വന്യജീവി ഫോട്ടോ പ്രദർശനം; ‘ത്രസം 2024’ 13 മുതൽ 17വരെ
Mail This Article
കേരള വനം വന്യജീവി വകുപ്പ് എറണാകുളം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാളിൽ ‘ത്രസം 2024’ എന്ന പേരിൽ 13ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന ചിത്ര പ്രദർശനം എറണാകുളം എംഎൽഎ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. വനത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം, സംരക്ഷണം, വന്യജീവി പരിപാലനം എന്നിവ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോഗ്രാഫർമാർ കേരളത്തിനകത്തും പുറത്തും ഉള്ള വന്യജീവി സങ്കേതങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐഎഫ്എസ് മുഖ്യസന്ദേശം നൽകും. സാമൂഹ്യ വനവത്കരണ വിഭാഗം മധ്യമേഖല കൺസർവേറ്റർ ഇന്ദുവിജയൻ ഐഎഫ്എസ്, സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഫെൻ ആന്റണി എന്നിവർ നേതൃത്വം നൽകും.
ചിത്ര പ്രദർശനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ വനം- പരിസ്ഥിതി അവബോധ ക്ലാസുകൾ സോഷ്യൽ ഫോറസ്റ്ററി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തും. സമാപന ദിവസമായ 17ന് എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി വാട്ടർ കളർ പെയിന്റിങ് മത്സരം ദർബാർ ഹാളിൽ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും. ആറുമണിക്ക് എറണാകുളം ജില്ലയിലെ നോട്സ് ആൻഡ് കോർഡ്സ് സ്കൂൾ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിൽ ലെ കലാകാരന്മാർ കലാസന്ധ്യ എന്ന പേരിൽ സംഗീത സദസ്സ് നടത്തുന്നതാണ്.