കടലടിത്തട്ടിൽ വെളുത്ത ട്യൂബുകൾ പോലെ വൻവിരകൾ! അദ്ഭുതമേകി കണ്ടെത്തൽ
Mail This Article
പസിഫിക് സമുദ്രത്തിൽ ഗാലപ്പഗോസ് ദ്വീപുകളുടെ സമീപം വെളുത്തതും വലുപ്പമേറിയതുമായ വിരകൾ ജീവിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നുണ്ടെന്നു പുതിയ കണ്ടെത്തൽ. സൂക്ഷ്മകോശജീവികളും വൈറസുകളും മാത്രമാണ് ഇവിടെ ജീവിച്ചിരിക്കുന്നതെന്നായിരുന്നു ഇതുവരെ ശാസ്ത്രജ്ഞർ കരുതിയിരുന്നത്. ജയന്റ് ട്യൂബ്‌വേം എന്ന ഗണത്തിൽപെടുന്ന വിരകളാണ് ഇവിടെയുള്ളത്.
കടലടിത്തട്ടിൽ ഉഷ്ണജലം പ്രവഹിക്കുന്ന സ്രോതസ്സുകൾക്ക് സമീപമാണ് ട്യൂബ്‌വേമുകൾ സ്ഥിതി ചെയ്യുന്നത്. ദ്രാവകങ്ങൾ നിറഞ്ഞ പൊത്തുകളിൽനിന്നാണ് ഇവയെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച ഗവേഷണം നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
20 സെന്റിമീറ്റർ മുതൽ 50 സെന്റിമീറ്റർ വരെ നീളമുള്ള വിരകളെ ശാസ്ത്രജ്ഞർ ഇവിടെ കണ്ടെത്തി. പസിഫിക് സമുദ്രത്തിലെ ഈസ്റ്റ് പസിഫിക് റൈസ് മേഖലയിലായിരുന്നു ഈ വിരകളെ കണ്ടെത്തിയത്. വിവിധ ഭൗമപ്ലേറ്റുകൾ സംഗമിക്കുന്നയിടമാണ് തെക്കേ അമേരിക്കൻ തീരത്തിനടുത്തുള്ള ഈ മേഖല.
ട്യൂബ്‌വേമുകളുടെ ലാർവ തിരഞ്ഞാണ് ശാസ്ത്രജ്ഞർ ഇവിടെ തിരച്ചിൽ നടത്തിയത്. ഈ മേഖലയിലെ മറ്റു ജീവജാലങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യവും ശാസ്ത്രജ്ഞർക്കുണ്ടായിരുന്നു. കടലടിത്തട്ടിലെ ഉഷ്ണജലശ്രോതസ്സുകൾ സൂക്ഷ്മജീവികളുമായി ബന്ധപ്പെട്ടുള്ള ജീവികളെ ആകർഷിക്കാറുണ്ട്.