വേട്ടക്കാർ കൊന്നു തള്ളിയ അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന കുഞ്ഞ് കാണ്ടാമൃഗം; ദൃശ്യങ്ങൾ
Mail This Article
വേട്ടക്കാർ കൊമ്പിനു വേണ്ടി കൊന്നു തള്ളിയ അമ്മയെ വിളിച്ചുണർത്താൻശ്രമിക്കുന്ന കുഞ്ഞു കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. കഴിഞ്ഞ വർഷം സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്നു പകർത്തിയ ദൃശ്യങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
ജീവൻ നഷ്ടപ്പെട്ട അമ്മയ്ക്കു ചുറ്റും ഓടിനടക്കുന്ന കുഞ്ഞു കാണ്ടാമൃഗമാണ് ദൃശ്യങ്ങളിലുള്ളത്. ചില അവസരങ്ങളിൽ അമ്മയുടെ ശരീരത്തിൽ തട്ടി എഴുന്നേൽപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കൊമ്പിനു വേണ്ടി കൊന്നു തള്ളുന്നവർ ആനാഥമാകുന്ന ഈ ബാല്യങ്ങളെക്കുറിച്ചോർക്കാറില്ല. 2018 ഫെബ്രുവരിയിലാണ് സൗത്ത് ആഫ്രിക്കയിലെ നാഷണൽ പാർക്കിൽ ജീവനറ്റ നിലയിൽ കാണ്ടാമൃഗത്തെയും അരികിലായി കുഞ്ഞിനെയും അധികൃതർ കണ്ടെത്തിയത്. കുഞ്ഞിനെ പിന്നീട് അനാഥരാക്കപ്പെട്ട കാണ്ടാമൃഗ കുഞ്ഞുങ്ങൾക്കായുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഷാർലറ്റ് എന്ന പേരാണ് ഈ കുഞ്ഞ് കാണ്ടാമൃഗത്തിനു നൽകിയിരിക്കുന്നത്.
സേവ് ദി റൈനോ എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ 80 ശതമാനം കാണ്ടാമൃഗങ്ങളും ആഫ്രിക്കൻ വനാന്തരങ്ങളിലാണുള്ളത്. അതുകൊണ്ട് തന്നെ കാണ്ടാമൃഗ വേട്ട് കൂടുതലുള്ളതും ഇവിടെയാണ്. കഴിഞ്ഞ വർഷം മാത്രം 769 കാണ്ടാമൃഗ വേട്ടയാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.