024 മെയ് മാസത്തില്‍ ശരാശരി മഴയെക്കാള്‍ 50 ശതമാനത്തിലധികം മഴ ലഭിച്ചിട്ടുണ്ട്. ആ മഴയില്‍ കുറെ ജലം മണ്ണിലും ഡാമുകളിലും മറ്റ് ജല സ്രോതസ്സുകളിലും ഇപ്പോഴുമുണ്ട്. മണ്ണിന്‍റെ ആഴവും കനവും കുറവായതിനാല്‍ ഒരുപാട് മഴവെള്ളത്തെ ഉള്‍ക്കൊള്ളാനും കഴിയില്ല. ഇവയൊക്കെ പരിഹരിച്ചിരുന്നത് സ്വാഭാവിക ജലസംരക്ഷണ പ്രദേശങ്ങളായ കാടുകളും കുളങ്ങളും നദികളും തോടുകളും വയലുകളും കാവുകളും തണ്ണീര്‍ തടങ്ങളുമാണ്. അധികമായെത്തുന്ന മഴയില്‍ വലിയൊരളവ് വരെ സംരക്ഷിച്ച് പ്രളയ സാധ്യത കുറച്ചിരുന്നത് ഇത്തരം ഘടകങ്ങളാണ് അതേസമയം ഇവയിലൊക്കെ വലിയ കുറവാണ് വന്നിട്ടുള്ളത്. മലയോര മേഖലകളിലുണ്ടായ മാറ്റം നീരൊഴുക്കിന്‍റെ വേഗത വർധിപ്പിച്ചിട്ടുണ്ട്. അതിനനുസരിച്ച് പ്രളയ സാധ്യതയും ഏറെയാണ്.  

മഴയിൽ വെള്ളം കയറിയ തിരുവനന്തപുരം ചാലക്കമ്പോളം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
മഴയിൽ വെള്ളം കയറിയ തിരുവനന്തപുരം ചാലക്കമ്പോളം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കരുതിയിരിക്കാം കരുതലോടെ

പെയ്ത്തു മഴയിലെ കുറവ് ഒരു പക്ഷെ പ്രകൃതി പരിഹരിച്ചേക്കാം. ശക്തമായ മഴ തന്നെ വരാനും സാധ്യതയുണ്ട്. എന്തായാലും ഓരോ മഴക്കു മുന്‍പും ശേഷവും കുറെ സമയം ലഭിക്കുന്നുവെന്നത് പ്രധാന കാര്യമാണ്. ഇത്തരം ഇടവേളകളില്‍ ഓരോ പ്രദേശത്തും മഴയെ വരവേല്‍ക്കുവാനും പ്രളയമുള്‍പ്പെടെ ഒഴിവാക്കുവാനുമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്. ജലം കെട്ടികിടക്കുന്ന സ്ഥലങ്ങളിലും കഴിഞ്ഞുപോയ മഴ സീസണുകളില്‍ ധാരാളമായി നീരൊഴുക്ക് ബ്ലോക്കുണ്ടായ സ്ഥലങ്ങളും കണ്ടുപിടിക്കുവാന്‍ പ്രയാസമില്ല.  ഇത്തരം ഇടങ്ങളില്‍ നീരൊഴുക്ക് വിന്യാസ രീതികള്‍ മനസ്സിലാക്കി അധിക ജലം ശാസ്ത്രീയമായി ഒഴുകി പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്. ഓടകള്‍, നീര്‍ച്ചാലുകള്‍ എന്നിവയിലെ മാലിന്യം സമയബന്ധിതമായി എടുത്തുമാറ്റി നീരൊഴുക്ക് സംവിധാനം ക്രമീകരിക്കേണ്ടതാണ്.

വിവിധങ്ങളായ മണ്ണ്, ജല, ജൈവ സംരക്ഷണം, കൃത്രിമ മഴവെള്ള സംഭരണം, ഭൂജല പരിപോഷണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പരമാവധി നടപ്പിലാക്കണം.  ഇപ്പോള്‍ ലഭിക്കാതിരുന്ന ബാക്കി മഴയുള്‍പ്പെടെ ഒന്നിച്ചു വന്നാലും കുറെ നമുക്ക് കൈകാര്യം ചെയ്യാനാവും അതിനുള്ള ശ്രമങ്ങളാണ് എല്ലാ ഭാഗത്തു നിന്നും സമയബന്ധിതമായി നടക്കേണ്ടത്.

English Summary:

Kerala's Monsoon Crisis: 25% Dip in June Rainfall Raises Climate Alarms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com