കരടിയുടെ ഗുഹയിൽ കയറി യുവാവിന്റെ സാഹസം; തൊട്ടുപിന്നാലെ ഉടമയെത്തി
Mail This Article
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് ഉണ്ടാകുന്ന അപകടങ്ങളിൽ ഭൂരിഭാഗവും മനുഷ്യർ തന്നെ വരുത്തിവയ്ക്കുന്നവയാണ്. സമൂഹമാധ്യമങ്ങൾ കൂടുതൽ പ്രചാരം നേടിയതോടെ വിഡിയോ പകർത്തി ശ്രദ്ധ നേടാൻ ജീവൻ പണയവച്ചവരെ മൃഗങ്ങളുമായി ഇടപഴകുന്നവരുണ്ട്. പാമ്പുകളെ കൈകാര്യം ചെയ്യാൻ ശ്രമിച്ച് അവയുടെ വിഷമേറ്റു മരണമടഞ്ഞവരും ആനകളുടെ ആക്രമണത്തിൽ പെട്ടവരുമെല്ലാം ഇതിൽ പെടും. എന്നാൽ ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത് ഒരു യുവാവ് കരടിയുമായി നേർക്കു നേർ എത്തുന്നതിന്റെ ദൃശ്യങ്ങളാണ്. അതും കരടിയുടെ ഗുഹയ്ക്കുള്ളിൽ ഇറങ്ങിച്ചെന്നായിരുന്നു യുവാവിന്റെ സാഹസം.
സെർബിയ സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ സ്റ്റീഫൻ ജാങ്കോവിക്കാണ് കരടിയെ അതിന്റെ വാസസ്ഥലത്ത് കണ്ടുമുട്ടിയത്. ഭയാനകമായ ഈ രംഗം സ്റ്റീഫൻ തന്നെ പകർത്തുകയായിരുന്നു. ദൃശ്യത്തിന്റെ തുടക്കത്തിൽ ഗുഹയ്ക്കുള്ളിൽ ഇറങ്ങിയിരിക്കുന്ന സ്റ്റീഫനെ കാണാം. തൊട്ടു പിന്നാലെ ഗുഹയുടെ വാതിലിന്റെ ഭാഗത്തായി കൂറ്റനൊരു കരടി ഉള്ളിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. കരടി ഉള്ളിലേയ്ക്ക് പ്രവേശിച്ചാൽ സ്റ്റീഫന് ഓടി രക്ഷപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥ.
പതിയെ കരടി ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങിത്തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന നിലയിലായിരുന്നു സ്റ്റീഫൻ. എന്നാൽ തന്റെ ഗുഹയ്‌ക്കുള്ളിൽ കടന്നുകയറിയ ആളെ ആക്രമിക്കാനുള്ള മനോഭാവത്തിൽ ആയിരുന്നില്ല കരടി. അത് ഏതാനും ചുവടുകൾ മുന്നോട്ടുവച്ച് സ്റ്റീഫന് തൊട്ടരികിൽ വരെ എത്തി. എന്നാൽ ഉടൻ തന്നെ പിന്നിലേക്ക് നടന്ന് പുറത്ത് എത്തുകയായിരുന്നു. ഈ തക്കത്തിന് സ്റ്റീഫനും പതിയെ ഗുഹയിൽനിന്നും പുറത്തിറങ്ങി.
പുതിയ അതിഥിയെ പരിചയപ്പെടാൻ എന്ന മട്ടിൽ കരടി സ്റ്റീഫന്റെ തൊട്ടരികിലെത്തി യുവാവിന്റെ തലയിൽ മണപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഓൺ ചെയ്ത നിലയിലുള്ള കാമറയും കരടി പരിശോധിക്കുന്നുണ്ട്. സാവധാനത്തിൽ സ്റ്റീഫൻ വെളിയിലെത്തി കരടിക്ക് സമീപം നിൽക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. പെട്ടെന്ന് കരടിയെ കണ്ടു പരിഭ്രമിച്ചു പോയെങ്കിലും തികഞ്ഞ സംയമനത്തോടെയായിരുന്നു സ്റ്റീഫന്റെ പെരുമാറ്റം. അതിനെ ഒരുതരത്തിലും പ്രകോപിപ്പിക്കാനോ ഭയപ്പെടുത്തി ഓടിക്കാനോ യുവാവ് ശ്രമിച്ചില്ല.
ആറു കോടിയിൽപരം ആളുകളാണ് സ്റ്റീഫന്റെ ഈ സാഹസിക വിഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമിലൂടെ കണ്ടത്. ഇതിനുപുറമേ രണ്ടു കരടികൾ പിന്നാലെ എത്തിയപ്പോൾ മരത്തിൽ കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും സ്റ്റീഫൻ തന്റെ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്റ്റീഫന്റെ ധൈര്യം കണ്ട് അമ്പരപ്പോടെയാണ് ആളുകൾ പ്രതികരണങ്ങൾ കുറിക്കുന്നത്. മനസ്സാന്നിദ്ധ്യം കൈവിടാതെ സംയമനത്തോടെ പെരുമാറിയതുകൊണ്ട് മാത്രമാണ് സ്റ്റീഫൻ രക്ഷപ്പെട്ടത് എന്ന് പലരും അഭിപ്രായപ്പെടുന്നു. അതേസമയം ആക്രമിക്കാൻ മുതിർന്ന കരടി കാമറ കണ്ടതോടെ തെളിവ് അവശേഷിക്കുമെന്ന് മനസ്സിലാക്കി പിന്തിരിഞ്ഞതാവാം എന്ന തരത്തിൽ രസകരമായ കമന്റുകളുമുണ്ട്. എന്തുതന്നെയായാലും ഇത്തരം സാഹസികതയ്ക്ക് മുതിർന്ന് സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്നും വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളിൽ കയറി അവയെ പ്രകോപിപ്പിക്കുന്നത് ശരിയല്ല എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.