ന്യൂസീലൻഡിൽ ആകാശത്ത് പകിട പോലൊരു മേഘം! ചിത്രം പുറത്തുവിട്ട് നാസ
Mail This Article
ആകാശത്ത് പല ആകൃതിയിലും തരത്തിലുമുള്ള മേഘങ്ങളുണ്ടാകാറുണ്ട്. കാലാവസ്ഥാ ശാസ്ത്രജ്ഞർ മേഘങ്ങളെക്കുറിച്ച് പഠിച്ച് അവയെ പല വിഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ന്യൂസീലൻഡിൽ കാണപ്പെട്ട വിചിത്രമായ ഒരു മേഘത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിലുള്ള ഒട്ടാഗോ മേഖലയ്ക്ക് മുകളിലാണ് മേഘം കാണപ്പെട്ടത്. ഒരു പകിടയുടെ ആകൃതിയിലുള്ള മേഘമാണ് ഇത്.
ഇലോങ്ങേറ്റഡ് ലെന്‌റിക്യുലർ എന്ന വിഭാഗത്തിൽ ശാസ്ത്രജ്ഞർ പെടുത്തുന്ന മേഘം നേരത്തെയും ഇവിടെ ദൃശ്യമായിട്ടുണ്ട്. ടായിറി പെറ്റ് എന്നാണ് ഈ മേഘം തദ്ദേശീയ ഭാഷയിൽ ഇവിടെ അറിയപ്പെടുന്നത്. ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിൽ ഉടലെടുക്കുന്ന പ്രത്യേക തരം കാലാവസ്ഥാ ഘടനകളാണ് ഇതിനു വഴിവയ്ക്കുന്നത്. 2024 സെപ്റ്റംബർ ഏഴിന് നാസയുടെ ലാൻഡ്‌സാറ്റ് ഉപഗ്രഹത്തിലെ ഓപ്പറേഷനൽ ലാൻഡ് ഇമേജറാണ് ഈ ദൃശ്യം പകർത്തിയത്.
വീശിയടിക്കുന്ന കാറ്റ് മലനിരകൾ പോലുള്ള പ്രതിബന്ധങ്ങളെ പെട്ടെന്നു നേരിടേണ്ടിവരുന്നതാണ് ഇലോങ്ങേറ്റഡ് ലെന്റിക്യുലർ മേഘങ്ങളുടെ പിറവിക്ക് കാരണമാകുന്നത്. ഒട്ടാഗോയിൽ ഇത്തരം മേഘങ്ങൾ സ്ഥിരം കാഴ്ചയാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഉന്നത അന്തരീക്ഷ മേഖലയിൽ വലിയ തോതിൽ കാറ്റും വായുചലനവുമുണ്ടാകുന്നെന്ന സൂചനയാണ് ഈ മേഘങ്ങൾ.