ഹായ് എന്തൊരു കാഴ്ച! കൊടുംചൂടും പൊടിക്കാറ്റും വീശുന്ന സൗദി മരുഭൂമിയിൽ മഞ്ഞ്
Mail This Article
ഗൾഫ് രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ കൊടുംചൂടും പൊടിക്കാറ്റും നിറഞ്ഞ മരുഭൂമികളാവും ആദ്യം മനസ്സിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം പഴംകഥയാവുകയാണ്. മഞ്ഞുമൂടികിടക്കുന്ന സ്ഥലങ്ങൾ കാണാൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാതെ നേരെ സൗദി അറേബ്യയിലേക്ക് ചെന്നാൽ മതിയാകും. സൗദി അറേബ്യൻ മരുഭൂമിയുടെ പല ഭാഗങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്നതിന്റെ കാഴ്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
അൽ-ജൗഫ് മേഖലയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായതോടെ ഇവിടം ഒരു വിന്റർ വണ്ടർലാൻഡായി മാറി. മഞ്ഞുവീഴ്ചയ്ക്ക് തൊട്ടുമുൻപായി രാജ്യമാകെ ശക്തമായ മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. മണൽകൂനകളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽ പരപ്പും മരുഭൂമിയിലെ റോഡുകളുമെല്ലാം തൂവെള്ള നിറത്തിൽ മഞ്ഞിൽ പുതഞ്ഞു കിടക്കുന്നതിൻ്റെ ധാരാളം ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അറബിക്കടലിൽ നിന്ന് ഉത്ഭവിച്ച് ഒമാനിലേക്ക് വ്യാപിക്കുന്ന ന്യൂനമർദമാണ് ഈ മേഖലയിൽ അടുത്തിടെയുണ്ടായ ആലിപ്പഴ വർഷത്തിന് കാരണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിക്കുന്നു. ഈ പാറ്റേൺ പൊതുവേ വരണ്ടുകിടന്ന മേഖലയിലേയ്ക്ക് ഈർപ്പം നിറഞ്ഞ വായു എത്തിച്ചു. അസാധാരണമായ ഈ പ്രതിഭാസമാണ് കാലാവസ്ഥയിൽ പ്രകടമായ മാറ്റം വരുത്തിയത്. ഇതോടെ സൗദി അറേബ്യയിലും യുഎഇയുടെ പല മേഖലകളിലും ഇടിമിന്നലും പേമാരിയും ഉണ്ടായി.
വരുംദിവസങ്ങളിലും കാലാവസ്ഥയിലെ ഈ വ്യതിയാനം ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രതികൂല കാലാവസ്ഥ ദീർഘകാലത്തേക്ക്ക് നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. മഴയ്ക്കും ആലിപ്പഴ വർഷത്തിനും പുറമേ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്. മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ നിരത്തുകളിൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം മഞ്ഞുമൂടിയ മരുഭൂമിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന പ്രകടമായ ഈ മാറ്റങ്ങൾ വരണ്ട കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ പ്രദേശത്തെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
അസാധാരണമായ കാലാവസ്ഥ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും അൽ-ജൗഫിൽ വരാനിരിക്കുന്ന വസന്തകാലം മഴ ലഭ്യത വർധിച്ചത് മൂലം കൂടുതൽ മനോഹരമാകും എന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ ജനങ്ങൾ. ലാവണ്ടർ, ക്രിസാന്തിമം എന്നിവയടക്കമുള്ള പൂക്കളും സുഗന്ധ സസ്യങ്ങളും നിറഞ്ഞ അതിമനോഹരമായ കാഴ്ചയാണ് വസന്തകാലത്ത് അൽ - ജൗഫ് സമ്മാനിക്കുന്നത്.