ആൽബട്രോസുകളെ തിന്നുന്ന എലികളെ ബോംബിട്ട് നശിപ്പിക്കാൻ ദക്ഷിണാഫ്രിക്ക
Mail This Article
ദക്ഷിണാഫ്രിക്ക അപൂർവമായ ഒരു പ്രകൃതിസംരക്ഷണ യജ്ഞത്തിനൊരുങ്ങുകയാണ്. തങ്ങളുടെ നിയന്ത്രണത്തിൽ കടലിലുള്ള ഒരു വിദൂരദ്വീപിൽ താമസിക്കുന്ന എലികളെയാണ് വിഷവസ്തുക്കൾ അടങ്ങിയ പെല്ലറ്റുകളാൽ വെടിവച്ച് കൊല്ലാൻ ദക്ഷിണാഫ്രിക്കയുടെ ശ്രമം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്ന് 2000 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മാരിയോൺ ദ്വീപിലാണ് ഈ അപൂർവ ദൗത്യം നടക്കാൻ പോകുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലുള്ള വാണ്ടറിങ് ആൽബട്രോസ് ഉൾപ്പെടെ അപൂർവ പക്ഷികളുടെ ഇഷ്ടപ്പെട്ട താമസനിലമാണ് മാരിയോൺ ദ്വീപ്. ഇവയുടെ മുട്ടകൾ നേരത്തെ തന്നെ എലികൾ തിന്നൊടുക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ ജീവനോടെയുള്ള പക്ഷികളെയും എലികൾ ആഹാരമാക്കുന്ന സ്ഥിതി വന്നതോടെയാണ് ദ്വീപിൽ ഈ വെടിവയ്പ് നടത്താൻ ദക്ഷിണാഫ്രിക്കൻ അധികൃതരെ നിർബന്ധിതരാക്കിയത്.
എലികളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പക്ഷികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദ്വീപിൽ താമസിക്കുന്ന 29 കടൽപ്പക്ഷികളിൽ 19 എണ്ണം വംശനാശഭീഷണി നേരിടുന്നവയാണ്. എലികൾ പക്ഷികളുടെ ദേഹത്തേക്ക് ചാടിക്കയറിയ ശേഷം അവയെ ജീവനോടെ തിന്നുന്ന രീതിയാണ് ഇവിടെയുള്ളത്. ആയിരക്കണക്കിന് പക്ഷികളെയാണ് ഓരോ വർഷവും ഇങ്ങനെ നഷ്ടപ്പെടുന്നതെന്നാണ് അധികൃതർ പറയുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിന്‌റെ തുടക്കത്തിൽ ഈ ദ്വീപിലെ എലിശല്യം നിയന്ത്രിക്കാനായി കുറച്ചുപൂച്ചകളെ ഇവിടെ എത്തിച്ചിരുന്നു. എന്നാൽ ഇവ എണ്ണത്തിൽ പെരുകുകയും ഇവ ലക്ഷക്കണക്കിന് പക്ഷികൾ ചാവാൻ ഇടയാകുകയും ചെയ്തു. 1991ൽ ദ്വീപിലുള്ള എല്ലാ പൂച്ചകളെയും നീക്കം ചെയ്തു.