തീരത്തു വീണ ചെറിയ നക്ഷത്രങ്ങൾ! മണലിൽ തിരഞ്ഞാൽ കിട്ടും; ഇതെങ്ങനെ വന്നു?
Mail This Article
അനേകം പ്രകൃതിപരമായ അദ്ഭുതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജപ്പാൻ. ഇവിടെ സ്ഥിതി ചെയ്യുന്ന 3 ദ്വീപുകളാണ് ഇരിയോമോട്ടേ, ഹറ്റോമ, ടാകെടോമി എന്നിവ. ഈ ദ്വീപുകളിലെ കടൽത്തീരങ്ങളിലുള്ള മണലിൽ ഒരു പ്രത്യേകതയുണ്ട്. ഒരു പിടി വാരി നോക്കിയാൽ ചെറുനക്ഷത്രങ്ങളെ കാണാം. ക്രീം നിറത്തിലുള്ള കക്ക പോലെയുള്ള നക്ഷത്രങ്ങൾ.
ബാക്ലോഗിപ്‌സിന സ്‌ഫെറുലാറ്റ എന്നയിനം കടൽജീവികളുടെ ശേഷിപ്പുകളാണ് ഇവ. പ്രാചീന ഇനത്തിൽ പെട്ട പ്രോട്ടസോവ വിഭാഗത്തിൽപെടുന്ന ജീവികളാണ് ബാക്ലോഗിപ്‌സിന. 1860ൽ ആണ് ഇവയെ കണ്ടെത്തിയത്. പ്രോട്ടോസോവ വിഭാഗത്തിൽ തന്നെ ഫോറാമിനിഫെറ എന്നയിനം ജീവിവർഗത്തിലാണ് ബാക്ലോഗിപ്‌സിന പെടുന്നത്. ഫോറാമിനിഫെറ വിഭാഗത്തിൽ ഏകദേശം നാലായിരത്തോളം ജീവികളുണ്ട്. ഏകദേശം 54 കോടി വർഷം മുൻപ് കാംബ്രിയൻ കാലഘട്ടം മുതൽ ഇവ ഇവിടെയുണ്ട്.
ഈ ജീവികൾ കടലിലെത്തുകയും കാൽഷ്യം കാർബണേറ്റ് ശേഖരിച്ച് ഷെല്ലുകളുണ്ടാക്കുകയും ചെയ്യും. പല ആകൃതിയിൽ ഷെല്ലുകൾ ഇവയുണ്ടാക്കും. ഇതിൽ ലളിതമായ ഷെല്ലുകൾ തൊട്ട് നക്ഷത്രാകൃതിയും അതുപോലെ സങ്കീർണമായ മറ്റാകൃതികളുമുണ്ട്. ഫോറാമിനിഫെറ ഗ്രൂപ്പിലുള്ള ജീവിക്ൾ ചത്തശേഷം ഇവയുടെ ഷെല്ലുകൾ കടലടിത്തട്ടിൽ അടിയും. ഇതു പിന്നീട് തിരയിലടിച്ചുകയറി തീരത്തെത്തും.
ജപ്പാനിൽ ഈ ഷെല്ലുകളെപ്പറ്റി ചില നാടോടിക്കഥകളുണ്ട്. ആകാശത്തെ രണ്ട് നക്ഷത്രങ്ങൾ തമ്മിൽ കല്യാണം കഴി്ച്ചുണ്ടായ കുട്ടികളുടേതാണ് ഈ ഷെല്ലുകളെന്നാണ് ആ കഥ. ഭൗമപഠനത്തിലും ഈ ഷെല്ലുകൾ സഹായകരമാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് ഭൂമി എങ്ങനെയായിരുന്നെന്നു പഠിക്കാൻ ശാസ്ത്രജ്ഞർ ഈ നക്ഷത്രഷെല്ലുകളെ ഉപയോഗിക്കുന്നു.