400 മനുഷ്യരെ കൊല്ലാനുള്ള അളവ്! റെക്കോർഡ് വിഷം പുറത്തുവിട്ട് പാമ്പ്
Mail This Article
ലോകമെമ്പാടും മൂവായിരത്തിലേറെ തരം പാമ്പുകളുണ്ടെന്നാണു കണക്ക്. ഇതിൽ അറൂന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്. മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റിൽ സ്നേക്, ബ്ലാക്ക് മാംബ തുടങ്ങി പരിചിതരായവരുമുൾപ്പെടെ പാമ്പുവർഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ടൈപാൻ എന്ന വിഭാഗത്തിൽ രണ്ടുതരം പാമ്പുണ്ട്. കോസ്റ്റൽ ടൈപാൻ, ഇൻലാൻഡ് ടൈപാൻ എന്നിവയാണ് ഇവ.
കൂടുതലാൾക്കാർക്കും പരിചയം കോസ്റ്റൽ ടൈപാൻ എന്ന പേരിൽ തീരദേശമേഖലയിൽ കാണപ്പെടുന്ന പാമ്പുകളാണ്. കോസ്റ്റൽ ടൈപാനുകൾ മനുഷ്യരെ ആക്രമിക്കുന്നതിനു വലിയ മടികാട്ടാറില്ല. ഇവയുടെ കടിയേൽക്കുന്നവരിൽ 80 ശതമാനം പേരും മുൻപ് മരിച്ചിരുന്നു. ഇന്ന് ഇതിന്റെ വിഷത്തെ പ്രതിരോധിക്കുന്ന മറുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റൽ ടൈപാൻ, ആഫ്രിക്കയിൽ അധിവസിക്കുന്ന ബ്ലാക് മാംബയ്ക്കൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പായി കണക്കാക്കപ്പെടുന്നു.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ജീവിക്കുന്ന ഒരു കോസ്റ്റൽ ടൈപാൻ പാമ്പാണ് സൈക്ലോൺ. ഈ പാമ്പ് അദ്ഭുതകരമായ ഒരു കാര്യം ചെയ്തു. 5.2 ഗ്രാം വിഷം ഇത് അടുത്തിടെ വിഷമെടുപ്പിൽ പുറത്തുവിട്ടു. 400 ആളുകളെ കൊല്ലാനുള്ള വിഷമുണ്ടത്രേ ഇത്. സാധാരണ ഗതിയിൽ കോസ്റ്റൽ ടൈപാൻ പാമ്പുകൾ പുറത്തുവിടുന്ന വിഷത്തിന്റെ അളവിന്റെ 3 മടങ്ങാണിത്.
∙ ഇൻലാൻഡ് ടൈപാൻ
ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പ് ടൈപാൻ വിഭാഗത്തിലുള്ള ഇൻലാൻഡ് ടൈപാനാണ്.ഒറ്റക്കൊത്തിൽ ടൈപാൻ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാൻ കഴിയും, ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെ നശിപ്പിക്കാനും കഴിയും.
ടായ്പോക്സിൻ എന്ന ന്യൂറോടോക്സിൻ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം ഇത്രത്തോളം അപകടകാരിയാകുന്നത്. മനുഷ്യരിൽ ഇതു പ്രവേശിച്ചുകഴിഞ്ഞാൽ ഉടനടി പേശികളെ അതു മരവിപ്പിക്കുകയും രക്തധമനികൾക്കും ശരീരകലകൾക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും
കടുത്ത വിഷത്തിനൊപ്പം ഉയർന്ന ചലനവേഗവും കൃത്യമായി കൊത്താനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്.എന്നാൽ കോസ്റ്റൽ ടൈപാനുകളെപ്പോലെ മനുഷ്യർക്കിടയിലേക്ക് വന്ന് ഇടപെടാൻ ഇൻലാൻഡ് ടൈപാനു വലിയ താൽപര്യമില്ല. പ്രകോപനം സൃഷ്ടിക്കാൻ അങ്ങോട്ടു ചെന്നാൽ ഈ പാമ്പ് ഫണമുയർത്തി ആദ്യമൊരു മുന്നറിയിപ്പു തരും. പിന്നെയും കളിക്കാനാണു ഭാവമെങ്കിൽ ആക്രമിക്കാൻ ടൈപാൻ മടിക്കാറില്ല.
അൽപം നാണക്കാരനായ ഈ പാമ്പ് അധികം വെട്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യവാസം തീരെക്കുറവായ മേഖലകളിലാണ് ഇവ കൂടുതലായി താമസിക്കുന്നതും. അതിനാൽ തന്നെ അത്ര അപകടകാരിയായ ഒരു പാമ്പായി ഇതിനെ വിദഗ്ധർ വിലയിരുത്തുന്നില്ല.