ജപ്പാന്റെ ഏറ്റവും വിശ്വസ്തനായ നായ; ഹച്ചിക്കോയുടെ പേരിൽ മധുരപലഹാരം
Mail This Article
ജപ്പാന്റെ ഏറ്റവും വിശ്വസ്തനായ നായയെന്നാണ് ഹാച്ചിക്കോ അറിയപ്പെടുന്നത്. നായകൾക്ക് ഉടമസ്ഥരോടുള്ള സ്നേഹത്തിന്റെ വലിയൊരു ചിഹ്നമായാണു ഹാച്ചിക്കോ പരിഗണിക്കപ്പെടുന്നത്. 2009ൽ അവന്റെ ജീവിതം അമേരിക്കൻ സാഹചര്യങ്ങളിൽ അവലംബിച്ച് തയാർ ചെയ്ത ഹാച്ചി എന്ന ചലച്ചിത്രം ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി. ജപ്പാൻകാരുടെ പ്രിയപ്പെട്ട ഹാച്ചിക്കോയ്ക്കായി അവന്റെ മുഖമുള്ള മാർഷ്മെലോ മധുരപലഹാരങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഒരു ജപ്പാൻ കമ്പനി. കമനീയമായി അലങ്കരിച്ച, ഹാച്ചിക്കോയുെട ചിത്രമുള്ള ബോക്സിലാണ് പലഹാരം ലഭിക്കുക.
ആരായിരുന്നു ഹാച്ചിക്കോ?
1923 മുതൽ 1935 വരെയുള്ള കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന അകിത വിഭാഗത്തിലുള്ള നായയായിരുന്നു ഹച്ചിക്കോ. ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഹിഡസ്ബ്യൂറോ യൂനോയായിരുന്നു ഹാച്ചിക്കോയുടെ ഉടമ. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ഷിബുയയിലാണ് യൂനോയും ഹാച്ചിക്കോയും താമസിച്ചിരുന്നത്. എല്ലാദിവസവും കോളജിലേക്കു പോകുന്ന യൂനോ വൈകിട്ടു കോളജ് കഴിഞ്ഞ് ട്രെയിനിലാണ് ഷിബുയ സ്റ്റേഷനിൽ എത്തിയിരുന്നത്. ഇവിടെ അദ്ദേഹത്തെ കാത്ത് ഹച്ചിക്കോ ഇരിപ്പുണ്ടാകും. തുടർന്ന് ഇരുവരും വീട്ടിലേക്കു നടന്നുപോകും. ഇതായിരുന്നു അവരുടെ രീതി.
എന്നാൽ 1925 മേയ് 21നു കോളജിൽ നിന്നു ട്രെയിനിൽ ഷിബുയയിലേക്കു തിരിക്കുന്നതിനിടെ യൂനോ ഹെമറേജ് വന്ന് അന്തരിച്ചു. ഉടമസ്ഥനെ കാത്ത് ഹച്ചിക്കോ ഷിബുയയിൽ ഇരിപ്പു തുടർന്നു. എല്ലാ ദിവസവും വൈകിട്ട് അവൻ ഷിബുയയിൽ എത്തി അവിടെ യൂനോയെ കാത്തിരുന്നു. 1935 മാർച്ച് എട്ടുവരെ ഇതു തുടർന്നു. അന്നേദിനം ഹച്ചിക്കോയും മരിച്ചു. അവന്റെ ശരീരം യൂനോയുടെ വിശ്രമസ്ഥലത്തിനു സമീപം അടക്കി. 1934ൽ ഹാച്ചിക്കോയുടെ വെങ്കല പ്രതിമ, ഷിബുയ സ്റ്റേഷനിൽ സ്ഥാപിച്ചു. പ്രശസ്ത ജാപ്പനീസ് ശിൽപിയായ ടെറു ആൻഡോയാണ് ശിൽപം പണിതത്.ലോകം മുഴുവൻ തന്റെ സ്നേഹം കൊണ്ട് അനശ്വരത നേടിയ നായയായി ഹാച്ചിക്കോ മാറി.