520 കിലോമീറ്ററോളം വ്യാസത്തിൽ ഗർത്തം, എന്നിട്ടും കണ്ടെത്താൻ കഴിയുന്നില്ല; ഓസ്ട്രേലിയയിൽ മറഞ്ഞുകിടന്ന രഹസ്യം
![crater-australia (Photo:X/ @PeterBetts8)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/11/7/crater-australia.jpg?w=1120&h=583)
Mail This Article
ആറരക്കോടി വർഷം മുൻപ് മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഒരു ഛിന്നഗ്രഹം പതിച്ചു. ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ സംഭവിച്ച ഈ ഛിന്നഗ്രഹപതനത്തിന്റെ പ്രത്യാഘാതമായി ഭൂമിയിലെ ദിനോസറുകൾ മൊത്തം നശിച്ചു. മറ്റു പല ജീവജാലങ്ങളും അപ്രത്യക്ഷമായി. എന്നാൽ ഛിന്നഗ്രഹ പതനംമൂലം ഭൂമിയിലുണ്ടായ ഏറ്റവും വലിയ ഗർത്തം കിടക്കുന്നെന്നു സംശയിക്കുന്നത് മെക്സിക്കോയിലല്ല, മറിച്ച് യൂക്കാട്ടനിലാണ്.
ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡെനിലിഖിൻ എന്ന മേഖലയിൽ നിന്നു വൃത്താകൃതിയിൽ പുറപ്പെടുന്ന കാന്തിക, ഭൂഗുരുത്വ ഘടനകൾ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയത്. 520 കിലോമീറ്ററോളം വ്യാസത്തിലാണ് ഈ ഗർത്തം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഇടിച്ച ഒരു ഛിന്നഗ്രഹം മൂലമുണ്ടായതാകാം ഈ ഘടന.
![yucatan-crater The Chicxulub crater, on the Yucatan peninsula is believed to be the impact that killed the dinosaurs (Photo:X/@AvatarDomy)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/11/7/yucatan-crater.jpg)
ഇതു കണ്ടുപിടിക്കാൻ വളരെയെളുപ്പമാണെന്ന ചിന്ത ആളുകളിലുണ്ടായേക്കാം, ഇത്രയും വലിയൊരു ഗർത്തം അതിവേഗം കണ്ടെത്താമല്ലോ. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ, ഇത്തരം കുഴികൾ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്. കോടിക്കണക്കിനു വർഷങ്ങൾ മുൻപ് നടന്ന സംഭവമായതിനാൽ ഈ ഘടനയുടെ പല ഭാഗങ്ങളും കാലപ്പഴക്കം മൂലമുള്ള നാശത്താൽ മറഞ്ഞിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കണ്ടുപിടിക്കാനൊക്കാത്ത വിധത്തിൽ ഇപ്പോഴത്തെ പരിതസ്ഥിതികളുമായി ഇവ ഇഴുകിച്ചേർന്നിരിക്കാം. ഓസ്‌ട്രേലിയ വൻകര, ഗോണ്ട്വാന എന്ന അതിവൻകരയുടെ ഭാഗമായിരുന്ന സമയത്താകാം ഈ ഛിന്നഗ്രഹപതനം നടന്നതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.
![craters Kerid crater, formed when a volcano erupted and emptied its magma reserve. (Photo: x/@nsgeolegend)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/11/7/craters.jpg)
ഇന്നത്തെ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, അറേബ്യ, മഡഗാസ്‌കർ, അന്റാർട്ടിക എന്നീ ഭൗമമേഖലകൾ പണ്ടു ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. കോടിക്കണക്കിനു വർഷമെങ്കിലും മുൻപാകാം ഇടി നടന്നത്. ഈ ഇടിയുടെ ആഘാതത്താലുണ്ടായ കാലാവസ്ഥാ മാറ്റങ്ങൾ മൂലം അന്നു ഭൂമിയിലുണ്ടായിരുന്ന 85 ശതമാനം ജീവി വർഗങ്ങളും നശിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ദിനോസറുകളുടെ അന്ത്യം സംഭവിക്കുന്നതിനും വളരെ മുൻപാണ് ഇത്.