അമിതചൂടും പകലിന്റെ ദൈർഘ്യവും; ഓണക്കാലത്തും കണിക്കൊന്ന പൂത്തു
Mail This Article
പൂക്കളുടെ കാലമാണെങ്കിലും ഓണക്കാലത്ത് കണിക്കൊന്ന പൂക്കുക പതിവുള്ളതല്ല. വിഷുക്കാലമായ മേടത്തിൽ പൂത്തുകൊഴിയേണ്ട കണിക്കൊന്ന ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം കാരണം ചിങ്ങത്തിലും പൂത്തിരിക്കുകയാണ്. അമിത ചൂടും പകലിന്റെ ദൈർഘ്യം കൂടിയതും കണിക്കൊന്നയുടെ പുഷ്പിക്കൽ പ്രക്രിയയെ തകിടംമാറിച്ചു.
കൊന്നയിലെ പുഷ്പിക്കൽ ഹോർമോൺ ആണ് ‘ഫ്ലോറിജൻ’. മണ്ണിൽ വെള്ളത്തിന്റെ അംശം കുറയുമ്പോഴും വായുവിൽ ഈർപ്പസാന്നിധ്യം ഇല്ലാതാകുമ്പോഴാണ് ഇത് ഉൽപാദിപ്പിക്കുന്നത്. നിലവിൽ അമിത മഴ പെയ്താലും ഉടൻതന്നെ മണ്ണിലെ ഈർപ്പം ഇല്ലാതായി വരണ്ടുപോകുന്നു. ഇത് കണിക്കൊന്നയുടെ പുഷ്പിക്കലിനു അനുകൂല സാഹചര്യം ഒരുക്കുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ഉഷ്ണമേഖലാ സസ്യങ്ങളിൽ ഉൾപ്പെടുന്നവയാണ് കണിക്കൊന്ന. ചിങ്ങത്തിലെ കൊന്നപൂക്കൽ അന്തരീക്ഷത്തിൽ താപനില ഉയരുന്നുവെന്നതിന്റെ സൂചനയാണ്. സംസ്ഥാനത്തെ മാവ്, കശുമാവ് എന്നിവയുടെ പൂവിടലിനെക്കുറിച്ചും പഠനം നടത്തിയിരുന്നു. കൊന്നയുടെ അകാലപൂവിടലിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.