ഊട്ടി നഗരത്തെ മുൾമുനയിൽ നിർത്തി കരടി; ഒടുവിൽ സംഭവിച്ചത്?
Mail This Article
ഊട്ടി നഗരത്തിലെത്തിയ കരടി നാട്ടുകാരെ മുൾമുനയിൽ നിർത്തി. കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. രാവിലെ 5 മണിക്ക് ഗണപതി തിയറ്ററിന്റെ സമീപം നടക്കാനിറങ്ങിയവരാണ് ആദ്യം കരടിയെ കണ്ടത്. പിന്നീട് കരടി മാർക്കറ്റ് റോഡിലിറങ്ങി കെട്ടിടങ്ങളുടെ മുകളിൽ കയറി വരാന്തയിലൂടെ ഓടി നടന്നു.
രാവിലെ കട തുറക്കാനെത്തിയവർ കരടിയെക്കണ്ട് ഭയന്നോടി. പൊലീസും വനപാലകരുമെത്തി കരടിയെ നിരീക്ഷിച്ചു തുടങ്ങി. വൈകിട്ട് മൂന്നു മണിയോടെ മുതുമലയിൽ നിന്നുമെത്തിയ ഡോ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് കരടിയെ പിടികൂടി. ഗണപതി തിയറ്ററിനു സമീപത്തുള്ള ഒരു വീടിന്റെ പുറം ഭിത്തിയോട് ചേർന്നുള്ള ഭാഗത്ത് കിടക്കുമ്പോഴാണ് കരടിയെ മയക്കുവെടിവച്ചത്.
ജനങ്ങളെ കാണുമ്പോൾ കരടി ആക്രമിക്കാൻ ഓടിയടുക്കുന്നുണ്ടായിരുന്നു. കരടിയെ കണ്ട ഭാഗത്തേക്ക് പൊലീസ് ഗതാഗതം തടഞ്ഞു. ഏഴു വയസ്സുള്ള ആൺ കരടിയാണ്.തൊട്ടടുത്തുള്ള പൈൻകാടുകളിൽ നിന്നാണ് കരടിയിറങ്ങിയതെന്ന് വനപാലകർ പറഞ്ഞു. കരടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച ശേഷം മുതുമല കടുവാ സങ്കേതത്തിൽ തുറന്നു വിട്ടു.