തടാകത്തിൽ നിന്ന് പിടികൂടിയത് രണ്ട് വായയുള്ള മത്സ്യത്തെ; ദമ്പതികളെ വിസ്മയപ്പിച്ച് അപൂർവ മത്സ്യം!
Mail This Article
ഭർത്താവുമൊത്ത് തടാകത്തിൽ മീൻപിടിക്കാനെത്തിയതായിരുന്നു ന്യൂയോർക്ക് സ്വദേശിനിയായ െഡബ്ബി ഗെഡ്ഡെസ്. എന്നാൽ പതിവുപോലെ മീൻ പിടക്കാനെത്തിയ ഡെബ്ബിയെ കാത്തിരുന്നത് വലിയൊരു അദ്ഭുതമായിരുന്നു. ചൂണ്ടയിൽ കുരുങ്ങിയ അപൂർവ മത്സ്യമാണ് ദമ്പതികളെ അമ്പരപ്പിച്ചത്. രണ്ട് വായയുള്ള മത്സ്യമാണ് ഇവരെ ഞെട്ടിച്ചത്.
ലേക്ക് ട്രൗട്ട് എന്ന ശുദ്ധജല മത്സ്യമായിരുന്നു ഇത്. രണ്ട് വായകളുള്ള ഈ മത്സ്യത്തിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം ഇരുവരും അതിനെ തടാകത്തിലേക്ക് തന്നെ തിരിച്ചുവിട്ടു. രണ്ട് വായകളുണ്ടെങ്കിലും മത്സ്യത്തിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉള്ളതായി തോന്നിയില്ലെന്നും ഡെബ്ബി വ്യക്തമാക്കി.
ഡെബ്ബി പകർത്തിയ ഈ ചിത്രങ്ങൾ നോട്ടി ബോയ്സ് ഫിഷിങ്ങിന്റെ ഒൗദ്യോഗിക ഫേയ്സ് ബുക്ക് പേജിൽ പങ്കു വച്ചതോടെ ചിത്രം സംസാരവിഷയമായി. ആറായിരത്തിലധികം ആളുകൾ ഈ ചിത്രങ്ങൾ പങ്കുവച്ചു. ജനിതകപരമായ വൈകല്യമാകാം മീനിന്റെ ഈ അവസ്ഥയ്ക്ക് കാരമെന്നാണ് ഗവേഷകരുടെ നിഗമനം.എന്തായാലും സമൂഹമാധ്യമങ്ങൾ അപൂർവ മത്സ്യത്തിന്റെ ചിത്രം ആഘോഷമാക്കിയിരിക്കുകയാണ്.