ജപ്പാന്റെ ‘ഹിനോകി’: ആദ്യ തടി ‘ഉപഗ്രഹം’ നിർമിച്ചത് ഈ മരത്തിൽ നിന്ന്: ബഹിരാകാശത്തുവച്ച് നശിക്കില്ലേ?
Mail This Article
തടികൊണ്ട് നിർമിച്ച ആദ്യ ഉപഗ്രഹം ബഹിരാകാശത്തേക്ക് ചൊവ്വാഴ്ച കുതിച്ചുയർന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും സുമിടോമോ ഫോറസ്ട്രി എന്ന കമ്പനിയും ചേർന്നാണ് ലിഗ്നോസാറ്റ് എന്ന ഉപഗ്രഹം നിർമിച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയിൽ മരത്തടി ഉപയോഗിക്കാമോ എന്നുള്ള അന്വേഷണമാണ് ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം.
ജപ്പാനിൽ കാണപ്പെടുന്ന മഗ്നോളിയ ഇനത്തിൽപെടുന്ന ഹിനോകി എന്ന മരമുപയോഗിച്ചാണ് ഉപഗ്രഹം നിർമിച്ചിരിക്കുന്നത്. ജപ്പാനിൽ വാളുറകൾ നിർമിക്കാനായി പരമ്പരാഗതമായി ഉപയോഗിക്കുന്ന മരത്തടിയാണിത്. സുഗന്ധ എണ്ണകൾക്കായും നിർമാണ വസ്തുക്കൾക്കായും ജപ്പാനിൽ തലമുറകളായി ആളുകൾ ഈ മരത്തെ ആശ്രയിക്കുന്നു.
ബഹിരാകാശരംഗത്ത് തടി ഉപയോഗം സാധ്യമായാൽ ധാരാളം ഗുണങ്ങളാകും അതുകൊണ്ട് ലഭിക്കുക. ഭൂമിയിലെപ്പോലെ ബഹിരാകാശത്ത് തടി നശിക്കില്ല. ഭാവിയിൽ ബഹിരാകാശത്ത് താമസ സ്ഥലങ്ങളൊരുക്കാനും മറ്റും തടി ചിലപ്പോൾ ഉപയോഗയോഗ്യമായിരിക്കും. മുൻകാലങ്ങളിൽ വിമാനങ്ങൾ പോലും തടിയുപയോഗിച്ചാണ് നിർമിച്ചിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. ഓക്സിജനും വെള്ളവും ഇല്ലാത്തതിനാൽ സ്പേസിൽ തടി നശിക്കുകയുമില്ല.
ബഹിരാകാശ പേടകങ്ങളുടെയും ഉപഗ്രഹങ്ങളുടെയും അവശിഷ്ടങ്ങൾ കാരണം ഭൂമിയിലെ പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങൾ അനവധിയാണ്. ബഹിരാകാശ മാലിന്യം എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ ഭൂമിയിലിറങ്ങുകയും സമുദ്രങ്ങളിൽ നശിക്കാതെ കിടക്കുകയും ചെയ്യുന്ന അവസ്ഥകളുണ്ട്. എന്നാൽ തടികൊണ്ടുള്ള ഉപഗ്രഹ അവശിഷ്ടങ്ങൾ ഭൂമിയിലിറങ്ങിയാൽ സ്വാഭാവിക ജൈവിക പ്രക്രിയയിൽ നശിക്കും. ആറുമാസമാണ് ലിഗ്നോസാറ്റിന്റെ പ്രവർത്തന കാലയളവ്. ബഹിരാകാശത്തിന്റെ ദുർഘട സാഹചര്യങ്ങളെ തടി എങ്ങനെ അതിജീവിക്കുമെന്നതാണ് ലിഗ്നോസാറ്റിന്റെ പ്രധാന ഗവേഷണ ലക്ഷ്യം.
ബഹിരാകാശ മേഖലയിൽ പരിസ്ഥിതി സൗഹൃദമാർഗങ്ങൾക്ക് ജപ്പാൻ നന്നായി ഊന്നൽ നൽകുന്നുണ്ട്. ചാണകത്തിൽ നിന്നു വേർതിരിച്ച ലിക്വിഡ് ബയോ മീഥെയ്ൻ (എൽബിഎം) എന്ന ഇന്ധനമുപയോഗിച്ചുള്ള റോക്കറ്റ് മാതൃകയുടെ പരീക്ഷണം ഇടയ്ക്ക് ജപ്പാൻ വിജയകരമായി നടത്തിയിരുന്നു. ജപ്പാനിലെ തദ്ദേശീയ ഡയറി ഫാമുകളിൽ നിന്നു ശേഖരിച്ച ചാണകത്തിൽ നിന്നു വേർതിരിച്ച ബയോമീഥെയ്ൻ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. പരിസ്ഥിതി സൗഹൃദപരമായ ഒരു ഇന്ധനമാണിത്. ഇന്റർസ്റ്റെല്ലാർ ടെക്‌നോളജീസ്, ജപ്പാനിലെ കമ്പനിയായ എയർ വാട്ടറുമായി സഹകരിച്ചാണ് ഈ ഇന്ധനം വികസിപ്പിച്ചെടുത്തത്.