പശുവളർത്തലുള്ള കുടുംബങ്ങളിൽ ആത്മഹത്യയില്ല! പക്ഷേ, ഇവിടെ സ്ഥിതി മറ്റൊന്ന്; ക്ഷീരമേഖല സുസ്ഥിരത കൈവരിക്കാൻ ചെയ്യേണ്ടത്

Mail This Article
ഭാഗം 1: ഈ രീതിയിൽ പോയാൽ ക്ഷീരമേഖല വളരില്ല; സാധ്യതകൾ കണ്ടെത്തണം, വളരണം; കാർഷിക മേഖലകളിലെ സാധ്യതകൾ ഇവയാണ്
ഭാഗം 2
കേരളത്തിൽ പാലിന്റെ വിലവർധനയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ തുടരുന്നു! 96 ശതമാനത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തിൽ ഉൽപാദനച്ചെലവ് കൂടുതലാണ്. തീറ്റയ്ക്കാവശ്യമായ ചേരുവകൾ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലെത്തുന്നത്. കാലിത്തീറ്റയുടെ വില 50 കിലോ ചാക്കിന് 1450 രൂപയോളം വരും. കാലിത്തീറ്റയുടെ ഇടയ്‌ക്കിടെയുള്ള വിലവർധന ക്ഷീരകർഷരെ പ്രതികൂലമായി ബാധിക്കുന്നു. കോവിഡ് 19 കാലയളവിലും, റബറിന് വിലയിടിവ് വന്നപ്പോഴും കർഷകരെ പിടിച്ചു നിർത്തിയത് ക്ഷീരമേഖലയാണ്. കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ടു ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റൻഷൻ മാനേജ്മെന്റ് നടത്തിയ പഠനങ്ങളിൽ പശുവളർത്തൽ കുടുംബങ്ങളിൽ ആത്മഹത്യാനിരക്ക് തീരെയില്ലെന്നു കണ്ടെത്തിയീട്ടുണ്ട്. വർഷത്തിൽ 300–365 ദിവസവും വരുമാനം പ്രദാനം ചെയ്യുന്ന മേഖലയാണിത്.
കേരളത്തിൽ 2017ലെ കണക്കനുസരിച്ച് ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് 42.67 രൂപയാണ്. തുടർന്നിങ്ങോട്ട് സ്വകാര്യ കാലിത്തീറ്റ കമ്പനികൾ തീറ്റ വില വർധിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ശരാശരി കർഷകന് ഒരു ലീറ്റർ പാലിന് ലഭിക്കുന്നത് 39 രൂപയോളം മാത്രമാണ്. നഷ്ടം സഹിച്ചും ക്ഷീരകർഷകർ മലയാളിയെ പാലൂട്ടുന്നു. ഇപ്പോഴുള്ള ഉൽപാദനച്ചെലവ് നികത്താൻ ലീറ്ററിന് 8.57 രൂപയുടെ വർധനവാണ് വിലനിർണ്ണയവുമായി ബന്ധപ്പെട്ട കമ്മിറ്റി ശുപാർശ ചെയ്തത്. വെറ്ററിനറി മരുന്നുകൾ, ചികിത്സാച്ചെലവ്, പെട്രോൾ/ഡീസൽ വില എന്നിവയിലും വൻ വർധനയുണ്ട്. ജനസാന്ദ്രത കൂടിയ കേരളത്തിൽ തീറ്റപ്പുൽ കൃഷിക്ക് സ്ഥല പരിമിതിയുണ്ട്. അതിനാൽ അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. കേരളത്തിലുൽപാദിപ്പിക്കുന്ന പാലിൽ 30 ശതമാനത്തിൽ താഴെ മാത്രമേ സംഘടിത മേഖലയിലൂടെ വിപണനം നടത്തുന്നുള്ളൂ. അസംഘടിത മേഖലയിലൂടെ വീടുകളിൽ വിപണനം നടത്തുമ്പോൾ കർഷകന് സംഘടിതമേഖലയേക്കാൾ 25 ശതമാനം അധിക വിലയും ലഭിക്കുന്നു. ലോകത്തിൽവച്ചേറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിൽ മൊത്തം കാർഷിക ആഭ്യന്തര ഉൽപാദനത്തിന്റെ 25 ശതമാനം സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. സ്വയംതൊഴിൽ, സംരംഭകത്വം, സംസ്‌കരണം എന്നിവയിൽ ഈ മേഖല ഏറെ മുന്നിലാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധന പോലെ കാലിത്തീറ്റയുടെ വിലവർധനയ്ക്ക് ആനുപാതികമായി പാലിന്റെ വിലയും വർധിപ്പിക്കണം. വികസിത രാജ്യങ്ങളിൽ ഈ രീതി നിലവിലുണ്ട്. ഇത്തരം വില സൂചിക നടപ്പാക്കുന്നതിലെ കാലതാമസം ക്ഷീരകർഷകരെ ഈ മേഖലയിൽനിന്നും പിന്മാറാൻ വഴിയൊരുക്കും.

