‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി’ക്ക് കർമരൂപം നൽകി ബംഗാൾ ഗവർണർ
Mail This Article
പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി വംഗനാട്ടിൽ ജനകീയമാക്കാനുള്ള ദൗത്യത്തിന് രാജ്ഭവനിൽ തുടക്കം കുറിച്ച് ഗവർണർ പദവിയിൽ സി.വി. ആനന്ദബോസ് മൂന്നാം വർഷത്തിലേക്ക്. രാജ്ഭവൻ പൂന്തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ശനിയാഴ്ച ഗവർണർ രണ്ടാം വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തത്.
‘ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവെപ്പ്’ എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിആവിഷ്കരിച്ച ‘ഏക് പെദ് മാ കേ നാം’ ദൗത്യ’ത്തിന്റെ ഭാഗമായി കുട്ടികൾക്കും വിശിഷ്ട വ്യക്തികൾക്കും ഗവർണർ വൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ, ഭിന്നശേഷിക്കാർക്ക് കൃത്രിമ കൈകാലുകൾ വിതരണം ചെയ്തു.
'അപ്‌നാ ഭാരത് - ജഗ്‌ത ബംഗാൾ' എന്ന പേരിൽ വംഗനാടിന് ഉണർവേകുന്ന നിരവധി നൂതന സർഗാത്മക - ക്രിയാത്മക സംരംഭങ്ങൾ ക്കും ഗവർണർ ശനിയാഴ്ച രാജ്ഭവനിൽ നടന്ന വർണാഭമായ ചടങ്ങിൽ തുടക്കം കുറിച്ചു. 2022 നവംബർ 23 നാണ് ആനന്ദബോസ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യൻ മ്യൂസിയവും വിക്ടോറിയ മെമ്മോറിയൽ ഹാളും ചേർന്ന് അവതരിപ്പിച്ച ‘ജനകീയ ഗവർണർ: പശ്ചിമ ബംഗാളിന്റെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര’, എന്ന പ്രദർശനം, സ്‌കൂൾ വിദ്യാർഥികൾ പങ്കെടുത്ത ‘അപ്‌ന ഭാരത് ജഗ്‌ത ബംഗാൾ’ എന്ന വിഷയത്തിൽ ‘പെയിന്റിങ് ഫിയസ്റ്റ’, ഗവർണർ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം, കവിതകളുടെ സംഗീത- നൃത്താവിഷ്കാരം എന്നിവയായിരുന്നു മറ്റുപരിപാടികൾ.