കര്‍ണാടകയില്‍നിന്ന് കഴുതപ്പുലികളും കുറുനരികളും മരപ്പട്ടികളും തിരുവനന്തപുരത്ത് – വിഡിയോ
Mail This Article
കര്‍ണാടകയില്‍നിന്ന് അതിര്‍ത്തികടന്ന് കഴുതപ്പുലികളും കുറുനരികളും മരപ്പട്ടികളും തിരുവനന്തപുരത്ത്. ശിവമോഗ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് അനിമല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി തിരുവനന്തപുരം മൃഗശാലയിലേക്ക് മൃഗങ്ങളെ എത്തിച്ചത്. മൂന്ന് കഴുതപ്പുലികള്‍, രണ്ട് കുറുനരികള്‍, രണ്ട് മാര്‍ഷ് മുതലകള്‍, രണ്ട് മരപ്പട്ടികള്‍, എന്നിവയെയാണ് ബുധനാഴ്ച തിരുവനന്തപുരം മൃഗശാലയിലേക്കു കൊണ്ടുവന്നത്. പകരമായി നാല് റിയ പക്ഷികള്‍, ആറ് സണ്‍ കോണ്വര്‍ തത്തകള്‍, രണ്ട് മീന്‍ മുതലകള്‍, ഒരു കഴുതപ്പുലി, നാല് മുള്ളന്‍ പന്നികള്‍ എന്നിവയെ ശിവമോഗ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നല്‍കും.
കൊണ്ടുവന്ന മൃഗങ്ങളെ മൃഗശാല വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് ഹോസ്പിറ്റലിനോട് അനുബന്ധിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. 21 ദിവസത്തെ ക്വാറന്റൈന് ശേഷം ഇവയെ കാഴ്ചക്കാര്‍ക്കായി കൂടുകളിലേക്ക് മാറ്റും. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ പറഞ്ഞു. ഇപ്പോള്‍ എത്തിച്ച മൃഗങ്ങള്‍ കൂടെ ചേരുന്നതോടെ 94 ഇനങ്ങള്‍ ആകും തിരുവനന്തപുരം മൃഗശാലയുടെ ജീവി സമ്പത്ത്. തുടര്‍ന്നും മറ്റു പല മൃഗശാലകളുമായി ആശയ വിനിമയം നടന്ന് വരികയാണെന്നും ഇതില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയുമായുള്ള എക്‌സ്‌ചേഞ്ച് നടപടിക്രമങ്ങള്‍ ഏറെ കുറെ പൂര്‍ത്തിയായെന്നും ഡയറക്ടര്‍ മഞ്ജുളാ ദേവി അറിയിച്ചു.
വണ്ടല്ലൂര്‍ മൃഗശാലയിൽ നിന്ന് ഒരു സിംഹം, രണ്ട് ചെന്നായ്ക്കള്‍, രണ്ട് വെള്ള മയിലുകള്‍, ആറ് മഞ്ഞ അനാക്കോണ്ടകള്‍ എന്നിവയെ ആണ് എത്തിക്കുക. ജിറാഫ്, സീബ്രാ എന്നിവയെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും പുരോഗമിക്കുകയാണ്. അത് കൂടെ പൂര്‍ത്തിയാകുന്നതോടെ നൂറില്‍ അധികം ജീവി വര്‍ഗങ്ങളുള്ള മൃഗശാലയായി തിരുവനന്തപുരം മൃഗശാല മാറും.