വരണ്ടുണങ്ങിയ ആഫ്രിക്കയിൽ മഞ്ഞുവീഴ്ച; അപൂർവ പ്രതിഭാസത്തിൽ മതിമറന്ന് സിംഹങ്ങൾ
Mail This Article
പൊതുവേ വരണ്ടുണങ്ങിയ കാലാവസ്ഥയ്ക്ക് പേരുകേട്ട ഇടമാണ് ദക്ഷിണാഫ്രിക്ക. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ ഉടനീളം ദക്ഷിണാഫ്രിക്കയിൽ അസാധാരണമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. വെറുതെയങ്ങ് മഞ്ഞു വീഴുകയല്ല മറിച്ച് കനത്ത മഞ്ഞുവന്നു മൂടിയതിനെ തുടർന്ന് പ്രധാന പാതകൾ അടക്കം അടയ്‌ക്കേണ്ട സാഹചര്യമായിരുന്നു പല നഗരങ്ങളിലും ഉണ്ടായത്. മഞ്ഞു പുതച്ചുകിടക്കുന്ന പുൽമേടുകളുടെയും നിരത്തുകളുടെയും ധാരാളം ചിത്രങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നും പുറത്തുവരുന്നുണ്ട്.
അസാധാരണമായ ഈ കാലാവസ്ഥ ദക്ഷിണാഫ്രിക്കയിലെ സിംഹങ്ങൾ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടുന്നത്. ജിജി കൺസർവേഷൻ എന്ന സന്നദ്ധ സംഘടനയാണ് സിംഹങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വനപ്രദേശത്ത് മഞ്ഞിനുള്ളിലൂടെ നടന്നു നീങ്ങുന്ന ധാരാളം സിംഹങ്ങളെ ദൃശ്യങ്ങളിൽ കാണാം. ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥയായിട്ടു പോലും അതിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ശരീരത്തിൽ മഞ്ഞുതുള്ളികൾ വന്നു വീഴുമ്പോഴും അതിന്റെ ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിക്കാതെയാണ് സിംഹങ്ങളുടെ പെരുമാറ്റം.
ഭൂരിഭാഗം സിംഹങ്ങളുടെയും പെരുമാറ്റം ഇത്തരത്തിലായിരുന്നെങ്കിലും വളരെ ചെറിയൊരു ശതമാനം മാരം മഞ്ഞുവീഴ്ച ഉണ്ടായ സമയത്ത് കൂടുകളിൽ സ്വയം അഭയം തേടുകയും ചെയ്തിരുന്നു. ജൂലൈ മാസത്തിൽ പുലർച്ചെ സമയങ്ങളിൽ ഇവിടെ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് വരെ കുറയാറുണ്ട്. ഇത്രയധികം തണുപ്പ് അനുഭവിച്ചിട്ടുള്ളത് കൊണ്ടാവാം സിംഹങ്ങളെ മഞ്ഞുവീഴ്ച കാര്യമായി ബാധിക്കാതിരുന്നത് എന്ന് നിരീക്ഷകർ പറയുന്നു. തികച്ചും സാധാരണ രീതിയിൽ വനപ്രദേശങ്ങളിലൂടെ അവ നടക്കുകയായിരുന്നു. ഏത് സാഹചര്യങ്ങളിലും അതിജീവിക്കാനും പോരാടി നിലനിൽക്കാനും സിംഹങ്ങൾക്ക് പ്രത്യേക ശക്തിയുണ്ടെന്നതിൻ്റെ തെളിവായി മഞ്ഞു വീഴ്ചയിൽ പതറാതെയുള്ള ഇവയുടെ പെരുമാറ്റം കണക്കാക്കപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിൽ മഞ്ഞുവീഴും എന്നറിഞ്ഞതിലെ അത്ഭുതമാണ് ഭൂരിഭാഗം ആളുകളും പോസ്റ്റുകൾക്കുള്ള പ്രതികരണമായി കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നത്. വെളുത്ത മഞ്ഞു പുതപ്പിനുള്ളിലൂടെ സിംഹങ്ങൾ നടന്നുവരുന്ന കാഴ്ച രാജകീയമാണെന്നും പലരും വിശേഷിപ്പിക്കുന്നുണ്ട്. അതേസമയം പുറമെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും പരിചിതമല്ലാത്ത ഈ കാലാവസ്ഥ സിംഹങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല. മഞ്ഞുവീണു കിടക്കുന്ന കാഴ്ച അതിമനോഹരമാണെങ്കിലും കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീകരമുഖമാണ് ഇതിനുപിന്നിൽ വെളിവാകുന്നതെന്ന് ഓർമിപ്പിക്കുന്നവരുമുണ്ട്.