ADVERTISEMENT

നാട്ടുകാരെ ആശങ്കയിലാക്കി പുൽപള്ളി ജനവാസകേന്ദ്രത്തിൽ തമ്പടിച്ച കടുവയെ വനപാലകർ കാടു കയറ്റി. ഇന്നലെ രാവിലെ 8ന് കടുവയെ കണ്ടെത്തുകയും പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ പത്തോടെ വനത്തിലേക്ക് തെളിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാറക്കടവ് അങ്ങാടിക്കു സമീപത്തെ കൃഷിയിടത്തിൽ കടുവയെ നാട്ടുകാർ ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ കടുവയെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും വനംവകുപ്പ് ആസ്ഥാനത്തു നിന്ന് അനുമതി ലഭിക്കാത്തതിനാൽ നടപടികൾ വൈകി.

രാത്രി സ്ഥലത്ത് കാവലേർപ്പെടുത്തുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.  രാത്രി കടുവ വനത്തിലേക്ക് മടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രാത്രി പരിസര പ്രദേശങ്ങളിലൂടെ ചുറ്റിയ കടുവ പുലർച്ചെ കാപ്പിപ്പാടി കോളനിയിലെ മിനിയുടെ ആടിനെ പിടിച്ച് വണ്ടിക്കടവ് ഭാഗത്തേക്കു നീങ്ങി. കടുവയുടെ നീക്കങ്ങൾ ശ്രദ്ധിക്കാൻ വനത്തിൽ ക്യാമറ സ്ഥാപിക്കും. കടുവയുടെ ആരോഗ്യം ശോഷിച്ചിട്ടുണ്ടെന്നും വേഗത്തിൽ സഞ്ചരിക്കാൻ പ്രയാസമുണ്ടെന്നും വനപാലകർ പറഞ്ഞു

മടക്കം പുലർച്ചെ വരെ നാട്ടിൽ കറങ്ങിയ ശേഷം

നാടിനെ വിറപ്പിച്ച കടുവയെ ഒടുവിൽ കാടുകയറ്റി. ചൊവ്വാഴ്ച പാറക്കടവ് അങ്ങാടിക്കു സമീപം ജനവാസകേന്ദ്രത്തിൽ കണ്ടെത്തിയ കടുവയെ ഇന്നലെ രാവിലെ തുടങ്ങിയ ശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടെയാണു കാടു കയറ്റിയത്. വണ്ടിക്കടവിന് മുകൾ ഭാഗത്ത് കൂടി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടുവ കയറിപ്പോയി. 

Forest Officials
വണ്ടിക്കടവ് വനാതിർത്തിയിലെ തോട്ടത്തിൽ തമ്പടിച്ച കടുവയെ സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം നിരീക്ഷിക്കുന്നു.

രണ്ട് മണിക്കൂറിന് ശേഷം കടുവ കർണാടക അതിർത്തിയിലെത്തിയതായി തിരച്ചിൽ സംഘം കണ്ടെത്തി. കടുവയുടെ നീക്കങ്ങൾ ശ്രദ്ധിക്കാൻ വനത്തിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചു. കടുവയുടെ ആരോഗ്യം ശോഷിച്ചിട്ടുണ്ടെന്നും വേഗത്തിൽ സഞ്ചരിക്കാൻ പ്രയാസമുണ്ടെന്നും വനപാലകർ പറഞ്ഞു. പലേടത്തും നിന്ന് വിശ്രമിച്ചാണ് വനത്തിലേക്കു കയറിയത്.

ചൊവ്വാഴ്ച രാത്രി വരെ പാറക്കടവിൽ തോടിന്റെ കരയിലെ കൃഷിയിടത്തിൽ പതുങ്ങിയ കടുവ ബഹളം ശമിച്ചതോടെ ഇരതേടി നാട്ടിലലഞ്ഞു. രാത്രി പല ദിക്കിലേക്കും കടുവ മാറി. കാപ്പിസെറ്റിനടുത്തുവരെ എത്തിയ ശേഷമാണ് കാപ്പിപ്പാടി കോളനിയിലെ മിനിയുടെ ആടിനെ പിടിച്ച് കുന്നിലെ പൊന്തക്കാട്ടിലേക്ക് മാറിയത്. 

