ഹോളണ്ടിൽ കണ്ടെത്തിയ തിളങ്ങുന്ന വിചിത്രമുട്ട! ഒടുവിൽ സംഭവത്തിനു പിന്നിലെ കാരണമറിഞ്ഞു
Mail This Article
നെതർലൻഡ്സിലെ യൂട്രെക്ടിലുള്ള കനാലിൽ നിന്നു ആളുകൾ കണ്ടെത്തിയത് വിചിത്രമായ ഒരു കാര്യമാണ്. തിളങ്ങുന്ന വലിയൊരു മുട്ടപോലെയൊരു സാധനം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ആളുകൾ ചോദിച്ചത് ഇതു ദിനോസറിന്റെ മുട്ടകളാണോയെന്നായിരുന്നു. ഈ വിചിത്രസംഭവം താമസിയാതെ വൈറലായി. കനാലിൽ നിന്നു കണ്ടെടുക്കുമ്പോൾ ഓറഞ്ച് നിറമായിരുന്നു ഈ ദുരൂഹഘടനകൾക്ക്.
എന്നാൽ താമസിയാതെ വിദഗ്ധർ ഇതിനു പിന്നിലുള്ള കാരണം കണ്ടെത്തി. ഇവ മുട്ടയൊന്നുമല്ല, മറിച്ച് ബ്രയോസോവൻസ് എന്ന ചെറിയ കടൽജീവികളാണ്. ഇവ കൂട്ടമായിട്ടാണു കഴിയുന്നത്. അതിനാൽ തന്നെ മുട്ടകൾ കൂട്ടിവച്ചതുപോലെയുണ്ടാകും ഇവയുടെ ഈ കൂട്ടത്തെ കാണുമ്പോൾ. യഥാർഥത്തിൽ ഒരൊറ്റ ബ്രയോസോവന് ഒരു പൊട്ടിന്റെയത്ര വലുപ്പമേ ഉണ്ടാവുകയുള്ളൂ.
ഏഴടി വരെ പൊക്കമുള്ള കോളനികളായി ഇവയ്ക്കു വളരാൻ സാധിക്കും. എന്നാൽ ഈ ജീവികളെ യൂട്രെക്ടിൽ കണ്ടെത്തിയതു വളരെ അപൂർവമാണെന്നു ഗവേഷകർ പറയുന്നു. എന്നാൽ ഇവ എങ്ങനെയാണു കനാലിൽ എത്തിയതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം വിദഗ്ധർ കണ്ടെത്തിയിട്ടില്ല.
ബ്രയോസോവൻ വിഭാഗത്തിൽപെട്ട ജീവികൾ തടാകങ്ങളിലും സമുദ്രങ്ങളിലും സാധാരണയായി കണ്ടെത്താറുണ്ട്. ബ്രയോസോവൻ ജീവികൾ ലോകത്തെമ്പാടും കാണപ്പെടാറുമുണ്ട്. എന്നാൽ അടുത്തകാലത്തായി ഇവയുടെ വ്യാപനം വർധിക്കുകയാണെന്നു ഗവേഷകർ പറയുന്നു. 1990നു ശേഷം യൂറോപ്യൻ സമുദ്രമേഖലകളിൽ ഇവയുടെ സാന്നിധ്യം കൂടുന്നുണ്ട്.