കാർഷിക മേഖലയിൽ എഫ്‌പിഒ വിപുലപ്പെടുന്നു
രാജ്യത്ത് കാർഷിക മേഖലയിൽ കർഷക ഉൽപാദക സംഘടനകൾ അഥവാ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO/FPC) കൂടുതലായി നിലവിൽ വരുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനികളാകുന്നു. കർഷകന്റെ താൽപര്യം സംരക്ഷിക്കുക, മികച്ച ഉൽപാദനം സാധ്യമാക്കുക, ഉൽപാദനച്ചെലവ് കുറയ്ക്കുക എന്നിവയോടൊപ്പം മൂല്യവർധിത ഉൽപന്ന നിർമാണം, മികവുറ്റ സാങ്കേതികവിദ്യ അനുവർത്തിച്ചുള്ള സംസ്കരണം, മെച്ചപ്പെട്ട വിപണി എന്നിവയും ഇവ ലക്ഷ്യമിടുന്നു. കമ്പനീസ് ആക്ടനുസരിച്ചാണ് എഫ്‌പിഒ നിലവിൽ വരുന്നത്. ഉൽപാദകർ, അസംഘടിത ഗ്രൂപ്പുകൾ, സാശ്രയ സംഘങ്ങൾ മുതലായവയ്ക്ക് അംഗങ്ങളാകാം. ഉൽപാദകർക്കു മാത്രമേ വോട്ടുള്ളൂ. കൂട്ടായി സംരംഭം വിപുലപ്പെടുത്താൻ സാധിക്കും. ഷെയർ അംഗങ്ങൾക്ക് തമ്മിൽ കൈമാറ്റം ചെയ്യാം.
FPO തുടങ്ങാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഉൽപാദക ക്ലസ്റ്ററുകൾ കണ്ടെത്തണം. ഇവ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിലാകാം. സാധ്യത പഠനം, കർഷകരെ കണ്ടെത്തലും ഉൽപാന സാധ്യത വിലയിരുത്തൽ, ബിസിനസ് പ്ലാൻ തയാറാക്കൽ, വിഭവ സമാഹരണം, ബിസിനസ് ഓപ്പറേഷൻ എന്നിവ പ്രധാനപ്പെട്ട ഘടകങ്ങളാണ്.
FPOയ്ക്ക് ചെയ്യാൻ പറ്റുന്ന സേവനങ്ങൾ തിരിച്ചറിയണം. കർഷക കൂട്ടായ്‌മ രൂപപ്പെടുത്തൽ, കൂട്ടായ ഉൽപന്ന സംസ്കരണം, ഗ്രേഡിങ്, പാക്കേജിങ്, വിപണന സേവനം, ഇൻഷുറൻസ്, സാങ്കേതിക സേവനങ്ങൾ, മാനേജ്‌മെന്റ് സിസ്റ്റം രൂപപ്പെടുത്തൽ, സാങ്കേതികവിദ്യ പ്രവർത്തികമാക്കുക, പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി, പരിശീലനം, സ്കിൽ വികസനം, വൈവിധ്യവൽകരണം, നെറ്റ്‌വർക്കിങ്, സപ്ലൈ ചെയിൻ മാനേജ്‌മന്റ്, ക്ലീനിങ്, ഗ്രേഡിങ് എന്നിവ FPOയ്ക്ക് പ്രധാനപ്പെട്ട സേവനങ്ങളിൽപ്പെടും.
FPO നിലവിൽ വരുന്നതോടെ വിപണനത്തിന് ഇടനിലക്കാരെ ഒഴിവാക്കാം. കർഷകർക്കു മെച്ചപ്പെട്ട വിപണി ഉറപ്പാക്കുന്നതോടൊപ്പം മൂല്യവർധിത ഉൽപാദനം വിപുലപ്പെടുത്താം. ആവശ്യമായ സാമ്പത്തിക സഹായം കണ്ടെത്താനും, പ്രാഥമിക സംസ്കരണം, ശീതീകരണ സംവിധാനം, ഗ്രേഡിങ്, പാക്കേജിങ് എന്നിവ ഉറപ്പുവരുത്താനും സാധിക്കും. റെഗുലേറ്റഡ് മാർക്കറ്റുകൾ തുടങ്ങുന്നതോടൊപ്പം ഇ നാം (e NAM) സാങ്കേതികവിദ്യ അനുവർത്തിക്കാനും സാധിക്കും. ലേല നടപടികൾ കൂടുതൽ മത്സരാധിഷ്ടാനത്തിലാക്കാം. സാമ്പത്തിക സഹായം, കേന്ദ്ര സംസ്ഥാന പദ്ധതികളിലൂടെയുള്ള സബ്‌സിഡി, ഗ്രാന്റ് ഇൻ എയ്ഡ് എന്നിവ എളുപ്പത്തിൽ ലഭിക്കാനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കാം.
എഫ്‌പിസി തുടങ്ങാൻ ബിസിനസ്സ് പ്ലാൻ വസ്തുനിഷ്ഠമായ രീതിയിൽ തയാറാക്കണം. ഇതിൽ വിശദമായ പ്രൊജക്ട് വിവരങ്ങൾ, വിപണന സാധ്യത, സംസ്കരണ രീതികൾ, സാങ്കേതികവിദ്യ, വിപണി, ചെലവ്, വരുമാനം, പ്രതീക്ഷിക്കുന്ന ലാഭവിഹിതം എന്നിവ വ്യക്തമാക്കിയിരിക്കണം. ഉൽപന്ന സംഭരണം, കാർഷിക യന്ത്രങ്ങൾ വാടകയ്ക്കു നൽകൽ, വിത്തുൽപാദനം, വിപണന ശൃംഖല രൂപപ്പെടുത്തൽ, മൂലധന സമാഹരണം, പൊതുവായ സേവന കേന്ദ്രങ്ങൾ തുടങ്ങൽ, പരിശീലനം, സ്കിൽ വികസനം, സാങ്കേതികവിദ്യ അനുവർത്തിക്കൽ, വളം, നടീൽവസ്തുക്കൾ മുതലായവ ഏറ്റെടുത്തു നടത്താം. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള എഫ്‌പിഒ കർഷർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തും.
തുടരും
(ലേഖകൻ വെറ്റിനറി സർവകലാശാല മുൻ ഡയറക്ടറും, ലോകബാങ്ക് കൺസൾട്ടന്റുമാണ്)