കാട്ടുപോത്തുകൾ കൂട്ടമായി നാട്ടിലേക്ക്; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ!
Mail This Article
നീലഗിരിയിലെ ജനജീവിതത്തിനു ഭീഷണിയായി കാട്ടുപോത്തുകൾ കാടിറങ്ങുകയാണ്. നാടൻപോത്തുകൾ മേയുന്ന പോലെ കാട്ടുപോത്തുകൾ നാട്ടിൽ മേഞ്ഞുനടക്കുന്നു. കൂനൂർ, കോത്തഗിരി, ഊട്ടി കുന്താ താലൂക്കുകളിലാണ് കാട്ടുപോത്തുകൾ നാട്ടിൽ വിലസുന്നത്. 10 വർഷങ്ങൾക്ക് മുൻപ് ഘോര വനങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന കാട്ടുപോത്തുകൾ മനുഷ്യവാസ മേഖലകളിലേക്ക് ചേക്കേറിയതോടെ നഷ്ടമായത് ഒട്ടേറെ മനുഷ്യ ജീവനാണ്.
കഴിഞ്ഞ വർഷം മാത്രം 7 പേർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു. 2 വർഷം മുൻപ് കൂനൂർ സിംസ് പാർക്കിൽ സഞ്ചാരിയായ യുവതി കാട്ടുപോത്തിന്റെ കലിക്കിരയായി. കോത്തഗിരി ഭാഗത്തുള്ള തേയിലത്തോട്ടങ്ങളിൽ കാട്ടുപോത്തുകൾ മേയുന്നത് സ്ഥിരമായ കാഴ്ചയാണ്.
കൂനൂരിൽ വീടിന്റെ അടുക്കള വാതിൽ തുറന്നാൽ മുക്രയിട്ടു നിൽക്കുന്ന കാട്ടുപോത്തിനെയാണു കാണുന്നത്. കന്നുകാലികൾക്കൊപ്പം തൊഴുത്തിൽ കയറി കാടിവെള്ളം കുടിക്കും. ചിലപ്പോൾ ഉറക്കവും തൊഴുത്തിലായിരിക്കും. കൂനൂർ, കോത്തഗിരി ഭാഗങ്ങളിൽ നടപ്പാതകളിൽ പോലും അലസമായി മേയുന്ന കാട്ടു പോത്തുകൾ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. രാവിലെ കുട്ടികളെ സ്കൂളിൽ രക്ഷിതാക്കളുടെ അകമ്പടിയോടെ കൊണ്ടു പോയി വിടണം.
ഇവിടെ മനഷ്യരുടെ ദൈനംദിന ജീവിത ചര്യകളിലും മാറ്റങ്ങൾ വന്നു. പ്രഭാത സവാരി മുടങ്ങി. കഴിവതും വാഹനങ്ങളിലായി യാത്ര കർഷകർ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു തുടങ്ങി. ഇടവഴികളിലെപ്പോഴും കാട്ടുപോത്തുകളെ പ്രതീക്ഷിക്കാം. കൂനൂർ- കോത്തഗിരി റോഡിൽ കാഴ്ച നഷ്ടപ്പെട്ട ഒരു കാട്ടുപോത്ത് അലഞ്ഞു നടന്നിരുന്നു.കൃഷിയിടങ്ങളിലെ വെള്ളക്കുഴികളിൽ ഈ മൃഗങ്ങൾ അപകടത്തിൽ പെടുന്നതും സാധാരണ സംഭവമായി മാറി. ജനവാസകേന്ദ്രങ്ങളിലിറങ്ങി ശീലിച്ച കാട്ടു പോത്തുകളുടെ കൂട്ടമാണ് സ്ഥിരമായി നാട്ടിലെത്തുന്നത് മനുഷ്യരുടെ ഭക്ഷണാവശിഷ്ടങ്ങളും വിളകളും തിന്നതോടെ കാടുമടുത്തു.
പുതിയ രുചിക്കൂട്ട് തേടിയാണ് പോത്തുകൾ നാട്ടിലിറങ്ങുന്നത്. കാടുകളിൽ തീറ്റ കുറഞ്ഞതും വരൾച്ചയും പോത്തുകളുടെ എണ്ണം പെരുകിവരുന്നതും കാരണങ്ങളായി. വെളുത്ത സോക്സ് ധരിച്ച കാലുകളും ചെത്തിമിനുക്കിയ കൂർത്ത കൊമ്പുകൾ എണ്ണ തേച്ച് മസിൽ പൊന്തിയ ശരീരവും ക്രൗര്യ ഭാവം നിറഞ്ഞ വെള്ളി കണ്ണുകളും ഗ്രാമീണർ സ്വപ്നത്തിൽ പോലും ഭയപ്പെടുന്നു.