ADVERTISEMENT

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ് കിളിമാഞ്ചാരോ. മധ്യആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്ന കിളിമാഞ്ചാരോയുടെ താഴ്‌വാര മേഖല ലോകത്തിലെ തന്നെ ഏറ്റവും അപൂര്‍വമായി കാണപ്പെടുന്ന ചിലയിനം ജീവികളുടെ വാസസ്ഥലം കൂടിയാണ്. ജര്‍മനിയിലെ വെര്‍സ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് കിളിമാഞ്ചാരോയുടെ വിവിധ പ്രദേശങ്ങളിൽ 66 ക്യാമറകള്‍ സ്ഥാപിച്ച് ഈ ജീവികളുടെ ദൃശ്യം പകര്‍ത്തിയത്. പല ജീവികളുടെയും വിഡിയോ ദൃശ്യങ്ങള്‍ ലഭിക്കുന്നതും ചില ജീവികള്‍ ക്യാമറയില്‍ പതിയുന്നതും ഇതാദ്യമായാണ്. 

അബോട്ട് ഡ്യൂക്കര്‍

അബോട്ട് ഡ്യൂക്കര്‍ എന്നത് കിളിമാഞ്ചാരോ മേഖലയില്‍ മാത്രം കാണപ്പെടുന്ന ഒരിനം മാന്‍ വര്‍ഗമാണ്. ഇതിന് മുന്‍പ് 2003 ല്‍ മാത്രമാണ് ഈ ജീവിയെ ഗവേഷകര്‍ക്ക് ചിത്രീകരിക്കാന്‍ സാധിച്ചത്. അന്ന് ഈ മാനിന്‍റെ നിശ്ചല ദൃശ്യങ്ങളായിരുന്നു ക്യാമറയില്‍ പകര്‍ത്തിയത്. എന്നാല്‍ ഇക്കുറി 13 ഇടങ്ങളിലാണ് ഈ മാന്‍ ക്യാമറയ്ക്കു മുന്നിലെത്തി. അങ്ങനെ ഇതാദ്യമായി ഈ മാനിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. വയലറ്റ് കലര്‍ന്ന കറുപ്പു നിറമുള്ള ഈ മാന്‍ സവിശേഷ ജനിതക വിഭാഗമാണെന്ന് ഗവേഷകരുടെ നിഗമനം. 

നിലവില്‍ ഐയുസിഎന്നിന്‍റെ വംശനാശ പട്ടികയിലുള്ള ജീവിയാണ് അബോട്ട് ഡ്യൂക്കര്‍. പക്ഷേ ഈ ജീവികള്‍ അവയുടെ ആവാസമേഖലയുടെ പരിമിതികള്‍ കണക്കിലെടുത്താല്‍ ആരോഗ്യകരമായ സ്ഥിതിയിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഏതാണ്ട് 1500 ഓളം അബോട്ട് ഡ്യൂല്‍കര്‍ മാനുകളാണ് കിളിമാഞ്ചാരോ താഴ്‌വരയിലുള്ളതെന്നാണ് കരുതുന്നത്. അബോട്ട് ഡ്യൂക്കര്‍ മാനുകള്‍ പൊതുവെ നിശാസഞ്ചാരികളാണെന്നും ക്യാമറ ദൃശ്യങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഇതുകൊണ്ടാണ് വനമേഖലയില്‍ പഠനം നടത്തുന്ന ഗവേഷകര്‍ക്ക് മാനിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ പ്രയാസം നേരിടുന്നതും.

അബോട്ട് മാനുകളെക്കുറിച്ച് അത്രയധികം വിവരങ്ങളൊന്നും ഗവേഷകര്‍ക്കും ലഭ്യമല്ല. ഡ്യൂക്കര്‍ ഇനത്തില്‍ പെട്ട മറ്റ് മാനുകളുടെ സ്വഭാവ വിശേഷങ്ങളെ അടിസ്ഥാനമാക്കിയാണ് അബോട്ട് മാനുകളുടെ ജീവിതശൈലി, ഭക്ഷ്യരീതി എന്നിവയെക്കുറിച്ചുള്ള നിഗമനത്തില്‍ ഗവേഷകരെത്തിയത്. ഇപ്പോള്‍ ലഭിച്ച വിഡിയോ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതോടെ അബോട്ട് മാനുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. 

മിശ്രഭോജിയായ മാന്‍

മറ്റ് മാനുകളെപ്പോലം അബോട്ടുകളും സസ്യഭോജികളാണെന്ന ശാസ്ത്രലോകത്തിന്‍റെ ധാരണ മാറ്റുന്ന ചില ദൃശ്യങ്ങളും ഈ ക്യാമറകളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. മറ്റ് ദൃശ്യങ്ങളിലെല്ലാം മാനുകള്‍ പുല്ലോ ചെടികളോ തിന്നുന്നതാണുള്ളതെങ്കിലും ഒരു ക്യാമറ ദൃശ്യത്തിലെ മാനിന്‍റെ വായില്‍ തവളയെ കണ്ടെത്തുകയുണ്ടായി. ഇത് ഭക്ഷിക്കാനായി ഈ മാന്‍ പിടികൂടിയതാണോ എന്ന കാര്യം ഇതുവരെ തീര്‍ച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഈ മാന്‍ സസ്യഭോജിയാണെന്ന് ഉറപ്പിക്കുന്നതിന് കൂടുതല്‍ പഠനം വേണ്ടിവരുമെന്ന സൂചനയാണ് ഈ ദൃശ്യം നല്‍കുന്നത്. ഈ ദൃശ്യത്തെ അടിസ്ഥാനമാക്കി തന്നെ മാനിനെ മിശ്രഭോജിയായി കണക്കാക്കാമെന്നു വാദിക്കുന്ന ഗവേഷകരും ഉണ്ട്. 

മറ്റ് ജീവികള്‍

അബോട്ട്സ് ഡ്യൂല്‍ക്കറിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ പഠനത്തിലെ ശ്രദ്ധാകേന്ദ്രം അങ്ങോട്ടു തിരിഞ്ഞെങ്കിലും മറ്റ് 22 അപൂര്‍വ ജീവികള്‍ കൂടി ഗവേഷകരുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. കുള്ളന്‍ കാട്ടുപന്നി, മുള്ളന്‍ പന്നി, മഞ്ഞ ബബൂണ്‍ കുരങ്ങുകള്‍, സാന്‍സിബാര്‍ കുരങ്ങ് തുടങ്ങിയവയാണ് ക്യാമറയില്‍ പ്രത്യക്ഷപ്പെട്ട മറ്റു ജീവികള്‍. ഇവയെ കൂടാതെ ശരീരം മുഴുവന്‍ കറുത്ത നിറവും കൂര്‍ത്ത ചെവികളുമുള്ള കുറുക്കനോളം വലുപ്പമുള്ള കാട്ടു പൂച്ചകളെയും ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തി. സെര്‍വല്‍ ക്യാറ്റ് ഇനത്തില്‍ പെട്ട ഈ പൂച്ചകള്‍ കരിമ്പുലികളെ ഓര്‍മിപ്പിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com