തറയിൽ കുര്യന്റെ തോട്ടത്തിൽ രാവിലെ 8ന് കടുവയെ തിരച്ചിൽ സംഘം കണ്ടെത്തി. വിവരമറിഞ്ഞ് കൂടുതൽ വനപാലകർ സ്ഥലത്തെത്തി. നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. ചെതലയം റേഞ്ച് ഓഫിസർ വി.രതീശന്റെ നേതൃത്വത്തിൽ പത്തംഗ ദൗത്യസംഘമാണ് കടുവയെ പിന്തുടർന്നത്. 12 മണിക്ക് കന്നാരംപുഴ കടന്ന് കടുവ വനത്തിലേക്ക് കയറി.

വനപാലകർക്കും ആശ്വാസം

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജനങ്ങളിൽ നിന്ന് പ്രതിഷേധ സ്വരമുയർന്നതോടെ വെട്ടിലായ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആശങ്കയോടെയാണ് അടുത്ത പകൽ ആരംഭിച്ചത്. ഇന്നലെ പുലർച്ചെ കാപ്പിപ്പാടി കോളനിയിൽ നിന്ന് ആടിനെ പിടിച്ചുവെന്നറിഞ്ഞതോടെ ഇവരുടെ ആശങ്കയും വർധിച്ചു. കടുവ നാട്ടിൽ തുടർന്നാലുണ്ടായേക്കാവുന്ന പ്രതിഷേധവും ബഹളവുമായിരുന്നു ഉദ്യോഗസ്ഥരെ അലട്ടിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നടപടികളിലേക്ക് നീങ്ങിയെങ്കിലും അതൊന്നും ഫലവത്തായില്ല.

ഇന്നലെ എട്ടിനാരംഭിച്ച കാട് കടത്തൽ ഓപ്പറേഷൻ നാല് മണിക്കൂറിനുള്ളിൽ പൂർത്തീകരിക്കാനായതും ഭാഗ്യമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൗത്ത് വയനാട് ഡിഎഫ്ഒ. പി. രഞ്ജിത് കുമാർ, റേഞ്ച് ഓഫിസർമാരായ വി.രതീശൻ, പി. രതീശൻ, കെ.ബാബുരാജ്, കെ.ജെ.ജോസ്, പ്രദീപ് കുമാർ ഡെപ്യുട്ടി റേഞ്ച് ഓഫിസർമാരായ ടി. ശശികുമാർ, എൻ.രൂപേഷ് കുമാർ, ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഡിവിഷനിലെയും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും, ബയോളജിസ്റ്റുകളായ വിഷ്ണു, ഹുസൈൻ എന്നിവരും  സംഘത്തിലുണ്ടായിരുന്നു.

കർണാടക വനംവകുപ്പിന് അതൃപ്തി 

നാട്ടിലിറങ്ങിയ കടുവയെ കർണാടക വനത്തിലേക്ക് ഓടിച്ചുവിട്ടുവെന്ന പരാതിയുമായി കർണാടക വനംവകുപ്പ്. അവശ നിലയിലുള്ള കടുവ തങ്ങളുടെ വനപ്രദേശത്ത് ചത്താൽ തങ്ങളാണ് കുടുങ്ങുകയെന്നാണ് അവരുടെ പരാതി. ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ഗുണ്ടറ, ബേഗൂർ റേഞ്ചുകളുടെ അതിർത്തിയിലേക്കാണ് കടുവ പ്രവേശിച്ചത്. അവിടുത്തെ വനപാലകരും കടുവയെ നിരീക്ഷിക്കുന്നുണ്ട്.

എന്നാൽ കടുവയെ വയനാട് വന്യജീവി സങ്കേതത്തിലേക്കാണ് തുരത്തിയതെന്നും അതിർത്തി കടന്നത് യാദൃശ്ചികമായിട്ടാവാമെന്നും കേരള വനംവകുപ്പ് വ്യക്തമാക്കി. വനം കൺസർവേറ്ററാണ് കേരളത്തിലെ ഉന്നത വനപാലകരെ തങ്ങളുടെ പരാതി അറിയിച്ചത്. കടുവയെ നിരീക്ഷിക്കുന്നുണ്ടെന്നും നീക്കങ്ങളറിയാൻ ഇന്ന് തന്നെ ക്യാമറ സ്ഥാപിക്കുമെന്നും രോഗമോ, മറ്റ് അവശതകളോ കണ്ടെത്തിയാൽ കൂട് സ്ഥാപിച്ച് പിടിച്ച് ചികിത്സ നൽകുമെന്നും കർണാടക വനംവകുപ്പിന് ഉറപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com