ലോകത്ത് അപൂർവമായി കാണപ്പെടുന്ന പിങ്ക് വജ്രങ്ങൾ; ഖനി ഉദ്ഭവിച്ചത് ഒരു വൻകര പിളർന്നു മാറിയപ്പോൾ
Mail This Article
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിഴക്കൻ കിംബർലിയിൽ സ്ഥിതി ചെയ്യുന്ന വജ്രഖനിയാണ് ആർഗിൽ ഖനി. 37 വർഷം പ്രവർത്തിച്ച ഈ ഖനിക്ക് ഒരു സവിശേഷതയുണ്ട്. ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന പിങ്ക് വജ്രങ്ങളുടെ 90 ശതമാനവും ഈ ഖനിയിലാണ് ഉൽപാദിപ്പിച്ചത്. ഏകദേശം 191 ടൺ പിങ്ക് വജ്രങ്ങളാണ് പ്രവർത്തനകാലയളവിൽ ഈ ഖനി ഉൽപാദിപ്പിച്ചത്. പിൽക്കാലത്ത് പിങ്ക് വജ്രങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഈ ഖനി അടച്ചുപൂട്ടപ്പെട്ടു.
മറ്റു കലർപ്പുകളൊന്നുമില്ലാതെ രാസഘടനയുടെ വ്യത്യാസം കൊണ്ടുമാത്രമാണ് യഥാർഥ പിങ്ക് വജ്രങ്ങൾ രൂപപ്പെടുന്നതെന്ന കാരണമാണ് ഇവയെ അപൂർവമാക്കിയത്. ഒരു കാരറ്റിന് (ഏകദേശം 0.2 ഗ്രാം) 20 ദശലക്ഷം ഡോളറാണ് വിലയെന്നത് ഈ വജ്രങ്ങളുടെ അപൂർവത വെളിവാക്കുന്ന കാര്യമാണ്. ഓസ്‌ട്രേലിയയിലെ ഒരു വിദൂരമേഖലയിൽ ആർഗിൽ തടാകത്തിന്‌റെ കരയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഡാർവിൻ നഗരത്തിന്‌റെ 550 കിലോമീറ്റർ വടക്കുകിഴക്കായാണ് ഇതിന്‌റെ സ്ഥാനം. റയോ ടിന്റോ എന്ന കമ്പനിയാണ് ഇവിടെ വജ്രഖനനം നടത്തിവന്നത്. പിങ്ക് വജ്രങ്ങൾക്കൊപ്പം വെള്ള, നീല, വയലറ്റ്, ചുവപ്പ് നിറത്തിലുള്ള വജ്രങ്ങളും ഇവിടെ നിന്ന് ഉൽപാദിപ്പിച്ചിരുന്നു.
ഒലിവിൻ ലാംപ്രോയ്റ്റ് എന്ന പ്രത്യേകയിനം അഗ്നിപർവത ശേഷിപ്പായുള്ള പാറകളാണ് ആർഗിൽ ഖനിയിലുള്ളത്. ഈ പാറകൾ 110 മുതൽ 120 കോടി വർഷങ്ങൾ പഴക്കമുള്ളതാണ്. നൂന എന്ന വൻഭൂഖണ്ഡം (സൂപ്പർകോണ്ടിനെന്റ്) പിളർന്നുമാറിയതാണ് ഈ ഖനിയുടെ പിറവിക്ക് വഴിവച്ചത്. ഇവിടെ ഇത്രയധികം പിങ്ക് വജ്രങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണമായതും ഈ പിളർപ്പ് തന്നെ. പ്രത്യേക താപ, സമ്മർദ സ്ഥിതികളുണ്ടാകുമ്പോഴാണ് പിങ്ക് വജ്രങ്ങൾ ഉടലെടുക്കുന്നത്.