ADVERTISEMENT

വനമേഖലയിൽ തീറ്റയും വെള്ളവുമില്ല; ഇര തേടി അതിർത്തി പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം. കേരള - തമിഴ്നാട് അതിർത്തി വനമേഖലയിലും തോട്ടം മേഖലയിലുമാണു വന്യമൃഗങ്ങളുടെ ശല്യം. പുലിയടക്കമുള്ള മൃഗങ്ങൾ കാടിറങ്ങി ജനവാസ മേഖലയിൽ എത്തുന്നതായി നാട്ടുകാർ പറയുന്നു.

വനമേഖലയിൽ വരൾച്ച കടുത്തതോടെ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിക്കുകയും അവ ആഹാരവും വെള്ളവും തേടി ചുറ്റുമുള്ള നാട്ടിലേക്കിറങ്ങുകയുമാണ്. കാട്ടുപന്നി, കാട്ടുപൂച്ച, കുരങ്ങ്, ഇഴജന്തുക്കൾ, കേഴമാൻ എന്നി മൃഗങ്ങളാണ് കാടു വിട്ടിറങ്ങുന്നത്. കൃഷിയിടങ്ങളിൽ ഏറ്റവും ശല്യമുണ്ടാക്കുന്നത് കാട്ടുപന്നിക്കൂട്ടമാണ്. വിളകൾ തിന്നു നശിപ്പിച്ച ശേഷം ഇവ കൃഷിയിടത്തിൽ തന്നെ തമ്പടിക്കുകയാണ്. കുരങ്ങിന്റെ കൂട്ടം തമിഴ്നാട് വനത്തിൽ നിന്നാണ് എത്തുന്നത്. അതിനാൽ അതിർത്തി മേഖലകളിലാണ് വാനരക്കൂട്ടത്തിന്റെ ശല്യമുള്ളത്. പഴവർഗങ്ങൾ അടക്കം വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുമായി വാനരസംഘം കടക്കും.

elephants

കഴിഞ്ഞ ദിവസങ്ങളിൽ വനമേഖലയിൽ കാട്ടുതീ പതിവായിരുന്നു. മനഃപൂർവം തീപ്പെട്ടിക്കൊള്ളി കത്തിച്ചിടുക, സിഗരറ്റിന്റെയും ബീഡിയുടെയും കുറ്റികൾ കെടുത്താതെ കാട്ടിൽ അലക്ഷ്യമായി വലിച്ചെറിയുക, വനം കയ്യേറ്റം പിടിക്കപ്പെടാതിരിക്കാൻ മനഃപൂർവം തീയിടുക തുടങ്ങിയവയാണ് 99 % തീപിടിത്തത്തിന്റെയും കാരണങ്ങൾ. തീപിടിത്തം കഴിയുമ്പോൾ വനത്തിനുള്ളിൽ തീറ്റയും വെള്ളവും പൂർണമായും ഇല്ലാതാകുകയാണ്.

ശക്തന്മാരായ മറ്റു മൃഗങ്ങളുമായുണ്ടാകുന്ന ഏറ്റുമുട്ടലിൽ ഏൽക്കുന്ന പരുക്കുകൾ, പ്രായാധിക്യം മൂലം പല്ല്, നഖങ്ങൾ എന്നിവയ്ക്കേൽക്കുന്ന ക്ഷതങ്ങൾ, വേഗവും കരുത്തും കുറയൽ മുതലായ കാരണങ്ങളാൽ പുലികൾക്കും മറ്റും വനത്തിനുള്ളിൽ ഇര തേടിപ്പിടിക്കാൻ വയ്യാതെയാവുന്നു. അതോടെ അവയും നാട്ടിലേക്കിറങ്ങും. സമീപകാലത്തു കേരള - തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടിൽ പുലി ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് വനമേഖലയിൽ വൻ തോതിൽ കാട്ടുതീ പടർന്ന ശേഷമാണ് വന്യമൃഗശല്യം രൂക്ഷമായത്.

പുണ്യനീരുമായി കർഷകർ

വരൾച്ച രൂക്ഷമായതോടെ പക്ഷികൾക്കും ചെറു മൃഗങ്ങൾക്കും കൃഷിയിടങ്ങളിൽ വെള്ളം കരുതി കർഷകർ. പറമ്പുകളിൽ ചെറിയ പാത്രങ്ങളിലും മറ്റുമാണ് വെള്ളം കരുതുന്നത്. പക്ഷികളും മറ്റു ചെറിയ മൃഗങ്ങളും ഈ വെള്ളം കുടിച്ച് ഇതിൽ കുളിയും കഴിഞ്ഞാണ് മടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com