ജലത്തിൽ തെളിയുന്ന മഴവില്ലുകൾ! മാന്ത്രിക കാഴ്ചയൊരുക്കുന്ന യുഎസിലെ ചതുപ്പുകാട്
Mail This Article
യുഎസിലെ വെർജീനിയ സംസ്ഥാനത്തുള്ള ഒരു ചതുപ്പുകാടാണ് റെയിൻബോ സ്വാംപ്. ജലത്തിൽ മുങ്ങിയ ഒരു വനം. മഞ്ഞുകാലമാകുമ്പോൾ ഇങ്ങോട്ടേക്കെത്തുന്ന സഞ്ചാരികൾക്ക് അപൂർവമായ ഒരു കാഴ്ച കാണാം. കാട്ടിലെ വെള്ളത്തിൽ കലർന്നു കിടക്കുന്ന മഴവിൽ നിറങ്ങൾ. തികച്ചും മാന്ത്രികമായ അനുഭവമെന്നാണ് ഇതു കാണുന്നവർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ബാൾഡ് സൈപ്രസ് എന്ന വിഭാഗത്തിൽപെട്ട മരങ്ങൾ നിറഞ്ഞ കാടാണ് റെയിൻബോ സ്വാംപ്. ഫസ്റ്റ് ലാൻഡിങ് സ്റ്റേറ്റ് പാർക്ക് എന്ന ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഈ ചതുപ്പ്കാട്. 1607ൽ ഇംഗ്ലിഷ് കോളനിസംഘങ്ങൾ ആദ്യമായി ഇവിടെയെത്തിയതിന്‌റെ ഓർമയ്ക്കായാണ് ഫസ്റ്റ് ലാൻഡിങ് സ്റ്റേറ്റ് പാർക്ക് എന്ന് ഈ ഉദ്യാനത്തിന് പേര് ലഭിച്ചത്.
ഈ കാഴ്ച നേരത്തെ പറഞ്ഞതുപോലെ മഞ്ഞുകാലത്തു മാത്രമേ ഉള്ളൂ. മറ്റു സമയങ്ങളിലെല്ലാം ഈ കാട് മറ്റേതൊരു ചതുപ്പുനിലത്തെയും അനുസ്മരിപ്പിക്കും. മഞ്ഞുകാലത്ത് ഈ ചതുപ്പിൽ മരങ്ങളുടെ ഇലകൾ വീണ് അഴുകുന്നതാണ് ഈ പ്രതിഭാസത്തിനു വഴി വയ്ക്കുന്നത്. സെപ്രസ് മരങ്ങളിൽ നിന്നുള്ള സൂചിപോലെയുള്ള ഇലകൾ ചതുപ്പിൽ വീണഴുകും. ഇതിലേക്ക് സൂര്യപ്രകാശം ചില പ്രത്യേക കോണിൽ പതിക്കുമ്പോഴാണ് കമനീയമായ മഴവിൽക്കാഴ്ച ഈ കാട്ടിൽ ഉടലെടുക്കുന്നത്.
ബാൾഡ് സൈപ്രസ് മരങ്ങളുടെ ഇലകളിൽ ചില പ്രത്യേക എണ്ണകളുണ്ട്. ഇലകൾ അഴുകുമ്പോൾ ഇവ വെള്ളത്തിലേക്കു കലരും. ഇത് വെള്ളത്തിനു മുകളിൽ ഒരു പാട പോലെ കിടക്കും. വെള്ളത്തിൽ എണ്ണ വീഴുമ്പോൾ മഴവിൽനിറങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ടാകുമല്ലോ. ഏതാണ് അതുപോലത്തെ ഒരു പ്രതിഭാസം കാട്ടിൽ മഴവിൽക്കാഴ്ചയൊരുക്കും.