ADVERTISEMENT

ജന്തുലോകം വ്യത്യസ്തമാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്നവരും വളരെ അലസമായി നടന്നുനീങ്ങുന്നവരും ജന്തുക്കളിലുണ്ട്. ആകാശത്തു പറക്കുന്ന പക്ഷികളിലും ജീവികളിലും വേഗത കൂടും. പക്ഷികളിൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ പറക്കൽവേഗം കൈവരിച്ച പക്ഷികളാണ് പെരഗ്രിൻ ഫാൽക്കൺ. മണിക്കൂറിൽ ശരാശരി 320 എന്ന ഉയർന്ന വേഗം കൈവരിക്കാനുള്ള കഴിവ് ഈ പക്ഷികൾക്കുണ്ട്.

വേട്ടയാടാനായി ഹണ്ടിങ് സ്റ്റൂപ്പ് എന്ന അഭ്യാസം നടത്തുമ്പോഴാണ് ഈ വേഗം ഇവർ കൈവരിക്കുക. ഇരയുടെ പല മടങ്ങ് ഉയരത്തിലെത്തി ശരീരവും ചിറകുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് ചാട്ടുളി പോലെയാണ് ഇവ ഈ അടവ് ഇറക്കുന്നത്. ഭൂമിയിൽ നിൽക്കുന്ന ഇരയെയോ അല്ലെങ്കിൽ ആകാശത്തു തന്നെയുള്ള ഇരയെയോ റാഞ്ചിയെടുക്കാനായാണ് ഇവയുടെ ഈ മിന്നൽ പറക്കൽ. ഇത്തരത്തിൽ മിന്നൽപറക്കൽ നടത്തി ഏറ്റവും കൂടുതൽ വേഗം കൈവരിച്ച റെക്കോർഡ് പെരഗ്രിൻ ഫാൽക്കണുകളിലെ ഫ്രൈറ്റ്ഫുൾ എന്ന പക്ഷിക്കുള്ളതാണ്. യുഎസിലെ വാഷിങ്ടനിൽ ഈ പക്ഷി ഒരിക്കൽ മണിക്കൂറിൽ 389.46 കിലോമീറ്റർ എന്ന അതിവേഗം കൈവരിച്ചിരുന്നു. എന്നാൽ വേട്ടപ്പറക്കലിലല്ലാതെ പെരഗ്രിൻ ഫാൽക്കണുകൾ സാധാരണ പറക്കലുകളിൽ ഈ വേഗം കൈവരിക്കാറില്ല. സാധാരണ പറക്കലുകളിൽ മണിക്കൂറിൽ 111.6 കിലോമീറ്റർ വേഗമൊക്കെയാണ് ഇവ കൈവരിക്കുന്ന ഉയർന്ന വേഗം.

എന്നാൽ കോമൺ സ്വിഫ്റ്റ് എന്ന പക്ഷിയിനത്തിൽപെട്ട വൈറ്റ് ത്രോട്ടഡ് നീഡിൽടെയിൽ എന്ന പക്ഷി മണിക്കൂറിൽ 169 കിലോമീറ്റർ വേഗമൊക്കെ കൈവരിക്കാറുണ്ട്. എന്നാൽ ഇതിനെയെല്ലാം കവച്ചുവയ്ക്കുന്ന ആകാശവേഗം കൈവരിക്കുന്ന മറ്റൊരു ആകാശജീവിയുണ്ട്. അതൊരു പക്ഷിയല്ല മറിച്ച് വവ്വാലാണ്. ബ്രസീലിയൻ ഫ്രീ ടെയിൽഡ് ബാറ്റ് എന്നറിയപ്പെടുന്ന ഈ വവ്വാലിന് മണിക്കൂറിൽ 160 കിലോമീറ്റർ വരെ പറക്കൽവേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്.

English Summary:

Meet the World's Fastest Bird: Peregrine Falcon's Record-Breaking Speeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com