ആനക്കുട്ടിയെ പതുങ്ങിയിരുന്ന് ആക്രമിച്ച സിംഹങ്ങൾ; പിന്നീട് സംഭവിച്ചത്?
Mail This Article
പുൽമേടുകളിലൂടെ കടന്നു പോകുകയായിരുന്നു ആ ആനക്കൂട്ടം. പുല്ലിനിടയിൽ സിംഹക്കൂട്ടം പതുങ്ങിയിരുന്നതൊന്നും ആനക്കൂട്ടം ശ്രദ്ധിച്ചില്ല. കാരണം ആനക്കൂട്ടത്തെ ആക്രമിക്കാനുള്ള ധൈര്യമൊന്നും സിംഹങ്ങൾക്ക് ഇല്ല എന്ന ഉറപ്പാണ്. കൂട്ടമായി സഞ്ചരിക്കുന്ന ആനകളെ സിംഹങ്ങളെന്നല്ല ഒരു ജീവികളും ആക്രമിക്കാൻ മുതിരാറില്ല.
എന്നാൽ ഈ പുൽമേടുകളിൽ മറഞ്ഞിരുന്ന സിംഹിണികളും കുട്ടികളും ഉൾപ്പെടുന്ന സംഘം ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് പതുങ്ങിയിരുന്നത്. ആനക്കൂട്ടത്തിനൊപ്പമുള്ള കുട്ടിയാനകളിലൊന്നായിരുന്നു സിംഹക്കൂട്ടത്തിന്റെ ലക്ഷ്യം. ആനക്കൂട്ടം കടന്നു പോയതോടെ അൽപം പിന്നിലായി നടന്നുവന്ന കുട്ടിയാനയെ കൂട്ടത്തിലുള്ള മുതിർന്ന സിംഹങ്ങൾ നോട്ടമിട്ടു.ആനക്കൂട്ടം മുന്നോട്ട് നീങ്ങിയ തക്കത്തിന് വെറും 20 മീറ്റർ മാത്രം പിന്നിലായിരുന്ന ആനക്കുട്ടിയുടെ മേൽ ചാടിവീണ് ആക്രമിച്ചു. പിന്നാലെ മറ്റൊരു മുതിർന്ന സിംഹിണിയും ആനക്കുട്ടിയെ ആക്രമിക്കാൻ കൂട്ടായെത്തി. ആനക്കുട്ടിയെ ഒറ്റയടിക്ക് അടിച്ചു വീഴ്ത്താൻ സിംഹങ്ങൾ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടു. ഇതാണ് സിംഹങ്ങൾക്ക് വിനയായതും.
സിംഹിണികളുടെ ആക്രമണത്തിൽ ഭയന്ന ആനക്കുട്ടിയുടെ കരച്ചിൽ കേട്ട് പെട്ടെന്ന് ആനക്കൂട്ടം തിരിഞ്ഞു. ആനക്കുട്ടിയെ ആക്രമിക്കുന്ന സിംഹങ്ങൾക്കു നേരെ ആനക്കൂട്ടമെത്തിയതോടെ സിംഹങ്ങൾ സ്ഥലം കാലിയാക്കി. സിംഹങ്ങളുടെ പിടിയിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ട ആനക്കുട്ടി മുതിർന്ന ആനകൾ തീർത്ത സംരക്ഷണ വലയത്തിലാണ് പിന്നീട് നീങ്ങിയത്.
ബോട്സ്വാനയിലെ ഷോബെ നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. യുകെയിലെ ഫൊട്ടോഗ്രഫറായ ജെയിംസ് ജിഫോർഡാണ് ഈ ദൃശ്യങ്ങൾ നേരിൽ കണ്ടതും ചിത്രങ്ങൾ പകർത്തിയതും. സിംഹക്കൂട്ടം വേട്ടയാടുന്നതു പകർത്താനായി ഇവയെ പിന്തുടരുന്നതിനിടയിലാണ് അപൂർവ രംഗങ്ങൾ വീണുകിട്ടിയതെന്ന് ജെയിംസ് ജിഫോർഡ് വ്യക്തമാക്കി.