ADVERTISEMENT

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജലബജറ്റ് എന്ന ആശയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ നിതി ആയോഗ് ശ്രമം തുടങ്ങി. കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറും അംഗങ്ങളുമായി നിതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരും ഉപദേശകരും ഇതു സംബന്ധിച്ച് ചർച്ച നടത്തി. മറ്റു സംസ്ഥാനങ്ങളിൽ കൂടി ഈ ആശയം പ്രാവർത്തികമാക്കി ജല ബജറ്റുകൾ തയാറാക്കാനാണ് ചർച്ച.

ഓരോ പഞ്ചായത്ത് പരിധിക്കുള്ളിലെ ജലലഭ്യതയും വിവിധ മേഖലകളിൽ ആവശ്യമായ ജലത്തിന്റെ അളവും തുലനം ചെയ്തു തയാറാക്കുന്ന രേഖയാണ് ജല ബജറ്റ്. മഴ, ഉപരിതല ജലം, ഭൂജലം, ഒഴുകി വരുന്നതും പോകുന്നതുമായ ജലം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതു കണക്കാക്കുന്നത്. ശുദ്ധജലം, ജലസേചനം, വ്യവസായം, ടൂറിസം മത്സ്യബന്ധനം, മറ്റ് അടിസ്ഥാന പാരിസ്ഥിതിക നീരൊഴുക്ക് എന്നിവ നിലനിർത്താൻ വിവിധ സമയങ്ങളിൽ വേണ്ടി വരുന്ന ജലാവശ്യകത കണ്ടെത്തും. ഒരു മാസത്തെ 10 ദിവസം വരുന്ന 3 ഭാഗങ്ങളായി തിരിച്ച് 36 ഘട്ടങ്ങളായാണ് വാർഷിക ബജറ്റ് തയാറാക്കുന്നത്. ജലമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി നിയന്ത്രിക്കാനും സാധിക്കും. ഇതിന് കാർബൺ മാപ്പിങ്ങ് കൂടി ഏകോപിപ്പിച്ചാൽ മതി. പദ്ധതി പൂർണമായും നടപ്പായാൽ രാജ്യത്തെ എല്ലാ ജില്ലകളിലും സംസ്ഥാന അടിസ്ഥാനത്തിലും ജല ബജറ്റുകൾ തയാറാക്കും. 

രാജ്യത്ത് ലഭ്യമായ ജലം ശാസ്ത്രീയമായി ഉപയോഗിക്കാൻ ബജറ്റ് സഹായകമാകും. സുസ്ഥിര വികസന ലക്ഷ്യങ്ങളും നെറ്റ് സീറോ കാർബൺ തുലന വ്യവസ്ഥയും ഉൾപ്പെടെ നടപ്പാക്കാനും സാധിക്കും. നിതി ആയോഗിലെ ജലശുചിത്വ വിഭാഗം മേധാവി ഡോ. യുഗൽ ജോഷി, പരിസ്ഥിതി കാലാവസ്ഥാ ഉപദേശകൻ എ. മുരളീധരൻ, സിഡബ്ലിയുആർഡിഎം മേധാവി ഡോ. മനോജ് പി. സാമുവൽ, സി.എം. സുശാന്ത്, പരിശീലന വിഭാഗം മേധാവി ബി. വിവേക് എന്നിവരും നിതി ആയോഗ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

മാതൃകയായി മുഖ്യമന്ത്രിയുടെ മണ്ഡലം

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജലബജറ്റ് നടപ്പാക്കുന്നത് ഹരിതകേരള മിഷന്റെ നേതൃത്വത്തിലാണ്. സംസ്ഥാനത്തെ പല പഞ്ചായത്തുകളും ബജറ്റ് തയാറാക്കി. ധർമടം നിയമസഭാ മണ്ഡലത്തിന്റെ ജല ബജറ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി എന്ന് ഹരിത കേരള മിഷൻ വൈസ് ചെയർപെഴ്സൻ ഡോ. ടി.എൻ സീമ പറഞ്ഞു. കൊട്ടാരക്കര, തൃത്താല മണ്ഡലങ്ങളും മുന്നൂറോളം പഞ്ചായത്തുകളും ബജറ്റ് തയാറാക്കി എന്നും ഡോ. സീമ പറഞ്ഞു.

English Summary:

India's Water Future: NITI Aayog to Take Kerala's 'Water Budget' Nationwide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com